ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന മൂന്നു പേർക്കു കൂടി. മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ്.സ്വാമിനാഥൻ എന്നിവർക്കാണു ഭാരതരത്ന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണു പുരസ്കാരം.

ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളിയാണു സ്വാമിനാഥൻ. നേരത്തേ, എം.ജി.രാമചന്ദ്രന് (എംജിആർ) ഭാരതരത്ന കിട്ടിയിട്ടുണ്ടെങ്കിലും അദ്ദേഹം സ്വയം തമിഴ്‌നാട്ടുകാരനായാണു വിശേഷിപ്പിച്ചതും അവിടെയാണു ജീവിച്ചതും. മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അഡ്വാനി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർ‌ക്കു കഴിഞ്ഞദിവസം ഭാരതരത്ന പ്രഖ്യാപിച്ചിരുന്നു. സാധാരണയായി വർഷത്തിൽ പരമാവധി മൂന്നു പേർക്കാണു ഭാരതരത്ന നൽകാറുള്ളത്. ഇത്തവണ 5 പേരെ പുരസ്കാരത്തിനു കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തതു റെക്കോർഡാണ്.

കോൺഗ്രസ് നേതാവായ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന 1991– 1996 കാലത്താണു രാജ്യത്തു സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയത്. 1921 ജൂണ്‍ എട്ടിന് ആന്ധ്രാപ്രദേശിലെ കരിംനഗറിലാണു റാവുവിന്റെ ജനനം. കര്‍ഷകനും അഭിഭാഷകനുമായിരുന്ന റാവു, 1971 മുതല്‍ 73 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി. 1957 മുതല്‍ 1977 വരെ ആന്ധ്ര നിയമസഭാംഗവും 1977 മുതല്‍ 1984 വരെ ലോക്‌സഭാംഗവുമായിരുന്നു. 1984 ഡിസംബറില്‍ രാംടെക്കില്‍നിന്നാണ് എട്ടാം ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, മനുഷ്യവിഭവശേഷി മന്ത്രി തുടങ്ങിയ ചുമതലകളും വഹിച്ചു. 

ഉത്തര്‍പ്രദേശിലെ നുര്‍പുരില്‍ 1902ലാണു ചരണ്‍ സിങ്ങിന്റെ ജനനം. കോണ്‍ഗ്രസില്‍ ചേര്‍ന്ന ചരണ്‍ സിങ് 1937ല്‍ ചപ്രോളി മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി. പിന്നീട് ഉത്തർപ്രദേശിൽ വിവിധ കാലഘട്ടങ്ങളിൽ മന്ത്രിയും മുഖ്യമന്ത്രിയുമായി. മികച്ച പാര്‍ലമെന്റേറിയനും പ്രായോഗികവാദിയുമായ അദ്ദേഹം തന്റെ പ്രഭാഷണ ചാതുര്യംകൊണ്ടും ശ്രദ്ധ. യുപിയിലെ ഭൂപരിഷ്‌കരണത്തിന്റെ ശില്‍പിയാണ്. ലളിത ജീവിതത്തിന്റെ പ്രയോക്താവായ അദ്ദേഹം കേന്ദ്രമന്ത്രിയായും ഉപപ്രധാനമന്ത്രിയായും തിളങ്ങി. 1979 ജൂലൈ 28 മുതൽ ഓഗസ്റ്റ് 20 വരെ പ്രധാനമന്ത്രിയായിരുന്നു.

ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമായ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ 1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്താണു ജനിച്ചത്. കുംഭകോണത്തു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവിതാംകൂർ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം മഹാരാജാസ് കോളജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദമെടുത്തു. തുടർന്ന് കോയമ്പത്തൂർ കാർഷിക കോളജിൽനിന്നു സ്വർണമെഡലോടെ ബിരുദം. ഐപിഎസിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത് ഉപേക്ഷിച്ച് നെതർലൻഡ്സിൽ കാർഷിക ഗവേഷണത്തിനുള്ള യുനെസ്കോ ഫെലോഷിപ്പിനുള്ള ക്ഷണം സ്വീകരിച്ചു. പട്ടിണിരാജ്യമായിരുന്ന ഇന്ത്യയുടെ ഗോതമ്പ് ഉൽപാദനത്തിൽ ചുരുങ്ങിയ കാലയളവിൽ വൻ വർധനവുണ്ടാക്കി മിച്ചധാന്യം ലഭ്യമാക്കി അദ്ഭുത മനുഷ്യനായി. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകനുമായി.

English Summary:

Former Prime Ministers PV Narasimha Rao, Chaudhary Charan Singh and agricultural scientist MS Swaminathan have been awarded the Bharat Ratna.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com