ഭക്ഷ്യവകുപ്പ് പ്രതിസന്ധിയിൽ; സംസ്ഥാനത്ത് അരി വില കൂടിയേക്കും: മന്ത്രി ജി.ആർ.അനിൽ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയെന്ന് മന്ത്രി ജി.ആർ.അനിൽ. ഇതിന്റെ പശ്ചാത്തലത്തിൽ അരിവില കൂടിയേക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. സംസ്ഥാന ബജറ്റിന് പിന്നാലെ ആവശ്യമായ തുക വകയിരുത്താത്തതിൽ ഭക്ഷ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രതിസന്ധി മന്ത്രി വ്യക്തമാക്കിയത്. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. ഇതിന് അനുസൃതമായ പരിഗണന ബജറ്റിൽ വേണം. മന്ത്രിയെന്ന നിലയിൽ ചർച്ച നടത്തും. നിലവിൽ സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണ്. കൂടുതൽ കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തും. സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണുള്ളത്. ഒഎംഎസ് സ്‌കീമിൽ ഇത്തവണ ഗവ.ഏജൻസികൾ ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുക. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ’’– ജി.ആർ.അനിൽ പറഞ്ഞു.
സപ്ലൈകോയ്ക്കു വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിലെ പ്രതിഷേധം അറിയിക്കാൻ, ബജറ്റ് പ്രസംഗത്തിനു ശേഷം ധനമന്ത്രിക്കു ഹസ്തദാനം നൽകാതെ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. മന്ത്രിമാരായ ജി.ആർ.അനിലും കെ.രാജനും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്.
സബ്സിഡി സാധനങ്ങൾ നൽകിയതിലൂടെ 2011.52 കോടി രൂപയുടെ കടുത്ത സാമ്പത്തിക ഭാരവും വിതരണക്കാർക്ക് നൽകാനുള്ളത് 792.20 കോടി രൂപയുടെ കുടിശികയും ഉൾപ്പെടെ രൂക്ഷമായ പ്രതിസന്ധിയിലാണ് സപ്ലൈകോ. വിതരണക്കാർ കയ്യൊഴിഞ്ഞതോടെ സപ്ലൈകോ വിൽപനശാലകളിൽ പല സാധനങ്ങളും സ്റ്റോക്കില്ല.