ചാലിഗദ്ദയിൽ നിലയുറപ്പിച്ച് ‘ബേലൂര്‍ മഗ്ന’; മയക്കുവെടി നാളെ രാവിലെ, പ്രദേശത്ത് ജാഗ്രതാ നിർദേശം
Mail This Article
മാനന്തവാടി∙ ഇന്നു രാവിലെ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഗ്ന’യെന്ന കാട്ടാനയെ നാളെ രാവിലെ മയക്കുവെടി വച്ച് പിടിക്കാൻ തീരുമാനമായി. വെളിച്ചക്കുറവ് മൂലം ഇന്ന് വെടിവയ്ക്കാനാവില്ലെന്ന് ദൗത്യസേന അറിയിച്ചതിനേത്തുടർന്നാണ് വനംവകുപ്പ് തീരുമാനമെടുത്തത്. ആനയിറങ്ങിയ ചാലിഗദ്ദയിൽനിന്ന് റേഡിയോ കോളർ സിഗ്നൽ കിട്ടിയിരുന്നു. വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റർ പരിധിയിലാണ് ആനയുള്ളത്.
യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപമാണ് നിലവിൽ ആന. പ്രദേശത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെ എത്തിക്കും. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ മോഴയാനകളെയാണ് എത്തിക്കുന്നത്. ഭരതും സൂര്യയും കുടുവാ ദ്വീപിലെത്തി. വെടിവച്ച ശേഷം വനമേഖലയില്‍ തുറന്നുവിടും. മുത്തങ്ങ ക്യാംപിലേക്കു മാറ്റാനാണ് ശ്രമം.
Read also: അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി; 10 ലക്ഷം നഷ്ടപരിഹാരം: പ്രതിഷേധം അവസാനിപ്പിച്ചു
കര്‍ണാടകയില്‍നിന്ന് പിടികൂടി കാട്ടില്‍വിട്ട മോഴയാനയാണ് രാവിലെ മാനന്തവാടിയില്‍ എത്തിയത്. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്‌ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ‘ബേലൂര്‍ മഗ്ന’യെ മയക്കുവെടിവച്ച് പിടികൂടിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം കേരള അതിര്‍ത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയില്‍ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്‍പില്‍പ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതില്‍ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.
കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം സബ് കലക്ടറുടെ ഓഫിസിനു മുൻപിലെത്തിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു. പിന്നാലെയാണ് മയക്കുവെടിവയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. സര്‍വകക്ഷിയോഗം നടന്ന സബ് കലക്ടര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ നാട്ടുകാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.
മരിച്ച അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടർ രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയ്ക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാർശ ഉടൻതന്നെ നൽകും. 10 ലക്ഷത്തിനു പുറമെ 40 ലക്ഷം കൂടി നൽകണമെന്ന ആവശ്യത്തിൽ അനുകൂല റിപ്പോർട്ട് നൽകുമെന്നും കലക്ടർ വ്യക്തമാക്കി.