ജീവനെടുത്ത് കാട്ടാന: ‘മയക്കുവെടി വയ്ക്കും, ഉത്തരവ് ഉടൻ പുറത്തിറക്കും’: വനംമന്ത്രി എ.കെ.ശശീന്ദ്രൻ
Mail This Article
മാനന്തവാടി∙ വയനാട്ടിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘‘ആനയെ മയക്കുവെടി വയ്ക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ സ്വീകരിക്കാൻ സാധിക്കുന്നില്ല. ജനങ്ങൾ സംയമനം പാലിക്കണം. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്’’– മന്ത്രി പറഞ്ഞു.
ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജീഷ് (47) ആണു ഇന്നു രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അജീഷിന്റെ പുറകേ ഓടിയ കാട്ടാന വീടിന്റെ മതിൽ തകർത്തെത്തിയാണു ആക്രമിച്ചത്. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു സംഭവം. രാവിലെ പണിക്കാരെ കൂട്ടാനായി പോയതായിരുന്ന അജീഷ്. ഇതിനിടെ ആനയെ കണ്ട് പേടിച്ച അജീഷ് രക്ഷപ്പെടാനായി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ വീട്ടിൽ കുട്ടികൾ അടക്കം നാലുപേരുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടെങ്കിലും അജീഷിന് ഓടിമാറാൻ കഴിഞ്ഞില്ല. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.