ആനയുടെ മുന്നിൽപ്പെട്ടത് പണിക്കാരെ കൂട്ടാൻ പോയപ്പോൾ; ജനരോഷം അധികൃതർക്കുനേരെ, പതറി ജില്ലാ ഭരണകൂടം
Mail This Article
മാനന്തവാടി∙ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചതിനു പിന്നാലെ മാനന്തവാടി ടൗണിൽ നടന്നതു ചരിത്രത്തിൽ മുൻപുണ്ടാകാത്ത പ്രതിഷേധം. ആന ചവിട്ടിക്കൊന്ന അജീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ പോലും നിൽക്കാതെയാണ് ഗാന്ധിജംക്‌ഷനിൽ എത്തിച്ചു പ്രതിഷേധിച്ചത്. രാവിലെ 7.30നാണു കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന വീട്ടുമുറ്റത്തു ചവിട്ടിക്കൊന്നത്. പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു ആനയുടെ മുൻപിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. ഈ സമയം വീട്ടിൽ രണ്ടു കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തുടർന്ന് മൃതദേഹവുമായി ജനങ്ങൾ മാനന്തവാടി മെഡിക്കൽ കോളജിലേക്കെത്തി. എന്നാൽ 10 മണി കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികൾ ആരും വരാതിരുന്നതോടെ ജനം ഇളകി. ഇതിനകം തന്നെ മാനന്തവാടിയിൽ റോഡ് ഉപരോധം തുടങ്ങിയിരുന്നു. അധികാരികൾ ആശുപത്രിയിൽ എത്താതിരുന്നതോടെ ജനക്കൂട്ടം പ്രതിഷേധം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടത്താൻ നിൽക്കാതെ മൃതദേഹവുമെടുത്തു ഗാന്ധി ജംക്‌ഷനിലേക്കു നഗരം ചുറ്റി പ്രകടനമായെത്തി ഗാന്ധിപ്രതിമയ്ക്കു മുന്നിൽ നിൽക്കുകയായിരുന്നു. ഇതിനകം ആയിരക്കണക്കിന് ആളുകൾ കൂടി എത്തിയതോതെ നഗരം സ്തംഭിച്ചു. കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ളവ എവിടേക്കും പോകാനാകാതെ കുടുങ്ങി.
ഇതിനിടെ ആനയിറങ്ങിയതിനെത്തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാപാരികൾ ഹർത്താലും പ്രഖ്യാപിച്ചു. 11 മണിയോടെ എത്തിയ ജില്ലാ പൊലീസ് മേധാവിയെ ജനം റോഡിൽ തടഞ്ഞു. വൻ പൊലീസ് സന്നാഹത്തോടെയാണ് എസ്പി എത്തിയതെങ്കിലും ജനം അക്രമാസക്തരായതിനാൽ ഒന്നും ചെയ്യാതെ നിൽക്കുകയായിരുന്നു. ഇതിനിടെ പല വട്ടം പൊലീസ്, ജനത്തെ തള്ളിമാറ്റി മൃതദേഹത്തിനടുത്തേക്കു പോകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 12 മണിയോടെ എത്തിയ കലക്‌ടറേയും നടുറോഡിൽ തടഞ്ഞു. കലക്ടർ കുറച്ച് വെയിൽ കൊള്ളട്ടെ എന്നു പറഞ്ഞാണ് ജനം തടഞ്ഞത്. കലക്ടർ പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ മൈക്ക് കൊണ്ടുവന്നു സംസാരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആനയെ വെടിവച്ചു കൊല്ലണമെന്നു മുദ്രാവാക്യം ഉയർന്നു. ഒരു മണിക്കൂറിലധികം കലക്ടർ നടുറോഡിൽ നിന്നു. തുടർന്ന് ജനത്തെ പൊലീസ് തള്ളിമാറ്റി കലക്ടറെ മൃതദേഹത്തിനു സമീപത്തെത്തിച്ചെങ്കിലും ജനം അക്രമാസക്തരാകാൻ തുടങ്ങിയതോടെ കലക്ടറും പൊലീസ് മേധാവിയും സ്ഥലത്തുനിന്നു പോയി. ഇതിനിടെ നടുറോഡിൽ കുത്തിയിരുന്നു ജനം പ്രതിഷേധിച്ചു. മൃതദേഹം ആളുകൾ ചുമന്നു നിൽക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, സിപിഎം ജില്ലാ സെക്രട്ടറി ഗഗാറിൻ എന്നിവരെല്ലാം ജനത്തെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉച്ചയോടെ രൂക്ഷ പ്രതിഷേധത്തിന് അൽപം അയവു വന്നു. ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച ആരംഭിച്ചു. ഷീബയാണ് മരിച്ച അജീഷിന്റെ ഭാര്യ. മക്കൾ: അൽന (13). അലൻ (10).