ഒപിഎസിനെയും ദിനകരനെയും കൂടെക്കൂട്ടാൻ കച്ചമുറുക്കി ബിജെപി; പ്രധാനമന്ത്രി തിരുപ്പൂരിലെത്തും
Mail This Article
ചെന്നൈ ∙ സംസ്ഥാനത്ത് എൻഡിഎ സഖ്യത്തിലേക്കു ചേക്കേറാനൊരുങ്ങുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം(എഎംഎംകെ) നേതാവ് ടി.ടി.വി.ദിനകരൻ, അണ്ണാഡിഎംകെയിൽ നിന്നു പുറത്തായ മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം(ഒപിഎസ്) എന്നിവരുമായി ബിജെപി ആദ്യഘട്ട ചർച്ചകൾ നടത്തി. തേനി, മധുര, തഞ്ചാവൂർ സീറ്റുകളാണ് ഒപിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുച്ചിറപ്പള്ളി, ശിവഗംഗ, ആറണി തുടങ്ങിയ സീറ്റുകൾക്കായി ദിനകരനും പിടിമുറുക്കുന്നുണ്ട്.
പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ‘കുക്കർ’ തന്നെ ഉപയോഗിക്കാനാണു ദിനകരന്റെ നീക്കം. എന്നാൽ, പാർട്ടിയിൽ നിന്നു പുറത്തായ ഒപിഎസ് ബിജെപി ചിഹ്നത്തിൽ മത്സരിക്കുമോ അതോ സ്വതന്ത്ര ചിഹ്നം നേടുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം, താൻ രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നാണ് ഒപിഎസിന്റെ നിലപാട്. അണ്ണാഡിഎംകെയുടെ ചിഹ്നവും കൊടിയും ഉപയോഗിക്കുന്നതിൽ നിന്ന് ഒപിഎസിനെ കോടതി വിലക്കിയിരിക്കെയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം.
തൂത്തുക്കുടി സീറ്റിൽ തീരുമാനമെടുക്കുക മുഖ്യമന്ത്രി: കനിമൊഴി
താൻ തൂത്തുക്കുടിയിൽ വീണ്ടും മത്സരിക്കണമോയെന്നത് മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ തീരുമാനിക്കുമെന്നു കനിമൊഴി എംപി പറഞ്ഞു. ആരൊക്കെ ഏതൊക്കെ മണ്ഡലത്തിൽ മത്സരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി അധ്യക്ഷന്റേതാണെന്നും അവർ പറഞ്ഞു. ഡിഎംകെ പ്രകടനപത്രിക തയാറാക്കുന്നതിനു മുന്നോടിയായി തൂത്തുക്കുടിയിൽ ആരംഭിച്ച സംസ്ഥാന പര്യടനത്തിനിടെയാണ് എംപിയുടെ പ്രതികരണം. ഇന്നു കന്യാകുമാരി മേഖലയിലാണു പര്യടനം. സീറ്റ് വിഭജനത്തിനു മുന്നോടിയായി ജില്ലാ ഭാരവാഹികളുമായി ഡിഎംകെ നടത്തിയ യോഗങ്ങൾ പൂർത്തിയായി. 40 മണ്ഡലങ്ങളിലെയും ഭാരവാഹികളെ നേരിൽക്കണ്ടാണു സമിതി വിവരങ്ങൾ ശേഖരിച്ചത്. തിരുവള്ളൂർ, തിരുച്ചിറപ്പള്ളി തുടങ്ങിയ സീറ്റുകൾ കോൺഗ്രസിൽ നിന്നു തിരികെ വാങ്ങണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പുതുച്ചേരി സീറ്റ് കോൺഗ്രസിനു തന്നെ നൽകാനാണു നീക്കം. മുഖ്യമന്ത്രി നാളെ തിരികെയെത്തിയ ശേഷം സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
മോദിയെത്തുന്ന സമ്മേളനത്തിൽ 10 ലക്ഷം പേർ പങ്കെടുത്തേക്കും
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തുന്ന ‘എൻ മൺ എൻ മക്കൾ’ പദയാത്രയുടെ സമാപന സമ്മേളനം തിരുപ്പൂരിലെ പല്ലടത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക. കൊങ്കു മേഖലയിലേക്കു വർഷങ്ങൾക്കു ശേഷം പ്രധാനമന്ത്രിയെത്തുന്ന പരിപാടിയിൽ 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രത്യേക ഓഫിസ് തുറന്നു. 11നു പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ നേരിട്ടെത്തി സഖ്യകക്ഷികളുടെ നേതാക്കളുമായി ചർച്ച നടത്തും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ ബിജെപി പുറത്തുവിടുന്ന 100 സ്ഥാനാർഥികളുടെ പട്ടികയിൽ തമിഴ്നാട്ടിലെ സ്ഥാനാർഥികളുടെ പേരുകളും ഉണ്ടാകുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നിലവിലെ കേന്ദ്രമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ എൽ.മുരുകൻ ഉൾപ്പെടെയുള്ളവർ പട്ടികയിൽ ഇടംകണ്ടെത്തിയേക്കും.