ADVERTISEMENT

ന്യൂഡൽഹി ∙ ഇടതുപക്ഷ എംപിമാരും എംഎൽഎമാരും നാളെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ പ്രചാരണത്തിനായാണ് ഇടതുപക്ഷം പ്രതിഷേധം നടത്തുന്നത്. ഡൽഹിയില്‍ പ്രതിഷേധം നടത്തി കോടികൾ ചെലവഴിക്കുന്നത് സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതിനു തുല്യമാണ്. സംസ്ഥാന ബജറ്റിനെ കള്ളപ്രചരണത്തിനുള്ള മാധ്യമമായി ഉപയോഗിച്ചെന്നും വി.മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. 

‘‘കേരളത്തിലെ ഇടതുപക്ഷ എംപിമാരും എംഎൽഎമാരും നാളെ മുതൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം അടുത്തകാലത്ത് രാജ്യതലസ്ഥാനം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകമാണ്. പൊതുഖജനാവിൽനിന്ന് കോടികൾ ചെലവിട്ടു കൊണ്ടുള്ള ഈ പ്രഹസനം ഡൽഹിയിൽ അരങ്ങേറുന്നത് സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാൻ വേണ്ടി മാത്രമുള്ളതാണ്. എംഎൽഎമാരും എംപിമാരും അവരുടെ പഴ്സനൽ സ്റ്റാഫും ഉൾപ്പെടെയുള്ള ആളുകൾ ഡൽഹിയിലേക്കു വരുമ്പോൾ ചുരുങ്ങിയത് ഒരുകോടി രൂപയെങ്കിലും ചെലവാകും. പിണറായി സർക്കാരിന്റെ പ്രചരണത്തിനായി നികുതിപ്പണം ഇത്തരത്തിൽ ‌ഉപയോഗിക്കുന്നത് സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതിനു തുല്യമാണ്’’ –മുരളീധരൻ പറഞ്ഞു. 

ഒരു കള്ളം പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നത്. 57,000 കോടി കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്ന കള്ളക്കണക്ക് ബജറ്റ് രേഖയിലടക്കം ഉൾപ്പെടുത്തുന്നതിലൂടെ ധനകാര്യ ‌മന്ത്രിയും മുഖ്യമന്ത്രിയും ബജറ്റിന്റെ പാവനത്വത്തെ നശിപ്പിച്ചു. കള്ളപ്രചരണത്തിനുള്ള മാധ്യമമായി ബജറ്റിനെ ഉപയോഗിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. കേരളത്തിന്റെ നിലവിലെ കടബാധ്യതാ സാഹചര്യം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടു മൂലം സംഭവിച്ചതാണ്. കടമെക്കുന്ന തുകയുടെ എത്ര ശതമാനമാണ് വികസനത്തിനും പുരോഗതിക്കുമായി ഉപയോഗിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പത്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മുഖ്യമന്ത്രിയെ മുരളീധരൻ വെല്ലുവിളിച്ചു.

വി.മുരളീധരൻ, പ്രകാശ് ജാവഡേക്കർ, രാജീവ് ചന്ദ്രശേഖർ എന്നിവർ മാധ്യമങ്ങളെ കാണുന്നു. (ചിത്രം: രാഹുൽ പട്ടം ∙ മനോരമ)
വി.മുരളീധരൻ, പ്രകാശ് ജാവഡേക്കർ, രാജീവ് ചന്ദ്രശേഖർ എന്നിവർ മാധ്യമങ്ങളെ കാണുന്നു. (ചിത്രം: രാഹുൽ പട്ടം ∙ മനോരമ)

 

കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങൾ

 

1. പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേരളത്തെ രാജ്യത്തെ ഏറ്റവും കടബാധ്യതയേറിയ സംസ്ഥാനമെന്ന് നിർവചിച്ചിട്ടുണ്ടോ ? കടമെടുപ്പ് പരിധി തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടോ ?  റിസര്‍വ് ബാങ്ക്, രാജ്യത്തെ ഏറ്റവും കടബാധ്യതയേറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍  കേരളത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ?

 

2. കേരളത്തിന്‍റെ കടം ജിഎസ്ഡിപിയുടെ 39% (2021-22) ആണോ?. രാജ്യത്താകെ സംസ്ഥാനങ്ങളുടെ ശരാശരി 29.8% ആണെന്നിരിക്കേ ഇത് കേരളം പോലൊരു സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെക്കുറിച്ച് പറയുന്നതെന്താണ് ?

