ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതായതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ അത്യന്തം നാടകീയ രംഗങ്ങൾ. മുന്നണി സർക്കാർ രൂപീകരിക്കാനുള്ള നെട്ടോട്ടത്തിലാണു നേതാക്കൾ. മുൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോയുമായും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്രത്തിലും പഞ്ചാബ് പ്രവിശ്യയിലും സഖ്യ സർക്കാർ രൂപീകരിക്കാൻ പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസും (പിഎംഎൽ-എൻ) പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) തമ്മിൽ തീരുമാനമായെന്നാണു പുറത്തുവരുന്ന വിവരം.  

അടുത്ത കൂടിക്കാഴ്ചയിൽ സഖ്യ സർക്കാരിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പരസ്പരം പങ്കുവയ്ക്കാമെന്നും അതിനുശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താമെന്നും ഉള്ള ധാരണയ്ക്കു ശേഷമാണ് പിപിപി, പിഎംഎൽ–എൻ നേതാക്കൾ ചർച്ച അവസാനിപ്പിച്ചത്. നേരത്തെ നവാസ് ഷെരീഫും ഇമ്രാൻ ഖാനും വിജയം അവകാശപ്പെട്ടു രംഗത്തെത്തിയിരുന്നു. പിപിപിയും പിഎംഎൽ–എൻ നേതാക്കളും സഖ്യ സർക്കാരുമായി മുന്നോട്ടുപോകാനുള്ള നീക്കം നടത്തുമ്പോൾ ഇമ്രാൻ ഖാന്റെ നീക്കം  എന്തായിരിക്കും എന്നാണു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫാണു (പിടിഐ) തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകൾ (97) നേടിയത്. 

പിഎംഎൽഎൻ 72 സീറ്റുകളും ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 52 സീറ്റുകളുമാണ് നേടിയത്. നിലവിൽ പാക്കിസ്ഥാനിലെ സാഹചര്യങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. നിലവിൽ 252 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്.  ഇതിനിടെ പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാൻ ഖാൻ ആരോപിച്ചു. ആരുമായും സഖ്യമുണ്ടാക്കില്ലെന്നും തനിച്ചു ഭരിക്കാനാവുമെന്നും ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ‌്‌രികെ ഇൻസാഫ് പ്രഖ്യാപിച്ചിരുന്നു.

ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ്. സർക്കാരുണ്ടാക്കാൻ 133 സീറ്റ് വേണം. തിരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ ഇമ്രാന്റെ പാർട്ടിയുടെ സ്ഥാനാർഥികൾ സ്വതന്ത്രരായാണു മത്സരിച്ചത്. കൂടുതൽ സീറ്റ് ഇമ്രാൻ പക്ഷത്തിനാണെങ്കിലും സാങ്കേതികമായി ഏറ്റവും വലിയ ഒറ്റക്കക്ഷി നവാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽഎൻ ആണ്. പഞ്ചാബ്, ഖൈബർ പഖ്തൂൻഖ്വ എന്നീ പ്രവിശ്യാ അസംബ്ലികളിലും പിടിഐ നേട്ടമുണ്ടാക്കി. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഫലപ്രഖ്യാപനം മണിക്കൂറുകൾ വൈകിയതോടെ ഫലം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുയർന്നു. പലയിടത്തും പൊലീസും പിടിഐ അനുയായികളും ഏറ്റുമുട്ടി. ഖൈബർ പഖ്തൂൻഖ്വ മേഖലയിൽ പൊലീസ് വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു.

ലഹോറിൽ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ നവാസ് ഷെരീഫ് വിജയിച്ചെന്ന് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ‌ പ്രഖ്യാപിച്ചിരുന്നു. നാഷനൽ അസംബ്ലി 123ൽ ഷെഹ്ബാസ് ഷെരീഫ് 63,953 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ഇമ്രാൻ ഖാൻ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർഥി അഫ്സൽ അസീം 48,486 വോട്ടുകൾ നേടി. അതേസമയം, ഇമ്രാൻ ഖാന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുല്ല ഖാൻ ഖൈബർ പഖ്തൂൻഖ്വയിൽനിന്ന് 18,000ത്തിലധികം വോട്ടുകൾ നേടി വിജയിച്ചു. പിടിഐയുടെ തന്നെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥി ഫസൽ ഹക്കീം ഖാന്‍ 25,330 വോട്ടുനേടി വിജയിച്ചു. സ്വാത്ത് പി.കെ. നാലു മണ്ഡലത്തിൽ പിടിഐ പിന്തുണയുള്ള അലിഷായും വിജയിച്ചു. ഇമ്രാന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ആവേശത്തിലായ പാർട്ടി പ്രവർത്തകർ രാജ്യത്ത് പലയിടത്തും ആഘോഷത്തിലാണ്. 

വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങൾക്കുള്ള 10 സീറ്റും ജയിക്കുന്ന പാർട്ടികൾക്കു വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ ആനുപാതികമായി പിന്നീട് വീതിച്ചു നൽകും. ദേശീയ അസംബ്ലിയിലേക്ക് 5,121 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. 4 പ്രവിശ്യാ അസംബ്ലികളിലേക്കുള്ള 749 സീറ്റിൽ 593ലേക്കും വോട്ടെടുപ്പ് നടന്നു. റജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 12.85 കോടി. സുരക്ഷയ്ക്കായി ആറര ലക്ഷം സൈനികരെയാണു നിയോഗിച്ചിട്ടുള്ളത്.  

English Summary:

Pakistan Elections Live Updates: Both Nawaz Sharif, Imran Khan Declare Victory, Poll Body Silent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com