മാഞ്ചസ്റ്റർ – ഗോവ യാത്രയ്ക്കിടെ വിമാനത്തിന്റെ ചിറകിൽ ഗാഫർ ടേപ്പ്; വിശദീകരണവുമായി അധികൃതർ
Mail This Article
ലണ്ടൻ∙ മാഞ്ചസ്റ്റർ – ഗോവ വിമാനയാത്രയ്ക്കിടെ വിമാനത്തിന്റെ ചിറകിൽ ഗാഫർ ടേപ്പു കണ്ടു യുകെയിലെ ഒരു വിമാന യാത്രികൻ ഞെട്ടി. അറുപത്തിരണ്ടു വയസുകാരനായ ഡേവിഡ് പാർക്കർ ഫെബ്രുവരി അഞ്ചിനു തന്റെ പ്രതിശ്രുത വധുവിനൊപ്പം ഗോവയിലേക്ക് പോകുമ്പോൾ ബോയിംഗ് 787ന്റെ പുറംഭാഗത്താണു വെള്ളി ടേപ്പിന്റെ പാച്ചുകൾ കണ്ടത്. ‘‘വിമാന യാത്രയുടെ പാതിവഴിയിൽ ചിറകിലുടനീളം ഗാഫർ ടേപ്പു കണ്ടപ്പോൾ ഞാൻ വളരെ ആശ്ചര്യപ്പെട്ടു. യാത്രയുടെ മധ്യത്തിൽ അത് അടർന്നുവീഴാൻ തുടങ്ങി. എന്താണ് കുഴപ്പമെന്ന് ഞാൻ ചിന്തിച്ചു. ലോകമെമ്പാടും പറന്നു, പക്ഷേ ഇതുവരെ ഇങ്ങനെയൊന്നു കണ്ടിട്ടില്ല, ഞാൻ അത് എന്റെ പങ്കാളിയേയും കാണിച്ചു’’– ഡേവിഡ് പാർക്കർ പറഞ്ഞു.
ബോയിംഗ് 787 വിമാനം നിർമ്മിക്കുന്ന മെറ്റീരിയൽ സ്പീഡ് ടേപ്പാണ് ഇതെന്നു പിന്നീട് അധികൃതർ വ്യക്തമാക്കി. ടേപ്പ് തികച്ചും സുരക്ഷിതമാണെന്നും വിമാനത്തിന്റെ ഘടനാപരമായ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും കമ്പനി ഉറപ്പുനൽകി. ചില താൽക്കാലിക പരിഹാരങ്ങൾക്കായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അംഗീകരിച്ച ഉപകരണമാണു സ്പീഡ് ടേപ്പെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ മാസം ഒറിഗോണിൽ നിന്ന് കാലിഫോർണിയയിലേക്കുള്ള യാത്രയ്ക്കിടെ ബോയിംഗ് 737 മാക്‌സ് 9 ജെറ്റിന്റെ ഡോർ പാനൽ പൊട്ടിത്തെറിച്ചിരുന്നു. വിമാനത്തിലെ നാലു പ്രധാന ബോൾട്ടുകൾ നഷ്‍ടപ്പെട്ടതാണ് ഇതിനുപിന്നിലെ കാരണമെന്നാണ് ദേശീയ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് പറയുന്നത്.