‘ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർ ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ശ്രമിച്ചു; അനുവദിക്കില്ല’
Mail This Article
ന്യൂഡൽഹി ∙ പഞ്ചാബിലെ ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടന്നെന്നു നിരീക്ഷിച്ച കോടതി, ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ അനുവദിക്കില്ലെന്ന് താക്കീത് നൽകി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ രേഖകളും ഇന്നുതന്നെ റജിസ്ട്രാർ ജനറലിനു കൈമാറണമെന്ന് കോടതി നിർദേശിച്ചു. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ആം ആദ്മി പാർട്ടി (എഎപി) നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
Read also: ഈ നാരായണദാസിനെ അറിയില്ല, വൈരാഗ്യത്തിന്റെ കാര്യവുമില്ല; പിന്നെ എന്തിനിത് ചെയ്തു?: ഷീല സണ്ണി
‘‘ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന പ്രവൃത്തിയാണ് റിട്ടേണിങ് ഓഫിസർ ചെയ്തത്. അദ്ദേഹം ബാലറ്റ് പേപ്പറുകൾ നശിപ്പിച്ചു കളഞ്ഞതു ദൃശ്യങ്ങളിൽ വ്യക്തമാണ്. റിട്ടേണിങ് ഓഫിസർ ക്യാമറയിലേക്ക് നോക്കുന്നതും ബാലറ്റ് പേപ്പറുകൾ നശിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഇങ്ങനെയാണോ അദ്ദേഹം തിരഞ്ഞെടുപ്പ് നടത്തേണ്ടത്? ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ഇത്തരത്തിൽ ജനാധിപത്യത്തെ കശാപ്പു ചെയ്യാൻ അനുവദിക്കില്ല. അയാളെ പ്രോസിക്യൂട്ട് ചെയ്യണം’’– ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തിൽ എല്ലാ കക്ഷികൾക്കും കോടതി നോട്ടിസ് അയച്ചു.
ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് എഎപി കൗൺസിലർ കുൽദീപ് കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ പഞ്ചാബ്–ഹരിയാന ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണിത്. ഹൈക്കോടതി കഴിഞ്ഞ ദിവസം ചണ്ഡിഗഡ് ഭരണകൂടത്തിന് ഉൾപ്പെടെ നോട്ടിസ് അയച്ചിരുന്നു. മേയർ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 36 വോട്ടുകളിൽ 8 എണ്ണം അസാധുവായതോടെയാണു ബിജെപി സ്ഥാനാർഥി വിജയിച്ചത്. തിരഞ്ഞെടുപ്പു സ്റ്റേ ചെയ്യണമെന്നും റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്നുമാണു ഹർജിയിലെ ആവശ്യം.