ADVERTISEMENT

കോഴിക്കോട്∙ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും നടമാടിയിരുന്ന കാലത്ത് അതിജീവനത്തിനുള്ള മാർഗമായി തുടങ്ങിയ ഊരാളുങ്കൽ സഹകരണ പ്രസ്ഥാനം നൂറാം വയസ്സിലേക്കെത്തി നിൽക്കുന്നു. ചരിത്രം തീർത്തുകൊണ്ടാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) നൂറു വർഷം പിന്നിട്ടത്. പതിനയ്യായിരത്തോളം തൊഴിലാളികൾ, ആയിരത്തിയഞ്ഞൂറോളം എൻജിനീയർമാർ തുടങ്ങി ഇരുപതിനായിരത്തിലധികം േപർ ജോലി ചെയ്യുന്ന സ്ഥാപനമാണ് യുഎൽസിസിഎസ്. കേരളത്തിലെ പല പ്രധാനപ്പട്ട പാലങ്ങളും റോഡുകളും നിർമിച്ചുകൊണ്ടാണ് നിർമാണ രംഗത്ത് അനിഷേധ്യ സാന്നിധ്യമായി ഊരാളുങ്കൽ മാറിയത്. കൂലിപ്പണിക്കാരുടെ സംഘമായി തുടങ്ങിയ യുഎൽസിസിഎസ്, ഐടി സ്ഥാപനമായ യുഎൽ ടെക്നോളജി സൊല്യൂഷൻസിൽ വരെ എത്തിനിൽക്കുന്നു. സ്കിൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ വിഭാവനം ചെയ്താണ് സ്ഥാപനം മുന്നോട്ടു പോകുന്നത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിർമിച്ച വലിയഴീക്കൽ പാലം. (ചിത്രം.ULCCS)
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിർമിച്ച വലിയഴീക്കൽ പാലം. (ചിത്രം.ULCCS)

36 പൈസയിൽ തുടക്കം, ഇന്ന് 5,319  കോടിയുടെ ആസ്തി

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേബർ സൊസൈറ്റിയും ഏഷ്യയിലെ ഏറ്റവും വലിയ ലേബർ സൊസൈറ്റിയുമാണ് യുഎൽസിസിഎസ്. 36 പൈസ മൂലധനത്തിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഇന്നത്തെ ആസ്തി 5,319 കോടി രൂപയാണ്. അന്ന് നാലണയായിരുന്നു ഷെയർ. ഈ വർഷം ഏറ്റെടുത്ത് നടത്തുന്നത് 7,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്. റോഡ്, പാലം, കെട്ടിടങ്ങൾ ഉൾപ്പെടെ 300 നിർമാണങ്ങൾ നടക്കുന്നു. ഇതിൽ 3,000 കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കി. 

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിർമാണത്തിൽ നിന്ന്. (ചിത്രം.ULCCS)
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിർമാണത്തിൽ നിന്ന്. (ചിത്രം.ULCCS)

അംഗീകാരങ്ങളുടെ നീണ്ട പട്ടിക

യുഎൻഡിപി (യുണൈറ്റഡ് നാഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം) 2013-ൽ പ്രവർത്തന മികവിനുള്ള മാതൃകാ സഹകരണ സംഘമായി ഊരാളുങ്കൽ സൊസൈറ്റിയെ തിരഞ്ഞെടുത്തു. സഹകരണരംഗത്തെ രാജ്യാന്തര സംഘടനയായ ഇന്റർനാഷണൽ കോ–ഓപ്പറേറ്റീവ് അലയൻസിൽ (ഐസിഎ) അംഗത്വം ലഭിച്ച ഏക പ്രാഥമിക സഹകരണ സംഘമാണിത്. ദേശീയതലത്തിലുള്ള സ്ഥാപനങ്ങൾക്കാണ് അതിൽ അംഗത്വം നൽകാറുള്ളത്. വ്യവസായ – ഉപഭോക്തൃ സേവന മേഖലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവു നേടിയ ലോകത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമായി വേൾഡ് കോ–ഓപ്പറേറ്റീവ് മോനിറ്റർ 2020 മുതൽ 22 വരെയുള്ള റിപ്പോർട്ടുകളിൽ റാങ്കു ചെയ്തു. രാജ്യത്തെ സഹകരണ നവരത്നങ്ങളിൽ ഒന്നാണ് ഊരാളുങ്കൽ സൊസൈറ്റി. നാഷണൽ കോ–ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ രാജ്യത്തെ എട്ടുലക്ഷം കോ–ഓപ്പറേറ്റീവുകളിൽ നിന്നാണു നവരത്നങ്ങളെ തിരഞ്ഞെടുത്തത്. ഇങ്ങനെ ഊരാളുങ്കലിന്റെ നേട്ടങ്ങളുടെ പട്ടിക നീണ്ടുകിടക്കുകയാണ്. 

