സൂര്യപ്രകാശം എത്താത്ത മുറിയിൽ താമസം, ചുറ്റും സായുധധാരികൾ; ഹേമന്ത് സോറന്റെ റിമാന്‍ഡ് 5 ദിവസത്തേക്ക് നീട്ടി
Mail This Article
റാഞ്ചി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ റിമാൻഡ് കാലാവധി അഞ്ചു ദിവസത്തേക്കുകൂടി നീട്ടി റാഞ്ചി പ്രത്യേക കോടതി. സൂര്യപ്രകാശം എത്താത്തിടത്താണ് സോറനെ പാർപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ രാജീവ് രഞ്ജൻ കോടതിയിൽ പറഞ്ഞു. ബേസ്മെന്റ് മുറിയിലാണ് സോറൻ കഴിയുന്നത്. ഒരു പൈപ്പിലൂടെയാണ് ജയിൽ മുറിക്കുള്ളിലേക്ക് വായു കടക്കുന്നത്. അദ്ദേഹം ഉറങ്ങുമ്പോൾ പോലും സായുധധാരികൾ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഹേമന്ത് സോറനെ 120 മണിക്കൂർ ചോദ്യം ചെയ്തതായും എജി കോടതിയെ അറിയിച്ചു.
അതേസമയം, ഹേമന്ത് സോറന്റെയും കൽപന സോറന്‍റെയും പതിനെട്ടാം വിവാഹ വാർഷികദിനമായ ഇന്ന് ഹേമന്ത് ശക്തനായി തിരിച്ചുവരുമെന്നു സമൂഹമാധ്യമമായ എക്സില്‍ കൽപന കുറിച്ചു. ‘‘ജാർഖണ്ഡിന്റെ അസ്തിത്വവും സ്വത്വവും സംരക്ഷിക്കുന്നതിനു വേണ്ടി തലകുനിക്കാൻ ഹേമന്ത് ജി സമ്മതിച്ചില്ല. ഗൂഢാലോചനയെ ചെറുക്കുകയും അതിനെ പരാജയപ്പെടുത്താൻ സ്വയം സമർപ്പിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് അദ്ദേഹം കരുതി. ഇന്ന് ഞങ്ങളുടെ പതിനെട്ടാം വിവാഹ വാർഷികമാണ്. പക്ഷേ ഹേമന്ത്ജി കുടുംബത്തിൽ ഇല്ല, കുട്ടികളോട് ഒപ്പമല്ല. അദ്ദേഹം ഈ ഗൂഢാലോചന പരാജയപ്പെടുത്തി വിജയിയാകുമെന്നും ഉടൻ ഞങ്ങളോടൊപ്പം ചേരുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
ധീരനായ ജാർഖണ്ഡി യോദ്ധാവിന്റെ ജീവിത പങ്കാളിയാണ് ഞാൻ. ഇന്നു ഞാൻ വികാരാധീനയാകില്ല. ഹേമന്ത്ജിയെപ്പോലെ, പ്രയാസകരമായ സാഹചര്യങ്ങളിലും ഞാൻ പുഞ്ചിരിക്കും, അദ്ദേഹത്തിന്റെ ധൈര്യത്തിന്റെയും പോരാട്ടത്തിന്റെയും ശക്തിയായി മാറും” – കല്‍പന എക്‌സിൽ കുറിച്ചു.