വയനാട്ടിൽ വീട്ടിൽ കയറി കാട്ടാനയുടെ ആക്രമണം: യുവാവിന് ദാരുണാന്ത്യം, 144 പ്രഖ്യാപിച്ചു
Mail This Article
മാനന്തവാടി∙ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു പാഞ്ഞെത്തി യുവാവിനെ ചവിട്ടി കൊലപ്പെടുത്തി. ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജീഷ് (47) ആണു മരിച്ചത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. രാവിലെ പണിക്കാരെ കൂട്ടാനായി പോയതായിരുന്ന അജീഷ്. ഇതിനിടെ ആനയെ കണ്ട അജീഷ് രക്ഷപ്പെടാനായി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടിൽ കുട്ടികൾ അടക്കം നാലുപേരുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടെങ്കിലും അജീഷിന് ഓടിമാറാൻ കഴിഞ്ഞില്ല. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.
കഴിഞ്ഞ നാലുദിവസമായി ഈ ആന വയനാടന്‍ കാടുകളിലും ജനവാസമേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണു കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും പായിക്കണ്ടത്തിൽ ജോമോൻ്റെ വീടി്റെ മതിലും കാട്ടാന തകര്‍ത്തു. കാട്ടാന ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിരിക്കുകയാണ്.
അജീഷിന്റെ മരണത്തിനു പിന്നാലെ വനപാലകർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ആശുപത്രി പരിസരത്തു സംഘർഷാവസ്ഥ രൂപപ്പെട്ടു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. മാനന്തവാടി ടൗണിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നലെ രാത്രി തോൽപ്പെട്ടിയിൽ വന്യജീവിയുടെ ആക്രമണത്തിൽ പരുക്കേറ്റ താൽകാലിക വനപാലകൻ വെങ്കിട്ടദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.