ഈ നാരായണദാസിനെ അറിയില്ല, വൈരാഗ്യത്തിന്റെ കാര്യവുമില്ല; പിന്നെ എന്തിനിത് ചെയ്തു?: ഷീല സണ്ണി
Mail This Article
‘‘ചെയ്യാത്ത കുറ്റത്തിനു വേട്ടയാടപ്പെടാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. 2023 ഫെബ്രുവരി 27ന് ആയിരുന്നു ജീവിതത്തിലെ ആ ശപിക്കപ്പെട്ട നിമിഷം. ഒരു വർഷത്തിനിപ്പുറം കാര്യങ്ങൾ കലങ്ങിത്തെളിയുന്നത് ദൈവാനുഗ്രഹമെന്നു മാത്രമേ പറയാനുള്ളൂ’’– മാരക ലഹരിമരുന്നായ എൽഎസ്‌ഡിയുടെ സ്റ്റാംപ് കൈവശം വച്ചെന്ന വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിൽ 72 ദിവസം ജയിലിൽ കഴിയേണ്ടി വന്ന ഷീല സണ്ണി പറയുന്നു.
Read More At: ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ കുടുക്കിയ ആളെ കണ്ടെത്തി; ഷീല ജയിലിൽ കിടന്നത് 72 ദിവസം
ഷീലയുടെ സ്കൂട്ടറിൽ എൽഎസ്ഡി സ്റ്റാംപ് ഒളിപ്പിച്ചിട്ടുണ്ടെന്ന് എക്സൈസിനു വ്യാജവിവരം നൽകിയത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, മനോരമ ഓൺലൈനോട് പ്രതികരിക്കുകയായിരുന്നു അവർ.
∙ നാരായണദാസിനെ നേരത്തേ പരിചയമുണ്ടോ?
മകന്റെ ഭാര്യയുടെ അനുജത്തി ലിവിയയുടെ സുഹൃത്താണ് നാരായണ ദാസെന്ന് മാത്രമേ അറിയൂ. ബെംഗളൂരുവിൽവച്ചാണ് ഇരുവരും പരിചയക്കാരായതെന്നാണ് അറിഞ്ഞത്. നാരായണ ദാസ് എന്നയാളെ നേരത്തേ കണ്ടിട്ടോ കേട്ടിട്ടോയില്ല. ലിവിയ ബെംഗളൂരുവിലാണ് താമസം. എന്നോട് വൈരാഗ്യം തോന്നാനും കേസിൽ കുടുക്കാനും തക്ക പ്രശ്നങ്ങളൊന്നും മരുമകളുടെ അനിയത്തിയുമായി ഉണ്ടായിട്ടില്ല.
ഒന്നര വർഷമായിട്ടേയുളളൂ മകന്റെ വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ രണ്ടോ മൂന്നോ തവണ ലിവിയ വീട്ടിൽ വന്നിരുന്നു. അന്നെല്ലാം വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞിരുന്നത്. അവരുമായി ഒരിക്കലും മുഷിഞ്ഞു സംസാരിക്കുകയോ മറ്റോ ഉണ്ടായിട്ടില്ല. എന്നോട് വിരോധമുള്ള മറ്റാർക്കോ വേണ്ടി ചെയ്തതതാവുമെന്നാണ് കരുതുന്നത്.
എന്റെ ബാഗിൽനിന്ന് എക്സൈസ് ലഹരിമരുന്നു സ്റ്റാംപ് കണ്ടെത്തിയപ്പോൾ മകനെ വിളിച്ചുവരുത്തിയിരുന്നു. അതിനു പിന്നിൽ മരുമകളുടെ അനിയത്തിയാകുമെന്ന് ആദ്യം സംശയം പറഞ്ഞത് മകനാണ്. പക്ഷേ പിന്നീട് മകനും കുടുംബവും ഞങ്ങളോടു സംസാരിക്കാതെയായി. കേസിനു മുൻപ് ഞാനും മകനും മരുമകളും ഒന്നിച്ചായിരുന്നു താമസം. ഇപ്പോൾ ഞാനും ഭർത്താവും വേറെ വീട്ടിലേക്കു മാറി.
∙ കേസിന്റെ പുരോഗതി അന്വേഷണ ഉദ്യോഗസ്ഥർ അറിയിക്കാറില്ലേ?
ഇടയ്ക്കിടെ ഭർത്താവ് അങ്ങോട്ടു വിളിച്ച് അന്വേഷിക്കുമ്പോഴാണ് കേസിന്റെ വിവരങ്ങൾ അറിയുന്നത്. നാരായണദാസ് എന്നയാളെ തിരിച്ചറിഞ്ഞതായി രാവിലെ വാർത്തയിൽ കണ്ട് അന്വേഷിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്.
∙ എന്തായിരുന്നു അന്ന് സംഭവിച്ചത്?
