തിരഞ്ഞെടുപ്പ് തലേന്ന് പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇരട്ടസ്ഫോടനം; 28 മരണം
Mail This Article
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ 28 മരണം. ഒട്ടേറെ പേർക്ക് പരുക്കേറ്റു. രാജ്യത്ത് നാളെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം. ബലൂചിസ്ഥാനിലെ പിഷിൻ ജില്ലയിലെ ഖനോസായി പ്രദേശത്തുള്ള സ്വതന്ത്ര സ്ഥാനാർഥി അസ്ഫന്ദ്യാർ ഖാൻ കാക്കറിന്റെ ഓഫിസിന് പുറത്താണ് ആദ്യ സ്‌ഫോടനം നടന്നത്. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ഓഫിസിന് പുറത്ത് ബാഗിൽ സൂക്ഷിച്ച ബോംബാണ് പിന്നീട് റിമോട്ട് ടൈമർ ഉപയോഗിച്ച് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.
അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള ഖില്ല സൈഫുള്ളയിലാണ് രണ്ടാമത് സ്‌ഫോടനം നടന്നത്. രാഷ്ട്രീയ പാർട്ടിയായ ജമിയത്ത് ഉലമ ഇസ്‌ലാമിന്റെ (ജെയുഐ) ഓഫിസ് ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിവിധയിടങ്ങളിൽ അക്രമങ്ങൾ അരങ്ങേറുന്നുണ്ട്. ചൊവ്വാഴ്ചയും വിവിധ പ്രദേശങ്ങളിലെ സുരക്ഷാ പോസ്റ്റുകൾ, തിരഞ്ഞെടുപ്പ് പ്രചാരണ ഓഫിസുകൾ, റാലികൾ എന്നിവയ്ക്ക് നേരെ പത്ത് ഗ്രനേഡ് ആക്രമണങ്ങൾ നടന്നു.
അഫ്ഗാനിസ്ഥാൻ്റെയും ഇറാൻ്റെയും അതിർത്തിയിലുള്ള ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ താലിബാന്റെയും മറ്റു തീവ്രവാദ സംഘങ്ങളുടെയും ശക്മായ സാന്നിധ്യമുണ്ട്. സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.