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിർമിച്ച പാലാരിവട്ടം മേൽപ്പാലം. (ചിത്രം.ULCCS)
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിർമിച്ച പാലാരിവട്ടം മേൽപ്പാലം. (ചിത്രം.ULCCS)

കൂലിപ്പണിക്കാരുടെ സംഘം

സമൂഹിക പരിഷ്കർത്താവായിരുന്ന വാഗ്ഭടാനന്ദന്റെ പ്രേരണയിലാണ് ഊരാളുങ്കൽ തുടങ്ങിയത്. പണത്തിന്റെ ആവശ്യത്തിനു പരസ്പരം സഹായിക്കാന്‍ ഒരു ‘ഐക്യനാണയസംഘം’ ആണ് ആദ്യം ഉണ്ടാക്കിയത്. ജോലി ഇല്ലാതായവർക്കു ജോലി നൽകുന്നതിനായി മറ്റൊരു സംഘം ഉണ്ടാക്കി. ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം’. ഈ സംഘം പണികൾ കരാറെടുത്ത് സ്വയം ചെയ്യും. തൊഴിലിനും കൂലിക്കുമൊപ്പം ലാഭവും വീതം വയ്ക്കും. ഈ സംഘമാണ് ഇന്നത്തെ ‘ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി. 1925 ഫെബ്രുവരി 13നാണ് സംഘം റജിസ്റ്റർ ചെയ്തത്. വാഗ്ഭടാനന്തന്റെ ശിഷ്യൻമാരായ 14 പേരായിരുന്നു പ്രചാരകർ. ആദ്യകാലത്ത് കാര്യമായ പണി ലഭിക്കാത്ത അവസ്ഥയും ലാഭമില്ലാത്ത സാഹചര്യവുമായിരുന്നു. തൊഴിലാളികൾക്ക് ജോലി കൊടുക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. അതുകൊണ്ടു തന്നെ ലാഭനഷ്ടങ്ങൾ നോക്കാതെ സ്ഥാപനം പ്രതിസന്ധികളെ തരണം ചെയ്തു. ഇന്ന് 4,000 ഇതര സംസ്ഥാനക്കാരുൾപ്പെടെയുള്ളവർക്ക് യുഎൽസിസിഎസ് ജോലി നൽകുന്നു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ചെല്ലാനത്ത് നിർമിച്ച പുലിമുട്ട്. (ചിത്രം.ULCCS)
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ചെല്ലാനത്ത് നിർമിച്ച പുലിമുട്ട്. (ചിത്രം.ULCCS)

അടുത്ത ലക്ഷ്യം സ്കിൽ യൂണിവേഴ്സിറ്റി

യുഎൽ സൈബർ പാർക്ക്, യുഎൽ ടെക്‌നോളജി സൊല്യൂഷൻസ്, മെറ്റീരിയൽ ടെസ്റ്റിങ് ലാബായ മാറ്റർ ലാബ്, നിർമാണമേഖലയിലെ കൺസൾട്ടൻസി സ്ഥാപനമായ യുഎൽ ഇൻസൈറ്റ്, അപ്പാർട്ട്‌മെന്റ് നിർമാണമേഖലയിലെ യുഎൽ ഹൗസിങ്, യുഎൽ അഗ്രിക്കൾച്ചർ, തൊഴിൽ നൈപുണ്യപരിശീലനത്തിനുള്ള യുഎൽ സെന്റർ ഓഫ് എക്സലൻസ് തുടങ്ങിയ ഉപസ്ഥാപനങ്ങളും യുഎൽസിസിഎസിന് കീഴിൽ ആരംഭിച്ചവയാണ്. 

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിർമിക്കുന്ന ആലപ്പുഴ–ചങ്ങനാശ്ശേരി റോഡ്. (ചിത്രം.ULCCS)
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിർമിക്കുന്ന ആലപ്പുഴ–ചങ്ങനാശ്ശേരി റോഡ്. (ചിത്രം.ULCCS)

അടുത്തതായി സ്കിൽ യൂണിവേഴ്സിറ്റി ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ ആശയം സർക്കാരിൽ സമർപ്പിച്ചു കഴിഞ്ഞു. കൃഷി, നിർമാണം, കല തുടങ്ങി വിവിധ മേഖലകളിൽ പഠനം പൂർത്തിയാക്കി ഇറങ്ങുന്നവർ ആ മേഖലയിൽ ജോലി ചെയ്യുന്നതിന് പ്രാപ്തരാകുന്ന തരത്തിലാണ് യൂണിവേഴ്സിറ്റി വിഭാവനം ചെയ്യുന്നത്. സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിർമാണത്തിൽ നിന്ന്. (ചിത്രം.ULCCS)
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിർമാണത്തിൽ നിന്ന്. (ചിത്രം.ULCCS)
English Summary:

The Uralungal Labour Contract Co-operative Society in Hundred Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com