ADVERTISEMENT

ന്യൂഡൽഹി∙ പതിനേഴാം ലോക്‌സഭയുടെ അഞ്ച് വർഷം പരിഷ്‌കരണത്തിന്റെയും പ്രകടനത്തിന്റെയും പരിവർത്തനത്തിന്റെയും കാലഘട്ടമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം ലോക്‌സഭയിൽ നടത്തിയ മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി തന്റെ രണ്ടാം സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.

21-ാം നൂറ്റാണ്ടിൽ‌ ഇന്ത്യയ്ക്കു ശക്തമായ അടിത്തറ നൽകുന്ന ശക്തമായ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടപ്പാക്കിയതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘‘രാജ്യം അതിവേഗം വലിയ മാറ്റങ്ങളിലേക്ക് നീങ്ങി, സഭയിലെ എല്ലാ അംഗങ്ങളും നിർണായക സംഭാവന നൽകി. നൂറ്റാണ്ടുകളായി ആളുകൾ കാത്തിരുന്ന നിരവധി കാര്യങ്ങൾ പൂർത്തിയായി.’’– ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Read also: അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് ഒരു മതത്തിന്റെ വിജയമാണോയെന്ന് ഉവൈസി; പാർലമെന്റില്‍ വാക്പോര്

തലമുറകളായി, ജനങ്ങൾ രാജ്യത്ത് ഏക ഭരണഘടനയാണ് സ്വപ്നം കണ്ടിരുന്നതെന്നും ആർട്ടിക്കിൾ 370 നീക്കം ചെയ്തുകൊണ്ട് ഈ സഭ അത് സാധ്യമാക്കിയെന്നും മോദി പറഞ്ഞു. ‘‘പതിനേഴാം ലോക്‌സഭ നിരവധി വെല്ലുവിളികൾ നേരിടുകയും രാജ്യത്തിന് ഉചിതമായ ദിശാബോധം നൽകുകയും ചെയ്തു. ഈ അഞ്ച് വർഷം പരിഷ്കരണത്തിന്റെയും പ്രകടനത്തിന്റെയും പരിവർത്തനത്തിന്റെയും കാലഘട്ടമായിരുന്നു. നമ്മൾ പരിഷ്കരിക്കുകയും പ്രവർത്തിക്കുകയും പരിവർത്തനം കാണുകയും ചെയ്യുന്നത് അപൂർവമാണ്. രാജ്യം പതിനേഴാം ലോക്സഭയെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കും.’’– അദ്ദേഹം പറഞ്ഞു.

17-ാം ലോക്‌സഭയിൽ 97 ശതമാനം ഉൽപാദനക്ഷമതയാണ് ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘‘നമ്മൾ 17-ാം ലോക്‌സഭയുടെ അവസാനത്തിലേക്ക് നീങ്ങുകയാണ്. 18-ാം ലോക്‌സഭയിൽ ഉൽപാദനക്ഷമത 100 ശതമാനത്തിനപ്പുറം പോകണമെന്ന് നമ്മൾ തീരുമാനിക്കണം.’’– പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ ബിൽ പാസാക്കിയതിനെയും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. രാമക്ഷേത്രത്തെക്കുറിച്ചുള്ള ലോക്‌സഭയുടെ പ്രമേയം ഭാവിതലമുറയ്ക്ക് രാജ്യത്തിന്റെ മൂല്യങ്ങളിൽ അഭിമാനിക്കാൻ ഭരണഘടനാപരമായ ശക്തി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംപിമാർക്കും ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ‘‘എന്തു സംഭവിച്ചാലും നിങ്ങളുടെ (ഓം ബിർല) മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. നിങ്ങൾ ഈ സഭയെ നിഷ്പക്ഷമായി നയിച്ചു, അതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ദേഷ്യവും കുറ്റപ്പെടുത്തലുകളും ഉണ്ടായ സമയങ്ങളുണ്ടായിരുന്നു. പക്ഷേ നിങ്ങൾ ഈ സാഹചര്യങ്ങളെ ക്ഷമയോടെ കൈകാര്യം ചെയ്യുകയും ബുദ്ധിപൂർവ്വം സഭയെ നയിക്കുകയും ചെയ്തു.’’– സ്പീക്കറെ അഭിനന്ദിച്ചുകൊണ്ട് മോദി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉണ്ടായതെന്നും സഭയുടെ അന്തസ്സ് ഉറപ്പാക്കിക്കൊണ്ട് പാർലമെന്ററി പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സ്പീക്കർ ക്രമീകരണങ്ങൾ നടത്തിയെന്നും കോവിഡ് മഹാമാരിയെ പരാമർശിച്ച് മോദി പറഞ്ഞു. പുതിയ പാർലമെന്റ് കെട്ടിടം വേണമെന്ന് മുൻ‌പും ചർച്ചയുണ്ടായിരുന്നുവെങ്കിലും പതിനേഴാം ലോക്‌സഭയിൽ സ്പീക്കറുടെ തീരുമാനം അതു യാഥാർഥ്യമാക്കി. സ്പീക്കർ ഓം ബിർലയുടെ നേതൃത്വത്തിലാണ് സഭയിൽ ‘ചെങ്കോൽ’ ആചാരപരമായി സ്ഥാപിച്ചതെന്നും മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനുശേഷം ലോക്സഭയും രാജ്യസഭയും അനിശ്ചിതകാലത്തേയ്ക്കു പിരിഞ്ഞു.

English Summary:

Five years of 17th Lok Sabha was of reform, perform, transform: PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com