ചാലക്കുടിയിൽ ഷീസ്റ്റൈൽ എന്ന ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു ഞാൻ. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും സത്യസന്ധമായിത്തന്നെയാണ് ജീവിച്ചിരുന്നത്. 2023 ഫെബ്രുവരി 27 ന് പതിവുപോലെ സ്കൂട്ടറിൽ പാർലറിലെത്തി. വൈകിട്ട് നാലരയോടെ ചാലക്കുടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പാർലറിലെത്തി. എന്റെ പക്കൽ ലഹരിമരുന്നുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും സ്കൂട്ടറും ബാഗുമടക്കം പരിശോധിക്കണമെന്നും പറഞ്ഞു
മനസ്സറിവില്ലാത്ത കാര്യമാണല്ലോ, പരിശോധിച്ചാലും ഒന്നുമുണ്ടാവില്ലെന്ന ആത്മവിശ്വാസമുണ്ടായിരുന്നു എനിക്ക്. പക്ഷേ ബാഗിന്റെ അറയിൽനിന്ന് ഒരു കവർ പുറത്തെടുക്കുന്നതു കണ്ടതോടെ അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലായി. ലഹരി സ്റ്റാംപാണ് അതെന്ന് എക്സൈസുകാർ തമ്മിൽ പറയുന്നതു കേട്ടു. മരവിച്ച അവസ്ഥയായിരുന്നു. അങ്ങനെയൊന്നു സംഭവിക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതുന്നില്ലല്ലോ. സിനിമാക്കഥ പോലെയുള്ള സംഭവങ്ങളായിരുന്നു പിന്നീടിങ്ങോട്ട് ജീവിതത്തിലുണ്ടായത്. തെറ്റു ചെയ്തിട്ടില്ലെന്നതിനാൽ എന്നെങ്കിലും സത്യം പുറത്തുവരുമെന്ന് പൂർണ ബോധ്യമുണ്ടായിരുന്നു.
∙ എങ്ങനെയാണ് നിരപരാധിയാണെന്നു തെളിഞ്ഞത്?
അന്ന് എക്സൈസ് പരിശോധനയ്ക്കു വരുമ്പോൾ, സ്കൂട്ടറിൽനിന്ന് ഇറങ്ങിയ ഞാൻ സീറ്റിനടിയിൽനിന്ന് ബാഗെടുക്കാൻ തുടങ്ങിയെന്നും അവരെക്കണ്ട് പേടിച്ച് തിരിച്ചുവച്ചുവെന്നും ആ ബാഗിൽനിന്ന് എൽഎസ്‌ഡി സ്റ്റാംപു കണ്ടെത്തിയെന്നുമാണ് ഉദ്യോഗസ്ഥർ മഹസറിൽ എഴുതിയിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മഹസർ തെറ്റാണെന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്നും എക്സൈസ് ക്രൈംബ്രാഞ്ചിന് ബോധ്യമായി. എന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചത്, കുടുക്കാനാണെങ്കിലും മഹസറിൽ എഴുതിച്ചേർത്ത ആ വരികളും അതിനെ ഖണ്ഡിക്കുന്ന സിസിടിവി ദൃശ്യങ്ങളുമാണ്.
ലഹരിമരുന്ന് കേസായതിനാൽ ജാമ്യം കിട്ടുക എളുപ്പമായിരുന്നില്ല. 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നു. ആത്മഹത്യ ചെയ്താലോയെന്ന് പലപ്പോഴും തോന്നി. തെറ്റുകാരിയല്ലെന്നു തെളിയിക്കാൻ ജീവനോടെയുണ്ടാകണമെന്ന ചിന്തയാണ് ബലമായത്. ജയിലിൽ കാണാൻ വരുമ്പോൾ ഭർത്താവും മകളും ഇതേ ബലം തന്ന് കൂടെ നിന്നു. അന്ന് മകൾ ഗർഭിണിയായിരുന്നു. അവളുടെ പ്രസവ സമയത്ത് കൂടെ നിൽക്കാനാവില്ലേയെന്നായിരുന്നു വലിയ ആധി. എല്ലാവരുടെയും പ്രാർഥനയുടെ ഫലമാകണം, ജൂണിൽ മകളുടെ പ്രസവത്തിനു മുൻപ് ജാമ്യം കിട്ടി; മേയ് 10 ന്. മകളുടെ കുഞ്ഞിനിപ്പോൾ ഏഴു മാസമായി. ഓരോന്നായി കലങ്ങിത്തെളിഞ്ഞു തുടങ്ങുന്നു.
∙ കേസിൽ ജയിലിലായതോടെ മാറിമറിഞ്ഞ ജീവിതം പഴയ രീതിയിലായിട്ടുണ്ടോ? ആളുകളുടെ മനോഭാവം എങ്ങനെ?
പൂർണമായും പഴയരീതിയിലേക്കു മടങ്ങിവന്നുവെന്ന് പറയാനായിട്ടില്ല. ഭൂരിഭാഗം പേർക്കും സ്നേഹം തന്നെയാണെങ്കിലും ചിലർ മാറിനടക്കുന്നുണ്ട്. പലരും പല സ്വഭാവക്കാരാണല്ലോ. എല്ലാവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നമുക്കാവില്ല. ബ്യൂട്ടി പാർലർ പഴയ കെട്ടിടത്തിൽത്തന്നെ തുടരുന്നു. മുറി മാത്രം മാറിയിട്ടുണ്ട്. തരക്കേടില്ലാത്ത ബിസിനസുണ്ട്. വേഗം പഴയതു പോലെയാകുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോക്ക്.
∙ കേസുമായി എങ്ങനെയാണ് മുന്നോട്ടുപോകുന്നത്?
നേരത്തേ പറഞ്ഞല്ലോ, മരുമകളുടെ അനിയത്തിക്കും സുഹൃത്തിനും എന്നോട് വിരോധമുണ്ടാകേണ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പിന്നെ എന്തിനിത് ചെയ്തുവെന്ന് അറിയില്ല. എന്തിന്റെ പേരിലായാലും അതെന്റെ ജീവിതത്തെ ചെറുതായൊന്നുമല്ല ബാധിച്ചത്. അതിനു കാരണം എന്താണെന്നും ആരാണ് ഇതിന്റെ പിന്നിലെന്നുമറിയണം. അതിനായി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാനും തയാറാണ്.