ചരൺ സിങ്ങിന് ഭാരതരത്നം: വീണ്ടും ചര്ച്ചയായി ആർഎൽഡി – ബിജെപി സഖ്യസാധ്യത
Mail This Article
ലക്നൗ∙ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചത് ബിഹാറിനു പിന്നാലെ യുപിയിലും ഇന്ത്യ മുന്നണിയിൽ വിള്ളൽ വീഴ്ത്താൻ ബിജെപി അണിയറനീക്കം നടത്തുന്നെന്ന സൂചനകൾക്കിടെ. ചരൺ സിങ്ങിന്റെ മകൻ അജിത് സിങ് സ്ഥാപിച്ചതും നിലവിൽ അദ്ദേഹത്തിന്റെ ചെറുമകൻ ജയന്ത് ചൗധരി നയിക്കുന്നതുമായ രാഷ്ട്രീയ ലോക്ദളിനെ (ആർഎൽഡി) എൻഡിഎയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ചരൺ സിങ്ങിന് മരണാന്തര ബഹുമതിയായി ഭാരതരത്നം നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
Read also: നരസിംഹ റാവു, ചൗധരി ചരൺ സിങ്, എം.എസ്.സ്വാമിനാഥൻ എന്നിവർക്കു ഭാരതരത്ന
സമാജ്‌വാദി പാർട്ടി (എസ്പി), കോൺഗ്രസ്, ആർഎൽഡി എന്നിവയുൾപ്പെട്ട ഇന്ത്യ മുന്നണി പിളർത്താൻ ലക്ഷ്യമിട്ടാണ് ബിജെപി നീക്കമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കാൻ 4 സീറ്റാണ് ആർഎൽഡിക്ക് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. യുപിയിൽ 7 സീറ്റ് നൽകാമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആർഎൽഡിയെ അറിയിച്ചിരുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ എസ്പിക്കൊപ്പം ഉറച്ചു നിന്ന ജയന്ത് നിലവിൽ എസ്പിയുടെ ക്വാട്ടയിൽ രാജ്യസഭാംഗമാണ്.
എന്നാൽ ആർഎൽജി– ബിജെപി രഹസ്യചർച്ചകളുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഭാരതരത്നം പ്രഖ്യാപനമെന്നാണ് വിലയിരുത്തൽ. ജയന്ത് ചൗധരിയുടെ പ്രതികരണവും എൻഡിഎയിലേക്ക് പോകുന്നെന്ന സൂചന നൽകുന്നു. ‘‘മുൻ സർക്കാരുകൾക്ക് ചെയ്യാൻ കഴിയാതിരുന്നത് ഇന്ന് പ്രധാനമന്ത്രി മോദിയുടെ വീക്ഷണത്തിലൂടെ പൂർത്തിയായി. മുഖ്യധാരയുടെ ഭാഗമല്ലാത്ത ആളുകളെ പ്രോത്സാഹിപ്പിച്ചതിന് പ്രധാനമന്ത്രി മോദിയുടെ സർക്കാരിന് ഒരിക്കൽ കൂടി എന്റെ നന്ദി അറിയിക്കുന്നു. ഇതൊരു വലിയ ദിവസമാണ്... എനിക്ക് വൈകാരിക നിമിഷമാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവിനും ബിജെപിസർക്കാരിനും പ്രധാനമന്ത്രി മോദിക്കും നന്ദി പറയുന്നു. ജനങ്ങളുടെ വികാരം ഈ തീരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു’’– പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ജയന്ത് ചൗധരി പറഞ്ഞു.
എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന്, ‘‘ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? ഇന്ന് നിങ്ങളുടെ ചോദ്യങ്ങൾ ഞാൻ എങ്ങനെ നിഷേധിക്കും? സീറ്റുകളെക്കുറിച്ചോ വോട്ടുകളെക്കുറിച്ചോ സംസാരിക്കുന്നത് ഈ ദിവസത്തെ പ്രാധാന്യം കുറയ്ക്കും. ഞാൻ പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നതു തന്നെ അദ്ദേഹം രാജ്യത്തിന്റെ വികാരങ്ങളും സ്വഭാവവും മനസ്സിലാക്കുന്നു എന്നതിന്റെ തെളിവാണ്.’’ ജയന്ത് ചൗധി വ്യക്തമാക്കി.
പടിഞ്ഞാറൻ യുപിയിലെ ജാട്ട് സമുദായമാണ് ആർഎൽഡിയുടെ വോട്ട് ബാങ്ക്. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളായി ഈ മേഖലയിലെ ജാട്ട് വോട്ടർമാർ ബിജെപിക്കൊപ്പമാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ ആർഎൽഡിക്കു സാധിച്ചില്ല. ഇക്കുറി ബിജെപിക്കൊപ്പം നിന്നാൽ പ്രയോജനമുണ്ടാകുമെന്നാണ് ആർഎൽഡിയുടെ ചിന്ത.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അടുത്തയാഴ്ച യുപിയിലേക്കു കടക്കാനിരിക്കെയാണ് ‘ഇന്ത്യ’യിലെ സഖ്യകക്ഷിയെ അടർത്തിയെടുക്കാനുള്ള അണിയറ നീക്കം ബിജെപി സജീവമാക്കിയത്. കഴിഞ്ഞ മാസം രാഹുലിന്റെ യാത്ര ബിഹാറിൽ കടക്കുന്നതിനു തൊട്ടുമുൻപാണ് ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ത്യ മുന്നണി വിട്ട് എൻഡിഎക്കൊപ്പം ചേർന്നു വീണ്ടും മുഖ്യമന്ത്രിയായത്. ഇതിനു മുൻപ് ബിഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപൂരി ഠാക്കൂറിനു മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയിരുന്നു.