മനുവിന്റെ മൃതദേഹം കുടുംബം ഏറ്റെടുത്തു; പങ്കാളിക്ക് ആശുപത്രിയിൽ അന്തിമോപചാരം അർപ്പിക്കാൻ അനുമതി
Mail This Article
കൊച്ചി∙ ഫ്ലാറ്റിൽനിന്ന് വീണുമരിച്ച എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കുടുംബം ഏറ്റെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം പൊലീസിനു കൈമാറും. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം. ഇന്നുതന്നെ മൃതദേഹം കൈമാറാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തടസങ്ങൾ ഉണ്ടാകരുതെന്നും കോടതി നിർദ്ദേശിച്ചു. ഇതിനു മുൻപായി കളമശേരി മെഡിക്കൽ കോളജിൽവച്ച് അന്തിമോപചാരം അർപ്പിക്കാൻ മനുവിന്റെ പങ്കാളിയായ മുണ്ടക്കയം സ്വദേശി ജെബിന് കോടതി അനുമതി നൽകി.
Read also: ‘മനുവിന്റെ മൃതദേഹത്തോട് അനാദരവ് അരുത്’: മൃതദേഹം വിട്ടുകിട്ടാൻ പങ്കാളി കോടതിയിൽ
അതേസമയം, മൃതദേഹത്തെ അനുഗമിക്കാൻ അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും, മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. മെഡിക്കൽ ബില്ലായി ഒരു ലക്ഷം രൂപ അടയ്ക്കാനും ഹർജിക്കാരനു നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ മൃതദേഹം വിട്ടുകൊടുക്കുന്നതിനുള്ള ഉപാധിയായിരിക്കരുത് അതെന്നും, വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കാൻ കുടുംബം അനുവദിച്ചാൽ പൊലീസ് ഹർജിക്കാരന് ആവശ്യമായ സംരക്ഷണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ഈ മാസം മൂന്നിനു പുലർച്ചെയാണ് മനുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. ഫോൺ ചെയ്യാനായി ടെറസിലേക്കു പോയ മനു തെന്നി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മനുവിനെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു മരണത്തിനു കീഴടങ്ങി.
പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്നു വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി ജെബിൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം വാർത്തകളിൽ ഇടംപിടിച്ചത്. മനുവിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ ചെലവായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാമെന്നും ജെബിൻ അറിയിച്ചിരുന്നു. ഈ പണം കൈപ്പറ്റി മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജെബിൻ ഹൈക്കോടതിയെ സമീപിച്ചത്.
ലിവ് ഇൻ റിലേഷൻഷിപ്പായി എറണാകുളത്തെ ഫ്ലാറ്റിൽ ഒന്നിച്ചാണു താമസിക്കുന്നതെന്നും പങ്കാളിയായ മനുവിന്റെ കുടുംബം ബന്ധത്തിന് എതിരായിരുന്നെന്നും ഹർജിയിൽ അറിയിച്ചിരുന്നു. മനുവിന്റെ മാതാപിതാക്കൾ പണമടച്ച് മൃതദേഹം ഏറ്റുവാങ്ങാൻ തയാറല്ലെന്ന് അറിയിച്ചതിനാൽ തനിക്ക് മൃതദേഹം വിട്ടുനൽകണമെന്നാണ് ജെബിൻ ആവശ്യപ്പെട്ടത്.
കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോൾ മൃതദേഹം സൂക്ഷിച്ചിരുന്ന സ്വകാര്യ ആശുപത്രിയുടെ നിലപാട് കോടതി തേടിയിരുന്നു. എന്നാൽ തങ്ങൾ ഒരിക്കലും ഇത്ര പണം വേണമെന്ന് നിർബന്ധം പിടിച്ചിട്ടില്ലെന്നും പൊതുതാൽപര്യാർഥം 1.3 ലക്ഷം രൂപയോളം വേണ്ടെന്നു വയ്ക്കാൻ തയാറാണെന്നും സ്വകാര്യ ആശുപത്രി വ്യക്തമാക്കി.
എന്നാൽ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ്, മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ സമ്മതം അറിയിച്ചതായി സർക്കാർ കോടതിയിൽ വിശദീകരിച്ചത്.