ഗോഡ്സെയുടെ ചിത്രം കത്തിക്കൽ, പുകഴ്ത്തിയതിന് ആക്ഷേപം; സമരമുറ മാറ്റി എബിവിപി?
Mail This Article
കോഴിക്കോട്∙ വിദ്യാർഥി സമര രംഗത്ത് മുൻപുണ്ടായിട്ടില്ലാത്ത കാഴ്ചയാണ് കഴിഞ്ഞ ദിവസം കാലിക്കറ്റ് എൻഐടിയുടെ മുന്നിലുണ്ടായത്. ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയുടെ ചിത്രം എബിവിപി പ്രവർത്തകർ ക്യാംപസിനു മുന്നിൽ കത്തിച്ചു. കത്തിച്ചത് എബിവിപി തന്നെയാണോ എന്ന സംശയത്തിലായിരുന്നു പലരും. ഗോഡ്സെയെ പുകഴ്ത്തി ഫെയ്സ്ബുക്കിൽ കമന്റിട്ട എൻഐടി അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു എബിവിപി ഗോഡ്സെയുടെ ഫോട്ടോ കത്തിച്ച് പ്രതിഷേധിച്ചത്. എബിവിപിയുടെ നീക്കം മറ്റ് വിദ്യാർഥി സംഘനകളെപ്പോലും ഞെട്ടിച്ചു. കാലിക്കറ്റ് എൻഐടിയിൽ കുറച്ചു കാലമായി പ്രശ്നങ്ങൾ പുകയുന്നു. അതെല്ലാം ക്യാംപസിനകത്ത് ഒതുക്കിത്തീർക്കുകയായിരുന്നു. എന്നാൽ ജനുവരി 21 മുതലുണ്ടായ ചില പ്രശ്നങ്ങൾ ക്യാംപസിൽ ഒതുങ്ങിയില്ല. എല്ലാ ദിവസവും ക്യാംപസിനു പുറത്ത് പ്രതിഷേധ സമരം നടക്കുന്ന തലത്തിലേക്കു കാര്യങ്ങൾ എത്തി. കാലിക്കറ്റ് എൻഐടിയുടെ ചരിത്രത്തിൽ മുൻപുണ്ടാകാത്ത സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്.
നീറി നീറി കത്തിയ പ്രശ്നം
കഴിഞ്ഞ മാസം 21ന് എൻഐടിയിൽ നടന്ന ചടങ്ങിന് എതിരെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച മലയാളി വിദ്യാർഥിയെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. 21ന് എൻഐടിയിലെ സയൻസ് ആൻഡ് സ്പിരിച്വൽ ക്ലബ് നടത്തിയ പരിപാടിക്കിടെ ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിന് മലയാളി വിദ്യാർഥികളായ കൈലാഷ്, വൈശാഖ് എന്നിവർക്കാണ് ഉത്തരേന്ത്യൻ വിദ്യാർഥികളുടെ മർദനമേറ്റത്. മർദനമേറ്റ കൈലാഷ് തൊട്ടടുത്ത ദിവസംതന്നെ പരാതി നൽകിയിരുന്നെങ്കിലും കുറേ ദിവസം കഴിഞ്ഞാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. മർദനമേറ്റ അവസാന വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ വിദ്യാർഥി ക്ഷേമ വിഭാഗം ഡീനിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ ക്യാംപസിനകത്തും പുറത്തും എൻഐടിയുടെ ചരിത്രത്തിലെ വലിയ സമരത്തിനും സംഘർഷങ്ങൾക്കും വഴിതുറന്നു. പിന്നീട് സസ്പെൻഷൻ താൽക്കാലികമായി മരവിപ്പിച്ചതോടെയാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്.
ഇതിനിടെ ജനുവരി 24ന് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തിൽ എൻഐടിക്കുള്ളിൽ ഇന്ത്യയുടെ ഭൂപടം വികലമായി വരച്ചുവെന്നാരോപിച്ച് ഒരുവിഭാഗം വിദ്യാർഥികൾ പ്രതിഷേധം നടത്തി. ഇതിനു പിന്നാലെയും സംഘർഷമുണ്ടായി. അന്നും ഉത്തരേന്ത്യയിൽനിന്നുള്ള വിദ്യാർഥികളും മലയാളികളായ വിദ്യാർഥികളും തമ്മിലായിരുന്നു പ്രശ്നം.
ഒടുവിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്സെയെ പ്രകീർത്തിച്ചു എൻഐടി അധ്യാപികയായ ഷൈജ ആണ്ടവൻ കമന്റ് ചെയ്തു. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍നിന്നുള്ള, ’ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ’ എന്ന പോസ്റ്റിനു താഴെ ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു പ്രഫസറുടെ കമന്റ്. സംഭവം വിവാദമായതോടെ ഇവർ കമന്റ് ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും പ്രതിഷേധം പടർന്നിരുന്നു. വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി ക്യാംപസിനു പുറത്തു തടിച്ചു കൂടി.
