ADVERTISEMENT

ഗുവാഹത്തി∙ പഞ്ചനക്ഷത്ര ഹോട്ടലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കമിതാക്കൾ പിടിയിൽ. മഹാരാഷ്ട്ര പുണെ സ്വദേശിയായ സന്ദീപ് സുരേഷ് കാംബ്ലി (42) ആണ് മരിച്ചത്. പ്രതികളായ അഞ്ജലി ഷാ (25), കാമുകൻ രാകേഷ് ഷാ (27) എന്നിവരാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച അസമിലെ ഗുവാഹത്തി നഗരത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ ഒൻപതാം നിലയിലുള്ള മുറിയിലാണ് സന്ദീപ് കാംബ്ലിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.

Read also: ‘കുടുക്കാൻ ശ്രമിക്കുന്നു’: എക്സൈസിനെതിരെ ഷീലാ സണ്ണി കേസിലെ പ്രതികൾ ഹൈക്കോടതിയിൽ

ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിമാനത്താവളത്തിലേക്കുള്ള യാത്രമധ്യേ പ്രതികൾ പിടിയിലായത്. സന്ദീപിന്റെ ഫോണിലുണ്ടായിരുന്ന ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പൊലീസിനോട് അഞ്ജലി പറഞ്ഞു. കൊൽക്കത്ത വിമാനത്താവളത്തിലെ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന അഞ്ജലി, കഴിഞ്ഞവർഷമാണ് പുണെയിൽനിന്നുള്ള കാർ ഡീലറായ സന്ദീപിനെ വിമാനത്താവളത്തിൽവച്ചു പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് അടുത്തു.

എന്നാൽ രാകേഷുമായുള്ള അഞ്ജലിയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. സന്ദീപുമായുള്ള ബന്ധം രാകേഷ് അറിഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമായി. സന്ദീപിന്റെ കൈവശം തങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങളുടെ ചില സ്വകാര്യചിത്രങ്ങൾ ഉള്ള കാര്യവും രാകേഷിനോട് അഞ്ജലി പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് സന്ദീപിനെ ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച കൊൽക്കത്ത വിമാനത്താവളത്തിൽ വച്ച് നേരിൽ കാണണമെന്ന് സന്ദീപിനെ അഞ്ജലി അറിയിച്ചു. എന്നാൽ ഗുവാഹത്തിയിലേക്ക് വരാൻ സന്ദീപ് ആവശ്യപ്പെട്ടതനുസരിച്ച് രാകേഷിനെ കൂട്ടി അഞ്ജലി ഗുവാഹത്തിയിലേക്ക് പോയി. സന്ദീപും അഞ്ജലിയും ചേർന്ന് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തു. സന്ദീപ് അറിയാതെ ഇതേ ഹോട്ടലിൽ രാകേഷും മുറിയെടുത്തു.

തിങ്കളാഴ്ച, സന്ദീപും അഞ്ജലിയുമുള്ള മുറിയിലേക്ക് രാകേഷ് വരുകയും ഇരുവരും ചേർന്ന് സന്ദീപിനെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ചിത്രങ്ങളടങ്ങിയ ഫോണുമായി കടന്നുകളഞ്ഞു. ഹോട്ടൽ ജീവനക്കാരാണ് സന്ദീപിനെ മരിച്ചനിലയിൽ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. ഹോട്ടൽ റജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ജലിയെയും രാകേഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി 9.15നുള്ള വിമാനത്തിൽ കൊൽക്കത്തയിലേക്കു പോകാനായിരുന്നു ഇരുവരുടെയും പദ്ധതി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.

English Summary:

Pune trader 'found murdered' in Guwahati five-star hotel, Kolkata couple arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com