 

3. 2016ൽ കേരളസര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം സംസ്ഥാനത്തിന്‍റെ കടമെടുപ്പ് മുഴുവൻ ദൈനംദിന ചെലവുകൾക്കാണെന്നു വ്യക്തമാക്കുന്നു. നിലവില്‍ കടമെടുക്കുന്ന തുകയുടെ എത്ര ശതമാനം സംസ്ഥാന വളര്‍ച്ചയ്ക്ക് ഉതകുന്ന മൂലധനനിക്ഷേപത്തിന് ഉപയോഗിക്കുന്നു ?

 

4. 2016ലെ ധവളപത്രം ,ചെലവ് നിയന്ത്രണത്തിലും തനതു വരുമാനം കൂട്ടുന്നതിലും കേരളം പരാജയപ്പെട്ടതായി വ്യക്തമാക്കിയിരുന്നു.  ഇതിനു പരിഹാരം കാണാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ? പന്ത്രണ്ട്, പതിമൂന്ന്, പതിനാല് ധനകാര്യ കമ്മിഷനുകള്‍ കേരളത്തിന്‍റെ സാമ്പത്തിക മിസ്മാനേജ്മെന്‍റ് ചൂണ്ടിക്കാട്ടിയിരുന്നു. പരിഹാരമായി എന്തു ചെയ്തു ?

 

5. കേരള പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി 2019ൽ ശമ്പളം,പെൻഷൻ,പലിശ എന്നീ ഇനങ്ങളിലെ ചെലവ് പാരമ്യത്തിലെത്തിയതായി കണ്ടെത്തി.  ഈ ചെലവുകള്‍ക്കായി തനത് വരുമാനത്തിൽ നിന്ന് എത്ര ചെലവാക്കുന്നു?

 

6. കിഫ്ബിയടക്കം ബജറ്റിന് പുറത്തെ വായ്പയുടെ തിരിച്ചടവ് ആരാണ് ചെയ്യുന്നത്? കിഫ്ബിക്കോ പെന്‍ഷന്‍ കമ്പനിക്കോ പലിശ തിരിച്ചടക്കാന്‍ തനത് വരുമാനമുണ്ടോ ?

 

7. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം 2022 ജൂണിൽ അവസാനിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നപ്പോള്‍ തനത് നികുതി വരുമാനം കൂട്ടാന്‍ എന്ത് നടപടി സ്വീകരിച്ചു ? എജി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നല്‍കാന്‍ സംസ്ഥാനം അഞ്ചുവര്‍ഷം കാത്തിരുന്നതെന്തിന് ? രേഖ നല്‍കിയ മുഴുവന്‍ തുകയും ലഭിച്ചില്ലേ ?

 

8. റവന്യൂ കമ്മി ഗ്രാന്‍റ് ഓരോ വര്‍ഷവും എത്ര കിട്ടുമെന്ന് അഞ്ചുവര്‍ഷം മുമ്പേ അറിയുന്നതല്ലേ ?  പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം  റവന്യൂ കമ്മി ഗ്രാന്‍റായി  52,345.3 കോടി ലഭിച്ചിട്ടില്ലേ ? ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിഹിതമല്ലേ ?

 

9. ക്ഷേമപെന്‍ഷന്‍ കുടിശിക 602.14 കോടി രൂപ കഴിഞ്ഞ ഒക്ടോബറില്‍ ( 2023)  കേന്ദ്രം കൊടുത്തു തീര്‍ത്തു. എന്നിട്ടും ചക്കിട്ടപാറയിലെ ജോസഫ് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്തുകൊണ്ട്?

 

10. യുജിസി ശമ്പള പരിഷ്കരണത്തിലെ 750 കോടി കിട്ടാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് തിരിച്ചടവ് ആണെന്ന് നേരത്തെ അറിയാം.  (ചെലവാക്കിയ പണം തിരികെ കൊടുക്കുകയാണ്) 31.03.2022ന് മുമ്പ് പണം നല്‍കിയതിന്‍റെ രേഖകള്‍ നല്‍കണമെന്ന് മൂന്നു തവണ ആവശ്യപ്പെട്ടിട്ടും കേരളസര്‍ക്കാര്‍ പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ നല്‍കാതിരുന്നത് എന്തുകൊണ്ട് ?

English Summary:

The protest organizing by the left allies in Delhi is a political drama: V Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com