പിഎഫ് തുക കിട്ടിയില്ല: കൊച്ചി പിഎഫ് ഓഫിസിലെത്തി വിഷം കഴിച്ചയാൾ മരിച്ചു
Mail This Article
കൊച്ചി ∙ പ്രൊവിഡന്റ് ഫണ്ട്(പിഎഫ്) തടഞ്ഞു വച്ചതിൽ മനംനൊന്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി (68) ശിവരാമനാണ് ഇന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു.
Read also: മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ടു പേർ മരിച്ചു
കാൻസർ രോഗി കൂടിയായ ശിവരാമൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് െകാച്ചിയിലെ പിഎഫ് റീജിയനൽ ഓഫിസിലെത്തി വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു വെളുപ്പിനെ മരിച്ചു.
ഒൻപതു വർഷമായിട്ടും പിഎഫ് ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. 80,000 രൂപ കിട്ടാനുണ്ട്. എന്നാൽ പിഎഫ് ഓഫിസിലെ ഉദ്യോഗസ്ഥർ ഇതു നൽകാതെ മനഃപൂർവം ബുദ്ധിമുട്ടിക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. െചാവ്വാഴ്ചയും ഇതേ ആവശ്യത്തിനായാണ് കൊച്ചിയിലെ ഓഫിസിലെത്തിയത്. രേഖകൾ എല്ലാം നൽകിയിട്ടും പിഎഫ് നൽകിയില്ലെന്ന് ശിവരാമന്റെ സഹോദരീ ഭർത്താവ് സി.കെ.സുകുമാരൻ ആരോപിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)