സ്വകാര്യ സർവകലാശാല ആശയം; ലക്ഷ്യമിടുന്നത് വിദ്യാഭ്യാസ മേഖലയുടെ വിപുലീകരണം: മന്ത്രി ആർ.ബിന്ദു
Mail This Article
തിരുവനന്തപുരം∙ വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. പൂർണമായും സർക്കാർ നിയന്ത്രണത്തിൽ ആയിരിക്കും ഇത്തരം സർവകലാശാലകൾ പ്രവർത്തിക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഉന്നത വിദ്യാഭാസ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബജറ്റിലല്ല ആദ്യമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഈ വിഷയങ്ങൾ പൊതുജനങ്ങളുടെ മുന്നിൽ വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ മൂന്നു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കേരളത്തിലെ 80% വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ, എയ്ഡഡ് മേഖലകളിലാണ്. ഇവ മികച്ച നിലവാരം പുലർത്തുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്
ശ്യാം മേനോൻ കമ്മിറ്റി റിപ്പോർട്ട് അടക്കമുള്ള ഇതുമായി ബന്ധപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബജറ്റിലെ പ്രഖ്യാപനം. അതിവേഗം ലിബറൽ നയങ്ങൾ നടപ്പാക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് നഷ്ടം ഉണ്ടാകരുത്. അതു കൊണ്ടാണ് സർക്കാർ നിയന്ത്രണത്തിൽ ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും മന്ത്രി പറഞ്ഞു.