യുക്രെയ്നിൽ റഷ്യയെ പരാജയപ്പെടുത്തുക അസാധ്യം; യുദ്ധം വിപുലീകരിക്കാൻ താൽപര്യമില്ലെന്നു പുട്ടിൻ
Mail This Article
മോസ്കോ∙ യുക്രെയ്നിൽ റഷ്യയെ പരാജയപ്പെടുത്തുന്നത് അസാധ്യമാണെന്നും മോസ്കോയുടെ പ്രാദേശിക നേട്ടങ്ങൾ നാറ്റോ അംഗീകരിക്കണമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. യുദ്ധക്കളത്തിൽ റഷ്യയോടു തോൽവി ഏറ്റുവാങ്ങുമെന്നതിനാൽ കോലാഹലവും നിലവിളിയും ഉയർന്നുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് മാധ്യമപ്രവർത്തകനായ ടക്കർ കാൾസന് നൽകിയ അഭിമുഖത്തിലാണു പുട്ടിൻ നിലപാടു വ്യക്തമാക്കിയത്. 2022 ഫെബ്രുവരിയിൽ യുക്രെയ്നെ ആക്രമിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചാണ് അഭിമുഖത്തിൽ ഉടനീളം പുട്ടിൻ സംസാരിച്ചത്.
പാശ്ചാത്യ രാജ്യങ്ങളുടെ സഹായം ഉണ്ടായിരുന്നിട്ടും റഷ്യയെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെന്നും പുട്ടിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പാശ്ചാത്യ മാധ്യമ പ്രവർത്തകനുമായി പുട്ടിൻ നടത്തുന്ന ആദ്യ അഭിമുഖമാണിത്. യുദ്ധത്തിനു പിന്നാലെ രാജ്യാന്തര മാധ്യമങ്ങളുമായി അകലം പാലിക്കാൻ പുട്ടിൻ ശ്രമിച്ചിരുന്നു. രണ്ടു മണിക്കൂറോളമാണു ടക്കർ കാൾസന് പുട്ടിന്‍ അഭിമുഖം നൽകിയത്.
റഷ്യ പോളണ്ടിനെയോ ലാത്വിയയെയോ ആക്രമിക്കുമോയെന്നതു ചോദ്യമല്ല. യുക്രെയ്നിലെ യുദ്ധം വിപുലീകരിക്കുന്നതിൽ ഞങ്ങൾക്കു താൽപര്യവുമില്ല. വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ മോചിപ്പിക്കാൻ ഒരു കരാർ സാധ്യമാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഒരു വിലക്കുമില്ല. ഞങ്ങൾ അതു പരിഹരിക്കാൻ തയാറാണ്. ഒരു കരാറിലെത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും പുട്ടിൻ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിലാണ് ചാരവൃത്തി ആരോപിച്ചു ഗെർഷ്‌കോവിച്ചിനെ തടവിലാക്കിയത്.