‘ഗ്യാൻവാപി മസ്ജിദിന് ഒരു വ്യക്തിത്വമുണ്ട്; കോടതിയും ഭരണകൂടവും ആരാധനാലയങ്ങൾക്ക് സുരക്ഷ നൽകണം’
Mail This Article
കോഴിക്കോട് ∙ ഗ്യാൻവാപി മസ്ജിദിന് ഒരു വ്യക്തിത്വമുണ്ടെന്നും അവിടെ ബഹുദൈവാരാധനയെ പ്രതിഷ്ഠിക്കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആരാധനാലയങ്ങൾക്കു സുരക്ഷ നൽകണം. അതാത് മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളാണ് ആരാധനാലയങ്ങളുടെ ആത്മാവെന്നും തങ്ങൾ പറഞ്ഞു.
Read Also: ഗ്യാൻവാപി തർക്കത്തിൽ ഹിന്ദുവിഭാഗവും സർക്കാരും ഒറ്റക്കെട്ടോ? മുസ്‌ലിം വിഭാഗം കോടതിയിൽ
‘‘ആരാധനാലയങ്ങൾക്കെല്ലാം അതിന്റേതായ പവിത്രതയും വ്യക്തിത്വവുമുണ്ട്. അതാത് മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളാണ് ആരാധനാലയങ്ങളുടെ ആത്മാവ്. ആ പ്രമാണങ്ങളെ ഇല്ലാതാക്കുമ്പോൾ ആരാധനാലയങ്ങളുടെ ആത്മാവ് തന്നെ നഷ്ടപ്പെടുകയാണ്. ഗ്യാൻവാപി മസ്ജിദിന് ഒരു വ്യക്തിത്വമുണ്ട്. മസ്ജിദിന്റെ ഏകദൈവാരാധനയെ മറികടന്ന് അവിടെ ബഹുദൈവാരാധനയെ പ്രതിഷ്ഠിക്കുന്നത് നിയമ വ്യവസ്ഥയെയും സാമൂഹികമായ സഹവർത്തിത്വത്തെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആരാധനാലയങ്ങൾക്ക് സുരക്ഷിതത്വമാണ് നൽകേണ്ടത്. ഇന്ത്യയിൽ അതു നഷ്ടപ്പെടുകയാണ്. സർക്കാരും കോടതികളും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്തതകളാണ് ഇന്ത്യയുടെ ആത്മാവ്. ഈ വ്യത്യസ്തതകൾ ഏറ്റുമുട്ടാതിരിക്കാനാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം പാസ്സാക്കിയത്. അതിനെയെല്ലാം വെല്ലുവിളിക്കുന്നത് സാമൂഹിക സഹവർത്തിത്വത്തിനും ഇന്ത്യയുടെ നിലനിൽപ്പിനും അപകടം ചെയ്യും. സൗഹാർദ്ദത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാനത്തിൽ ഇത്തരം വെല്ലുവിളികൾ നേരിടുക എന്നതാണ് മുസ്‌ലിംലീഗിന്റെ രീതി’’ - സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.