വിദേശജോലി വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിച്ചെന്ന് ആരോപണം; വീസ ഏജന്റിന്റെ വീട്ടുപടിക്കൽ യുവതികളുടെ സമരം
Mail This Article
കൊച്ചി ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് രണ്ടു കുടുംബങ്ങൾ ആരോപണവിധേയന്റെ വീട്ടുപടിക്കൽ സമരത്തിൽ. എറണാകുളം സ്വദേശികളായ സെറിൻ പോൾ, രശ്മി മോഹൻ എന്നിവരാണ് കുട്ടികൾക്കൊപ്പം സമരമിരിക്കുന്നത്. ഉദയംപേരൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീസ ഏജന്റിന്റെ വീടിനു മുന്നിലാണ് ഇരുവരും സമരമിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിലാണ് യുവതികളുടെ കുടുംബങ്ങൾ തട്ടിപ്പു നടത്തി എന്നാരോപിക്കപ്പെടുന്ന ആളുമായി ബന്ധപ്പെടുന്നത്. ഈ സമയം, വിദേശത്തു ജോലിക്കു പോകാൻ ഐഇഎൽടിഎസ് അടക്കം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവർ. എന്നാൽ ഈ പരീക്ഷകളൊന്നും പാസാകാതെ തന്നെ കാനഡയിൽ ജോലി ലഭിക്കുമെന്ന് വീസ ഏജന്റ് തങ്ങളെ വിശ്വസിപ്പിച്ചെന്ന് ഇവർ പറയുന്നു. തുടർന്ന് ഉണ്ടായിരുന്ന ജോലി രാജിവച്ചു. ജൂണിൽ ഇരുവരും നാലു ലക്ഷം രൂപ വീതം കൈമാറി. ഒക്ടോബറിൽ വിദേശത്തേക്കു പോകാം എന്നാണു പറഞ്ഞിരുന്നത്. എന്നാൽ പല സംശയങ്ങള്‍ക്കും ഇവർ മറുപടി പറയാതിരിക്കുകയും ചോദിക്കുമ്പോൾ ഭീഷണി മുഴക്കിത്തുടങ്ങുകയും ചെയ്തു.
വണ്ടിയിടിപ്പിച്ചു കൊലപ്പെടുത്തും, ഭർത്താവിനെ വെട്ടിക്കൊല്ലും, കുട്ടികളെ ഉപദ്രവിക്കും തുടങ്ങിയവയായിരുന്നു ഭീഷണികൾ. പിന്നീട് ഇവർ ഫോൺ എടുക്കാതെയായി. എങ്കിലും ഇവരുടെ ഓഫിസിൽ നിരന്തരം കയറിയിറങ്ങിയതിനെ തുടർന്ന് കാനഡയിൽ സൂപ്പർവൈസർ തസ്തികയിലേക്ക് ജോലി ശരിയാക്കാമെന്ന് ഏജന്റ് ഉറപ്പു തന്നെന്ന് ഇവർ പറയുന്നു. ഇതിനായി ബാക്കി എട്ടു ലക്ഷം രൂപ വീതം ഇവർ ഈ ഏജന്റിന്റെ ബാങ്ക് അക്കൗണ്ട് മുഖേനെ കൈമാറി. ഒടുവിൽ നവംബർ 19നു ഡൽഹിയിൽ നിന്നു കാനഡയ്ക്ക് പോകാനുള്ള ടിക്കറ്റും അയച്ചു തന്നെന്ന് ഇവർ പറയുന്നു. ആറു ബാഗുകൾ അടക്കം പോകാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി. എന്നാൽ പോകുന്നതിന്റെ തലേന്ന് ഇയാൾ വിളിച്ച് യാത്ര നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന യാത്രാ ഇൻഷുറൻസ് ലഭിച്ചില്ല എന്നതായിരുന്നു പറഞ്ഞ കാരണം.
യാത്ര നടക്കില്ലെന്ന് ആയതോടെ തങ്ങൾ വഞ്ചിക്കപ്പെടുക ആയിരുന്നുവെന്ന് മനസിലായതായി യുവതികൾ പറയുന്നു. തുടർന്നു പണം തിരികെ ചോദിച്ചെങ്കിലും ഒരുവിധത്തിലും പണം നൽകാൻ ഈ ഏജന്റ് തയാറാകുന്നില്ലെന്ന് തട്ടിപ്പിനിരയായ സ്ത്രീകൾ പറയുന്നു. പലരോടും കടം വാങ്ങിയാണ് പണം നല്‍കിയത്. അവരൊക്കെ തിരികെ ചോദിച്ചു തുടങ്ങി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനു പരാതി നൽകി. അവിടെ നിന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയും അധികൃതര്‍ ഏജന്റിനെ വിളിപ്പിക്കുകയും ചെയ്തു. എന്നാൽ പല തവണയും അഭിഭാഷകനെ പറഞ്ഞു വിടുകയാണ് ഏജന്റ് ചെയ്തത്. ഒടുവിൽ ഒന്നര ലക്ഷം രൂപ വീതം നല്‍കാമെന്ന് ഏജന്റ് പറഞ്ഞു. ഈ പണം പോലും നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. ഒടുവിൽ അവസാന ആശ്രയമെന്ന നിലയ്‍ക്കാണ് വീടിനു മുന്നില്‍ സമരമിരിക്കാൻ തീരുമാനിച്ചത് എന്ന് യുവതികൾ പറയുന്നു.