ഖർഗെയ്ക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടിയത് സ്പെഷൽ കമാൻഡർ എത്താത്തതിനാല്‍: പരിഹസിച്ച് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി ∙ പൊതുതിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന പ്രസംഗത്തിൽ രാജ്യസഭയിൽ കോൺഗ്രസിനെയും അധ്യക്ഷൻ മല്ലികാര്‍ജുൻ ഖർഗെയെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിൽ ഇനി അവസരം കിട്ടില്ലെന്ന രീതിയിലാണ് ഖർഗെ സംസാരിക്കുന്നത്. സ്പെഷൽ കമാൻഡർ പാർലമെന്റിൽ എത്താത്തതിനാലാണ് ഖർഗെയ്ക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടിയത്. അദ്ദേഹത്തിന്റെ പ്രസംഗം ഞാൻ വളരെ ശ്രദ്ധയോടെ കേട്ടു. ലോക്സഭയിൽ നമ്മൾ നേരിട്ട ‘നേരമ്പോക്കി’ന്റെ അഭാവം അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ നികത്തപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഖര്‍ഗെയെ പരിഹസിച്ചത്. നന്ദി പ്രമേയ ചർച്ചയിൽ മറുപടി നൽകവേയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
‘‘ഖർഗെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ എൻഡിഎയ്ക്ക് 400 സീറ്റ് ഉറപ്പാക്കിത്തന്നു. പ്രതിപക്ഷത്തിന് എന്റെ ശബ്ദം അടിച്ചമർത്താനാവില്ല. ജനം അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിയിലുള്ള വിശ്വാസം രാജ്യത്തെ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. കോൺഗ്രസ് കാലഹരണപ്പെട്ട പാർട്ടിയായി മാറി. അവരുടെ ചിന്ത കാലഹരണപ്പെട്ടു. പതിറ്റാണ്ടുകളോളം രാജ്യത്തെ ഭരിച്ച പാർട്ടി തകർന്നടിഞ്ഞു. ഞങ്ങള്‍ അതിൽ സഹതപിക്കുന്നുണ്ട്. പക്ഷേ വൈദ്യൻ തന്നെ രോഗിയാകുമ്പോൾ എന്തു ചെയ്യാനാകും.
രാജ്യത്തിന്റെ വലിയൊരു ഭാഗം കോണ്‍ഗ്രസ് ശത്രുക്കൾക്ക് നൽകി. സേനയുടെ ആധുനികവൽക്കരണത്തെ കോണ്‍ഗ്രസ് തടഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികനില തകർത്ത കോൺഗ്രസ് സാമ്പത്തിക നയങ്ങളേക്കുറിച്ച് പ്രസംഗിക്കുന്നു. ഒബിസി വിഭാഗക്കാർക്ക് അര്‍ഹമായ സംവരണം നല്‍കാൻ കോൺഗ്രസ് ഒരിക്കലും തയാറായിട്ടില്ല. പൊതുവിഭാഗത്തിലെ പിന്നാക്കക്കാരെയും അവർ പരിഗണിച്ചില്ല. ഭാരതരത്നം നൽകിയത് അവരുടെ കുടുംബത്തിൽ ഉള്ളവർക്കു മാത്രമാണ്. എന്നിട്ടവർ സാമൂഹിക നീതിയേപ്പറ്റി സംസാരിക്കുന്നു. നേതാവെന്ന നിലയിൽ യാതൊരു ഉറപ്പുമില്ലാത്തവർ മോദിയുടെ ഗാരന്റികളെ ചോദ്യം ചെയ്യുന്നു,
അധികാരത്തിനുള്ള അത്യാഗ്രഹത്തിൽ കോണ്‍ഗ്രസ് ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചു. പലപ്പോഴും അട്ടിമറിയിലൂടെയാണ് അവർ അധികാരം നേടിയത്. പത്രമാധ്യമങ്ങൾക്ക് അവർ വിലങ്ങിട്ടു. രാജ്യത്തെ ശിഥീകരിക്കാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്. വടക്ക്, തെക്ക് എന്നിങ്ങനെ വേർതിരിച്ചു കാണാനാണ് അവർ ശ്രമിക്കുന്നത്. എന്നിട്ട് അവർ ജനാധിപത്യത്തേയും ഫെഡറലിസത്തേയും കുറിച്ച് പഠിപ്പിക്കുന്നു.