എബിവിപിയുടെ വരവ്
എബിവിപിയും ഷൈജ ആണ്ടവനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. എൻഐടി ക്യാംപസിന് മുന്നിലേക്ക് ഇവർ നടത്തിയ മാർച്ചിൽ നാഥുറാം ഗോഡ്സെയുടെ ചിത്രം കത്തിച്ചു. ‘രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോഡ്സെയെയാണ് പ്രഫസർ പിന്തുണച്ചത്. ഗാന്ധിവധവുമായി ആർഎസ്എസിന് ബന്ധമില്ല’ എന്നും മാർച്ചിന് നേതൃത്വം നൽകിയ കേന്ദ്ര നിർവാഹക സമിതി അംഗം യദുകൃഷ്ണ പറഞ്ഞു. എൻഐടി ഡയറക്ടറെ കണ്ട് അധ്യാപികയെ പുറത്താക്കണമെന്നും എബിവിപി പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ എബിവിപിയുടെ നീക്കത്തിൽ വിവിധ വിദ്യാർഥി സംഘടനകൾ സംശയവുമായി രംഗത്തെത്തി.
ആർഎസ്എസിനെ തള്ളിപ്പറയാൻ എബിവിപി തയാറാണോ: എസ്എഫ്ഐ
ഗോഡ്സെയെ തള്ളുക എന്നാൽ ആർഎസ്എസിനെ തള്ളുക എന്നതാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു. ‘‘ഗാന്ധിവധത്തിന്റെ പേരിൽ രാജ്യത്ത് ആർഎസ്എസ് നിരോധിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധി വധത്തിന് നേതൃത്വം നൽകിയത് ആർഎസ്എസ് ആണെന്ന തിരിച്ചറിവിനു പിന്നാലെയായിരുന്നു അത്. ഇന്ന് ഗോഡ്സെയെ നിരാകരിക്കുന്ന എല്ലാവരും ആർഎസ്എസിന് എതിരാണ്. എബിവിപി ഗോഡ്സെയ്ക്കെതിരാണെങ്കിൽ ഈ സമരം ആർഎസ്എസിനുമെതിരാണ്. അതുകൂടി തുറന്നു പറയാൻ എബിവിപി തയാറാകണം. അങ്ങനെയാണെങ്കിൽ എബിവിപി നടത്തുന്ന പ്രതിഷേധം ആത്മാർഥതയുള്ളതാണെന്ന് സമ്മതിക്കാം. അതല്ലാതെ ഗോഡ്സെയ്ക്കെതിരാണ് എന്നാൽ ആർഎസ്എസിനൊപ്പമാണ് എന്ന് പറയുന്നതിൽ ആത്മാർഥതയില്ല. കേരളത്തിൽ ഗവർണർ വിഷയം വന്നപ്പോൾ കെഎസ്‌യു എടുത്ത നിലപാടിന് തുല്യമാണിത്. വർഗീയതയ്‌ക്കെതിരാണ് എന്നാൽ ഗവർണക്കൊപ്പമാണ് എന്നതായിരുന്നു കെഎസ്‌യുവിന്റെ നിലപാട്. ഇതൊക്കെ പൊള്ളത്തരമാണ്’’. കെ.അനുശ്രീ മനോരമ ഓൺലൈനോട് പറഞ്ഞു.
ഗോഡ്സെയെ നേരത്തെ തന്നെ തള്ളിയതാണ്: എബിവിപി
ആർഎസ്എസിന് തീവ്രത പോര എന്ന് പറഞ്ഞ് ഹിന്ദുമഹാസഭയിൽ ചേർന്ന ആളാണ് ഗോഡ്സെയെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതി അംഗം എൻ.സി.ടി. ശ്രീഹരി പറഞ്ഞു. ‘‘വളരെ മുൻപ്തന്നെ ആർഎസ്എസ് ഗോഡ്സെയെ തള്ളിപ്പറഞ്ഞതാണ്. നീതിന്യായ വ്യവസ്ഥ തന്നെ ഗാന്ധി വധത്തിൽ ആർഎസ്എസിനു ബന്ധമില്ലെന്നു പറഞ്ഞതാണ്. അക്കാര്യം മറച്ചുവച്ചു പലരും ആർഎസ്എസിനെതിരെ പ്രചാരണം നടത്തുകയാണ്. എൻഐടിയിൽ ഗോഡ്സെയുടെ ചിത്രം കത്തിച്ചത് മേൽക്കമ്മിറ്റികളുടെ എല്ലാം അറിവോടെയാണ്. ഷൈജ ആണ്ടവനെതിരെ സമരവുമായി മുന്നോട്ടു പോകാൻ തന്നെയാണ് എബിവിപിയുടെ തീരുമാനം. രാജ്യത്തെ പതിനാറായി മുറിക്കണമെന്ന് ആവശ്യപ്പെട്ട സിപിഎമ്മിന്റെ വിദ്യാർഥി സംഘടന രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ടതില്ല’’–ശ്രീഹരി പറഞ്ഞു.
