സ്കൂളുകളിൽ ബോംബ് വച്ചെന്ന് വ്യാജസന്ദേശം; മുൾമുനയിൽ ചെന്നൈ, നെഞ്ചിടിപ്പിൽ മലയാളികളും
Mail This Article
ചെന്നൈ ∙ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഇ–മെയിൽ സന്ദേശം ചില സ്വകാര്യ സ്കൂളുകൾക്ക് ലഭിച്ചത് ചെന്നൈ നഗരത്തെയാകെ മുൾമുനയിലാക്കി. കുട്ടികളെ വീട്ടിലേക്കു തിരികെ കൊണ്ടുവരാനായി രക്ഷിതാക്കൾ സ്കൂളിലേക്ക് എത്തിയതോടെ നഗരം കനത്ത ഗതാഗതക്കുരുക്കിൽപ്പെട്ടു. ബോംബ് ഭീഷണി ലഭിച്ചതും അല്ലാത്തതുമായ സ്കൂളുകളിൽനിന്നു വിദ്യാർഥികളെ കൂട്ടത്തോടെ തിരിച്ചയച്ചതോടെ പഠനം തടസ്സപ്പെട്ടു. മിക്ക സ്കൂളുകൾക്കും ഇന്നലെ ഉച്ചയോടെ അവധി നൽകി. എന്നാൽ, വൈകാതെ ഭീഷണി വ്യാജമാണെന്ന് ചെന്നൈ പൊലീസ് സ്ഥിരീകരിച്ചു.
അണ്ണാ നഗർ, ഗോപാലപുരം, മുഗപ്പെയർ, ബ്രോഡ്‌വേ, ഒട്ടേരി എന്നിവിടങ്ങളിലുള്ള 13 സ്വകാര്യ സ്കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ബോംബ് സ്ക്വാഡ്, പ്രത്യേക പരിശീലനം ലഭിച്ച നായകൾ എന്നിവ നടത്തിയ പരിശോധനയിൽ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിനു പിന്നിലുള്ളവരെ എത്രയും വേഗം കണ്ടെത്തുമെന്നും ഭീതി വേണ്ടെന്നും അഡി.കമ്മിഷണർ പ്രേം ആനന്ദ് സിൻഹ പറഞ്ഞു.
സാധാരണ ദിവസം പോലെ രാവിലെ കുട്ടികളെ സ്കൂളിലേക്ക് അയച്ച രക്ഷിതാക്കൾക്ക് ഏതാനും മണിക്കൂറുകൾക്കകമാണു ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. സന്ദേശം ലഭിച്ച പാരിസിലുള്ള സ്വകാര്യ സ്കൂൾ ഉടൻ പൊലീസിൽ പരാതി നൽകുകയും കുട്ടികളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് രക്ഷിതാക്കൾക്കു സന്ദേശം അയയ്ക്കുകയും ചെയ്തു.
ചാനലുകളിൽ വാർത്ത വന്നതോടെ സ്കൂൾ ഗേറ്റുകൾക്ക് മുന്നിൽ രക്ഷിതാക്കളുടെ തിക്കുംതിരക്കുമായി. അതിനിടെ, ബോംബ് ഭീഷണി ഇല്ലാത്ത സ്കൂളുകളിലേക്കും രക്ഷിതാക്കൾ ആശങ്കയോടെ എത്തി. പ്രശ്നങ്ങളൊന്നുമില്ലെന്നും വിദ്യാർഥികൾ സുരക്ഷിതരാണെന്നും രക്ഷിതാക്കളെ അറിയിച്ചെങ്കിലും ചിലർ മടങ്ങിപ്പോകാൻ കൂട്ടാക്കിയില്ല. തുടർന്ന്, അവരുടെ ആവശ്യപ്രകാരം കുട്ടികളെ വിടുകയായിരുന്നു.
നെഞ്ചിടിപ്പോടെ മലയാളികളും
സ്കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന വിവരം മലയാളി രക്ഷിതാക്കളെയും പരിഭ്രാന്തരാക്കി. വിവരം അറിഞ്ഞതിനു പിന്നാലെ സ്കൂളിലെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നെന്ന് മുഗപ്പെയറിൽ താമസിക്കുന്ന വീട്ടമ്മ പറഞ്ഞു. കുട്ടികൾ സുരക്ഷിതരാണെന്ന് സ്കൂളിൽ നിന്ന് അറിയിച്ചത് വലിയ ആശ്വാസമായെന്ന് വില്ലിവാക്കത്ത് താമസിക്കുന്ന വീട്ടമ്മ വ്യക്തമാക്കി.
ബോംബ് വച്ചിട്ടുണ്ടെന്ന ഇ–മെയിൽ, ഫോൺ കോൾ, കത്ത് തുടങ്ങിയവ ലഭിച്ചാൽ സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരിഭ്രാന്തരാകരുതെന്ന് സിറ്റി പൊലീസ് അറിയിച്ചു. സ്കൂൾ പ്രവർത്തനം നിർത്തിവയ്ക്കേണ്ടതില്ല. 100, 112 എന്നീ നമ്പറുകളിൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണം. വ്യാജവിവരം നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.