ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗത്തിൽ ജനിച്ച ആളല്ലെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രസർക്കാർ.  പ്രധാനമന്ത്രിയുടെ ജാതിയെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിലെ വസ്തുതകൾ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ കുറുപ്പിലാണ് സർക്കാരിന്റെ മറുപടി. ഗുജറാത്ത് സർക്കാരിന്റെ പട്ടികയിൽ മോദി ഉൾപ്പെടുന്ന ഗ്രൂപ്പാണ് മോദ് ഗഞ്ചി ജാതിയെന്ന് സർക്കാർ പറഞ്ഞു. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഇവർ ഒബിസി വിഭാഗത്തിൽപ്പെട്ടവരാണെന്നും കുറുപ്പിൽ വ്യക്തമാക്കുന്നു.

ഒബിസി അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തി പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ഒഡീഷയിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ആരോപിച്ചത്. ഗുജറാത്തിൽ ബി.ജെ.പി ഭരിക്കുന്ന കാലത്താണ് ഗഞ്ചി വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഒബിസി,ദളിതർ,പട്ടികവർഗക്കാർ എന്നിവരുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ ജാതിയില്ലെന്നു മോദി പറയും. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ താൻ ഒബിസിയാണെന്നു മോദി പറയുമെന്നും രാഹുൽ ആരോപിച്ചു. 

ഗുജറാത്തിൽ നടന്ന സർവേയ്ക്ക് ശേഷം മണ്ഡൽ കമ്മീഷൻ സൂചിക 91 (എ) പ്രകാരമാണ് ഒബിസികളുടെ പട്ടിക തയ്യാറാക്കിയതെന്ന് സർക്കാർ വിശദീകരിക്കുന്നു. അതിൽ മോദ് ഗഞ്ചി വിഭാഗം ഉൾപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഗുജറാത്തിലെ 105 ഒബിസി ജാതികളുടെ പട്ടികയിലും മോദ് ഗഞ്ചികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 1994ൽ ഗുജറാത്തിൽ കോൺഗ്രസ് സർക്കാർ ഭരിക്കുന്ന സമയത്താണ് ഒബിസി പട്ടികയിൽ ഉപഗ്രൂപ്പിനെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ‌ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2000 ഏപ്രിൽ നാലിനാണ് ഒബിസി ഉപവിഭാഗങ്ങളുടെ പട്ടികയിൽ കേന്ദ്ര സർക്കാർ മോദ് ഗഞ്ചിനെ ഉൾപ്പെടുത്തിയത്. രണ്ട് അവസരത്തിലും മോദി അല്ല അധികാരത്തിൽ ഇരുന്നതെന്നും സർക്കാർ രാഹുലിനെ ഓർമ്മിപ്പിക്കുന്നു.

ജാതി സെൻസസുമായി ബന്ധപ്പെട്ടു സർക്കാരും പ്രതിപക്ഷവും തമ്മിൽ തർക്കം രൂക്ഷമായിരിക്കെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ ജാതിയെ പ്രതിപാദിച്ച് പ്രസംഗം നടത്തിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് ഭാരത് ജോഡോ ന്യായ് യാത്രയിൽ ഉടനീളം രാഹുൽ പറയുന്നുണ്ട്.

English Summary:

Centre hits back after rahul gandhis pm not born in obc family claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com