റോഡുകളുടെ ശോചനീയാവസ്ഥ ചിത്രീകരിക്കാൻ ശ്രമിച്ചു; ഇക്വഡോറിൽ ജനപ്രതിനിധി കൊല്ലപ്പെട്ടു
Mail This Article
ക്വിറ്റോ∙ ഇക്വഡോറിൽ റോഡുകളുടെ ശോചനീയാവസ്ഥ ചിത്രീകരിക്കുന്നതിനിടെ ജനപ്രതിനിധി വെടിയേറ്റു മരിച്ചു. ഡയാന കാർനെറോ (29) ആണ് കൊല്ലപ്പെട്ടത്. ഇവർ ഗുയാസ് നരഞ്ജലിലെ റോഡുകളുടെ മോശാവസ്ഥ വിഡിയോ ആയി ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബുധനാഴ്ച നിർണായക യോഗത്തിൽ പങ്കെടുത്തതിനു പിന്നാലെയാണ് റോഡുകളുടെ ശോചനീയാവസ്ഥ ചിത്രീകരിച്ചത്.
ഇതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം ഡയാനയുടെ തലയ്‌ക്കുനേരെ വെടിയുതിർത്തശേഷം കടന്നുകളയുകയായിരുന്നു. ഇവരെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇവിടുത്തെ രാഷ്ട്രീയ അക്രമങ്ങളിൽ അവസാനത്തേതാണു കൊലപാതകം. സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിൽ രാജ്യമെമ്പാടുമുള്ള പ്രതിഷേധമാണ് ഉയരുന്നത്.
‘‘ഡയാനയ്‌ക്ക് 29 വയസ്സായിരുന്നു. ഇതൊരു പേടിസ്വപ്‍നമാണ്. നിങ്ങൾക്ക് ഇതേപ്രായത്തിലുള്ള മക്കളുണ്ടെങ്കിൽ ഡയാനയുടെ മാതാപിതാക്കളുടെ വേദന മനസ്സിലാകും. നരഞ്‌ജലിനും ജന്മനാടിനും വേണ്ടിയുള്ള ഡയാനയുടെ ജീവിതം അവർ വെട്ടിച്ചുരുക്കി, എന്തൊരു അപമാനം’’–മുൻ പ്രസിഡന്റ് റാഫേൽ കൊറിയ പറഞ്ഞു.
‘‘അതിക്രമങ്ങൾ അവസാനിപ്പിക്കണം. നമ്മുടെ കന്റോണുകൾക്കും പ്രവിശ്യകൾക്കും രാജ്യത്തിനും മികച്ച ദിവസങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നത് നമ്മുടെ ജീവൻ അപകടത്തിലാക്കുകയാണ്.’’–ഗ്വയാക്വിൽ ഡെപ്യൂട്ടി മെയർ ബ്ലാങ്ക ലോപ്പസ് എക്സിൽ കുറിച്ചു.
അക്രമങ്ങളും കലാപങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രസിഡന്റ് ഡാനിയൽ നോബോവ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.