തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയ സ്ത്രീ പേവിഷ ബാധയേറ്റ് മരിച്ചു; നായയെ പിടികൂടാനായില്ല
Mail This Article
കുമരനല്ലൂർ (പാലക്കാട്)∙ നായയുടെ കടിയേറ്റ് ചികിത്സ തേടിയ യുവതി പേവിഷ ബാധയേറ്റു മരിച്ചു. പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി തെക്കിനിത്തേതിൽ കബീറിന്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. ഇവർ പേ വിഷബാധയ്‌ക്കെതിരെ മൂന്നു ഡോസ് വാക്‌സിനെടുത്തിരുന്നു.
കഴിഞ്ഞ ജനുവരി 15നാണ് പടിഞ്ഞാറങ്ങാടിയിലും പരിസരത്തും വച്ച് ആറിലധികം പേർക്ക് തെരുവുനായയുടെ കടിയേറ്റത്. ഇവരെല്ലാം പ്രതിരോധ കുത്തിവയ്പും എടുത്തിരുന്നു.
എന്നാൽ, മൈമുനയ്‌ക്ക് ഈ മാസം നാലിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചാണ് ഇവർ മരിച്ചത്. ചെവിക്ക് സമീപത്താണ് ഇവർക്ക് കടിയേറ്റിരുന്നത്. ജംഷീറാണ് മൈമുനയുടെ മകൻ.
പേവിഷബാധയാണ് മരണ കാരണമെന്ന് തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആളുകളെ ആക്രമിച്ച നായയെ പിടികൂടാനായിരുന്നില്ല.