കോൺഗ്രസ് തെറ്റായ ആശയങ്ങൾ പ്രചരിപ്പിച്ചതിലൂടെ രാജ്യത്തിന്റെ സംസ്കാരത്തേക്കുറിച്ച് ജനങ്ങൾക്ക് അപകർഷതാ ബോധമുണ്ടായി. ‘മെയ്ഡ് ഇൻ ഫോറിൻ’ ഒരു സ്റ്റാറ്റസ് സിംബലാക്കി. ഇവർക്ക് ഒരിക്കലും ‘വോക്കല്‍ ഫോർ ലോക്കല്‍’ എന്നോ ‘ആത്മനിർഭർ ഭരത്’ എന്നോ പറയാനാവില്ല. രാജ്യത്തെ നാല് പ്രധാന വിഭാഗങ്ങളേക്കുറിച്ച് – യുവാക്കർ, സ്ത്രീകൾ, പിന്നാക്ക വിഭാഗം, കർഷകർ – രാഷ്ട്രപതി പറഞ്ഞു. ഇവരുടെ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് തയാറായില്ല. ദലിതർ, പിന്നാക്ക വിഭാഗം, ഗോത്രവിഭാഗക്കാർ എന്നിവർ ജന്മനാ കോൺഗ്രസിന്റെ എതിരാളികളാണ്. സംവണത്തെ എതിർത്തുകൊണ്ട് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതുക പോലും ഉണ്ടായി. അംബേദ്കർ ഉണ്ടായിരുന്നില്ലെങ്കിൽ എസ്‌സി, എസ്ടി സംവരണം പോലും ഉണ്ടാകുമായിരുന്നില്ല.
ഞാൻ ജനിച്ചത് സ്വതന്ത്ര ഇന്ത്യയിലാണ്. എന്റെ സ്വപ്നങ്ങളും സ്വതന്ത്രമാണ്. ഞാൻ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റെന്നും തകർത്തെന്നും കോൺഗ്രസ് പറയുന്നു. എന്നാൽ ബിഎസ്എൻഎലും എംടിഎൻഎലും ആരാണ് തകർത്തത്? ഹിന്ദുസ്ഥാൻ എയറോനോട്ടിക്സും എയർ ഇന്ത്യയും അവരാണ് തകർത്തത്. കോൺഗ്രസിനും യുപിഎയ്ക്കും അവരുടെ പരാജയത്തിൽനിന്ന് ഓടിയൊളിക്കാനാവില്ല. ബിഎസ്എൻഎലും എച്ച്എഎലും ഇപ്പോൾ ലാഭത്തിലേക്ക് കുതിക്കുകയാണ്. കോൺഗ്രസ് തകർക്കാൻ ശ്രമിച്ച എൽഐസിയുടെ ഓഹരികൾ ഇപ്പോള്‍ പുതിയ ഉയരത്തിലാണ്’’ –പ്രധാനമന്ത്രി പറഞ്ഞു.
ഈ ആഴ്ച ആദ്യം ലോക്സഭയിൽ നടന്ന ചർച്ചയിലും പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്. ‘‘കോൺഗ്രസ് ഒരു റദ്ദാക്കൽ സംസ്കാരത്തിൽ കുടുങ്ങിയിരിക്കുകയാണ്. അവർ വന്ദേഭാരതും മെയ്ക്ക് ഇൻ ഇന്ത്യ, പുതിയ പാർലമെന്റ് മന്ദിരം തുടങ്ങിയവയെല്ലാം റദ്ദാക്കും. ഇന്ത്യയുടെ എല്ലാനേട്ടങ്ങളെയും അവർ റദ്ദ് ചെയ്യും.’’ പ്രധാനമന്ത്രി പറഞ്ഞു. മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരികയാണെങ്കിൽ യുഎസിനും ചൈനയ്ക്കും പിറകേ ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമ്മേളനം ഒരു ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. യുപിഎ സർക്കാരിന്റെ കാലത്തെ ഇന്ത്യൻ സമ്പദ്ഘടനയുടെ അവസ്ഥയും 2014–ൽ മോദി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ഇതുവരെയുള്ള ഇന്ത്യയുടെ സമ്പദ്ഘടനയും വിശദമാക്കുന്ന റിപ്പോർട്ട് സഭയിൽ അവതരിപ്പിക്കും. ജനുവരി 31ന് തുടങ്ങിയ പാർലമെന്റ് സമ്മേളനം ഫെബ്രുവരി ഒമ്പതിനാണ് അവസാനിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാനത്തെ സമ്മേളനമാണ് ഇത്.