ADVERTISEMENT

ന്യൂഡൽഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎയുടെ പേരിൽ നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പലരും. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നു പീഡനത്തിനുശേഷം ഇന്ത്യയിലെത്തിയവർക്കു പൗരത്വം നൽകാൻ മാത്രമാണു സിഎഎ ഉദ്ദേശിക്കുന്നത്. ഇതു ആരുടെയും ഇന്ത്യൻ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ കാര്യമാണിത്. എന്നാൽ പ്രീണനം മൂലം കോൺഗ്രസ് അത് അവഗണിച്ചു. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കിയത് ഒരു സാമൂഹിക മാറ്റമാണ്. ഒരു മതേതര രാജ്യത്തിനു മതാധിഷ്ഠിത സിവിൽ കോഡുകൾ ഉണ്ടാകാൻ പാടില്ലെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം. 

‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 370 സീറ്റുകളും എൻഡിഎയ്ക്ക് 400 സീറ്റുകളും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ചു യാതൊരു സംശയവുമില്ല. കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും വീണ്ടും പ്രതിപക്ഷ ബെഞ്ചിൽ ഇരിക്കേണ്ടി വരുമെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്’’ –അമിത് ഷാ പറഞ്ഞു.

ഞങ്ങൾ ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി. അതിനാൽ രാജ്യത്തെ ജനങ്ങൾ ബിജെപിയെ 370 സീറ്റുകളും എൻഡിഎയെ നാനൂറിലധികം സീറ്റുകളും നൽകി അനുഗ്രഹിക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി), ശിരോമണി അകാലിദൾ (എസ്എഡി), മറ്റു ചില പ്രാദേശിക പാർട്ടികൾ തുടങ്ങിയവർ ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) ചേരാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിനു കുടുംബാസൂത്രണത്തിൽ വിശ്വസിക്കുന്നുവെന്നും പക്ഷേ രാഷ്ട്രീയത്തിലല്ലെന്നും ആയിരുന്നു അമിത് ഷായുടെ മറുപടി. 

2024ലെ തിരഞ്ഞെടുപ്പ് എൻഡിഎയും ഇന്ത്യൻ പ്രതിപക്ഷ കക്ഷിയും തമ്മിലുള്ള തിരഞ്ഞെടുപ്പായിരിക്കില്ല. വികസനത്തിനു വേണ്ടി നിൽക്കുന്നവർക്കും മുദ്രാവാക്യം വിളിക്കുന്നവർക്കും ഇടയിലുള്ള തിരഞ്ഞെടുപ്പായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള ചോദ്യത്തിനു 1947ലെ രാജ്യ വിഭജനത്തിനു കോൺഗ്രസ് പാർട്ടി ഉത്തരവാദിയായതിനാൽ ഇത്തരമൊരു മാർച്ചുമായി മുന്നോട്ടു പോകാൻ നെഹ്‌റുവിന്റെ പിൻതലമുറയ്ക്ക് അവകാശമില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

English Summary:

Caa will be implemented before lok sabha elections: amit shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com