ശമ്പളം നൽകാതെ പീഡനം: തൊഴിലുടമയുടെ ബോട്ട് ‘അടിച്ചെടുത്ത്’ കുവൈത്തിൽനിന്ന് മുംബൈയിൽ, 3 പേർ പിടിയിൽ
Mail This Article
മുംബൈ∙ പാസ്പോർട്ടോ മറ്റു യാത്രാ രേഖകളോ ഇല്ലാത്തതിനെ തുടർന്ന്, മുംബൈ തീരത്തുനിന്ന് മത്സ്യബന്ധന ബോട്ടും അതിലുണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വഴിത്തിരിവ്. തൊഴിലുടമയുടെ പീഡനത്തെ തുടർന്ന് കുവൈത്തിൽനിന്ന് മോഷ്ടിച്ച ബോട്ടുമായി എത്തിയ തമിഴ്നാട് സ്വദേശികളാണ് പിടിയിലായതെന്നാണ് ഏറ്റവും പുതിയ വിവരം. വിശദമായി ചോദ്യം ചെയ്ത ഇന്ത്യൻ അന്വേഷണ ഏജൻസികൾ, ബുധനാഴ്ച മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
തമിഴ്നാട് സ്വദേശികളായ വിജയ് വിനോദ് ആന്റണി (29), നിദിസോ ഡിറ്റോ (31), സഹായ ആന്റണി അനീഷ് (29) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വെളിപ്പെടുത്തി. മൂവരും മത്സ്യബന്ധന തൊഴിലാളികളാണെന്നാണു പൊലീസ് നൽകുന്ന വിവരം. അനധികൃതമായി രാജ്യാന്തര അതിർത്തി ലംഘിച്ചതിനും പാസ്പോർട്ടോ മറ്റു നിയമപരമായ യാത്രാരേഖകളോ കൂടാതെ ഇന്ത്യയിൽ കടന്നതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെയാണ് മുംബൈ തീരത്തുനിന്നു സംശയകരമായ സാഹചര്യത്തിൽ മത്സ്യബന്ധന ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ കുവൈത്ത് മുതൽ മുംബൈ തീരം വരെ യാത്ര ചെയ്തിട്ടും ആരും ഒരിടത്തും തടഞ്ഞില്ലെന്ന് ഇവർ വെളിപ്പെടുത്തി.
ഇവരെ കസ്റ്റഡിയിലെടുത്ത പട്രോളിങ് സംഘം ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇവർക്ക് ഹിന്ദിയോ ഇംഗ്ലിഷോ വശമില്ലാത്തത് വിലങ്ങുതടിയായി. ഇതോടെ പട്രോളിങ് സംഘം വിവരം കൺട്രോൾ റൂമിൽ അറിയിച്ചു. അവിടെനിന്ന് അറിയിച്ചത് അനുസരിച്ച് ഇന്ത്യൻ നാവികസേന സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. മൂവർ സംഘം കുവൈത്തിൽനിന്ന് ഇന്ത്യയിലെത്തിയ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.
ഒരു ഏജന്റ് മുഖാന്തിരം രണ്ടു വർഷം മുൻപാണ് മൂവരും കുവൈത്തിൽ എത്തിയത്. ഇവർ യാത്ര ചെയ്തു വന്ന ബോട്ടിന്റെ ഉടമസ്ഥനായിരുന്നു ഇവരുടെ തൊഴിലുടമ. കഴിഞ്ഞ രണ്ടു വർഷവും ഇയാൾക്കായി ജോലി ചെയ്തെങ്കിലും, ഒരു പ്രതിഫലവും നൽകിയില്ലെന്നാണ് ഇവരുടെ പരാതി. പണം നൽകിയില്ലെന്നു മാത്രമല്ല, ഇവരോടു തികച്ചും മോശം പെരുമാറ്റവുമായിരുന്നു ഇയാളുടേത്. യാതൊരു നിർവാഹവുമില്ലാതെ വന്നതോടെയാണ് ബോട്ടിൽ മുംബൈ ലക്ഷ്യമാക്കി രക്ഷപ്പെടാൻ തീരുമാനിച്ചതെന്നും ഇവർ വെളിപ്പെടുത്തി.
പാസ്പോർട്ട് ഉൾപ്പെടെയുള്ള എല്ലാ രേഖകളും കുവൈത്തിലുള്ള തൊഴിലുടമയുടെ കൈവശമാണെന്നാണ് ഇവരുടെ നിലപാട്. ഇവർ യാത്ര ചെയ്തിരുന്ന ബോട്ട് വിശദമായി പരിശോധിച്ചെങ്കിലും ദുരൂഹമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. പറഞ്ഞ കാര്യങ്ങൾ സത്യമാണോയെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, യാതൊരു തടസവും കൂടാതെ മൂവർസംഘം മത്സ്യബന്ധന ബോട്ടിൽ കുവൈത്തിൽനിന്ന് മുംബൈ തീരം വരെ അനായാസം എത്തിയത് രാജ്യ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങളുയർത്തുന്നതായി ആരോപണമുണ്ട്. തീരം മുതൽ അഞ്ച് നോട്ടിക്കൽ മൈലിൽ സുരക്ഷാ ചുമതല മുംബൈ പൊലീസിനാണ്. അഞ്ചു മുതൽ 12 നോട്ടിക്കൽ മൈൽ വരെ കോസ്റ്റ് ഗാർഡിനും അതിനുമപ്പുറം ഇന്ത്യൻ നാവികസേനയ്ക്കുമാണ് ചുമതല. യാതൊരു തടസവും കൂടാതെ ഇവർ എങ്ങനെയാണ് മുംബൈ വരെ എത്തിയതെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.