ADVERTISEMENT

ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഹൽദ്‍വാനിയില്‍ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചുനീക്കിയ സംഭവത്തിൽ പൊലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘർഷത്തിനിടെ രണ്ടു പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 250 പേർക്കു പരുക്കേറ്റതായാണ് വിവരം. ഇതിൽ നൂറോളം പേർ പൊലീസുകാരാണ്. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സംഘർഷം കണക്കിലെടുത്തു സ്കൂളുകള്‍ വെളളിയാഴ്ച അടച്ചിടും. ആക്രമികളെ വെടിവയ്ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദ്ദേശം നൽകി. പ്രദേശത്തു നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ഇന്റർനെറ്റ് അടക്കം നിരോധിച്ചിട്ടുണ്ട്.

ഹൽദ്‍വാനിയിലെ മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷനു സമീപം അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചുനീക്കിയത്. ഇതിനു പിന്നാലെ മദ്രസയ്ക്കു സമീപം താമസിക്കുന്നവർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. വൻ ജനക്കൂട്ടമാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ഇതോടെ അവിടെയെത്തിയ പ്രാദേശിക ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പൊലീസ് സ്റ്റേഷനുള്ളിൽ കുടുങ്ങി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

അർധസൈനിക വിഭാഗത്തെ പ്രദേശത്ത് സുരക്ഷയ്ക്കായി നിയോഗിച്ചതിനു പിന്നാലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ടെന്നാണു വിവരം. വിഡിയോ റെക്കോർഡിങ് ഉൾപ്പെടെയുള്ള തെളിവുകളിലൂടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കലാപത്തിന് ഉത്തരവാദികളായവർ ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കലാപകാരികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

English Summary:

4 dead, 250 injured in uttarakhand violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com