കൈവിരൽ അറ്റ സമരം
എൻഐടി വിദ്യാർഥികളിൽ തുടങ്ങിയ സമരം പിന്നീട് വിദ്യാർഥി സംഘടനകൾ ഏറ്റെടുത്തതോടെ ക്യാംപസിനു പുറത്തേക്ക് പ്രശ്നം പടർന്നു. പിന്നാലെ യുവജന സംഘടനകളും സമരവുമായി രംഗത്തെത്തി. ബുധനാഴ്ച ഡിവൈഎഫ്ഐയും മുസ്‌ലിം ലീഗും പ്രതിഷേധ മാർച്ച് നടത്തി. ഷൈജ ആണ്ടവനെ പുറത്താക്കാൻ എൻഐടി അധികൃതർ തയാറായില്ലെങ്കിൽ ഡയറക്ടറെ ഉൾപ്പെടെ വഴിയിൽ തടയുമെന്നാണ് എസ്എഫ്ഐ പ്രഖ്യാപിച്ചത്. പല മാർച്ചുകളും സംഘർഷഭരിതമായി. ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെയുണ്ടായ സമരത്തിൽ ഒരു പ്രവർത്തകന്റെ കൈവിരൽ അറ്റു. എസ്എഫ്ഐ നടത്തിയ സമരത്തിലും സംഘർഷത്തെത്തുടർന്ന് വിദ്യാർഥികൾക്കു പരുക്കേറ്റു. ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണു സംഘടനകൾ. എൻഐടി പ്രവർത്തിക്കുന്നതു കേരളത്തിന്റെ മണ്ണിലാണെന്ന് ഓർമിക്കണമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.
അത്ര പരിചിതമല്ലാത്ത സമരം
കേന്ദ്ര സർക്കാരിന് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർച്ചയായി സമരം നടക്കുന്നത് അത്ര പരിചിതമല്ലാത്ത കാഴ്ചയാണ്. പല ക്യാംപസുകളിലും വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രവേശനമില്ല. എന്നാൽ എബിവിപിയുടെ നേതൃത്വത്തിൽ ഒളിഞ്ഞും തെളിഞ്ഞും പരിപാടികൾ നടത്തുന്നുെവന്നാണ് മറ്റു വിദ്യാർഥി സംഘടനകളുടെ ആരോപണം. ഇതിനിടെ നിരവധി മറ്റാരോപണങ്ങളും എൻഐടിക്കെതിരെ ഉയർന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് വലിയ ആരോപണം ഉയർന്നത്. ഒരു വീട്ടിൽനിന്നുള്ള അഞ്ചുപേർ വരെ എൻഐടിയിൽ നിയമനം നേടി. ഇതിനെതിരെ കേന്ദ്ര മന്ത്രാലയത്തിന് പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ല. പരീക്ഷയ്ക്കിടെ, അത്യാധുനിക സംവിധാനങ്ങളോടെ ജൂലൈയിൽ നടത്തിയ കോപ്പിയടി പിടിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. വിവരങ്ങൾ പൊലീസിനു കൈമാറാൻ എൻഐടി അധികൃതർ തയാറായില്ല.
വിദ്യാർഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇതിന് മുമ്പ് എൻഐടിയിൽ വലിയ പ്രതിഷേധം ഉയർന്നത്. അന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ക്യാംപസിലെ വിദ്യാർഥികൾ തന്നെയായിരുന്നു. വിദ്യാർഥി സംഘടനകൾ പിന്തുണയുമായി പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും ഇപ്പോഴുണ്ടായതുപോലെ ക്യാംപസിനു പുറത്തേക്കു സമരം പടരുന്ന സാഹചര്യമുണ്ടായില്ല. ബുധനാഴ്ച മാത്രം മൂന്ന് പ്രതിഷേധ മാർച്ചുകളാണ് എൻഐടിയിലേക്ക് നടന്നത്. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നിവരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. വിദ്യാർഥികൾ തുടങ്ങി, വിദ്യാർഥി പ്രസ്ഥാനങ്ങൾ ഏറ്റെടുത്ത്, യുവജനസംഘടനകൾ രംഗത്തെത്തിയ സമരമായി എൻഐടിയിലേതു മാറി.
ഉത്തരേന്ത്യൻ രാഷ്ട്രീയം കേരളത്തിലെ എൻഐടിയിൽ നടപ്പാക്കാൻ ശ്രമിക്കേണ്ടതില്ല എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അതിനു ശ്രമിച്ചാൽ എൻഐടി ഡയറക്ടറെ ഉൾപ്പെടെ വഴിയിൽ തടയുമെന്നും സംഘടനകൾ പറഞ്ഞു. ഇതിനിടെ അധ്യാപികയെ പുറത്താക്കണമെന്ന ഉറച്ച നിലപാടുമായി എബിവിപിയും രംഗത്തുണ്ട്.