ADVERTISEMENT

മാനന്തവാടി∙ വന്യമൃഗശല്യം മൂലം ജീവിക്കാൻ സാധിക്കാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് മാനന്തവാടിയിലെ ജനം തെരുവിലിറങ്ങിയത്. രണ്ടാഴ്ചയായി മാനന്തവാടി കേന്ദ്രീകരിച്ച് വന്യമൃഗങ്ങളുടെ ആക്രമണ പരമ്പരയാണ് അരങ്ങേറുന്നത്. 11 ദിവസത്തിനിടെ രണ്ടു പേരെയാണ് ആന ചവിട്ടിക്കൊന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരുക്കേറ്റവർ വേറെയും. ജനുവരി 31നാണ് തോട്ടം കാവൽക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. തോൽപ്പെട്ടിക്ക് സമീപം നരിക്കല്ലിൽ ലക്ഷ്മണൻ (55) ആണ് മരിച്ചത്. രണ്ടു ദിവസം മുൻപ് ഇയാളെ കാണാതായിരുന്നു. തുടർന്നാണ് തോട്ടത്തിൽ ആന ചവിട്ടിക്കൊന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴി‍ഞ്ഞ ബുധനാഴ്ചയാണ് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് പാക്കം മാണ്ടാനത്ത് ബിനോയ്ക്ക് പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ വെങ്കിടദാസിനെ കടുവ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതിനിടെയാണ് വീട്ടുമുറ്റത്തിട്ട് കർഷകനെ ആന ചവിട്ടിക്കൊന്നത്. ഇതോടെ ജനം ഇളകുകയായിരുന്നു.

Read More: ജീവനെടുത്ത് കാട്ടാന: ‘മയക്കുവെടി വയ്ക്കും, ഉത്തരവ് ഉടൻ പുറത്തിറക്കും’: വനംമന്ത്രി എ.കെ.ശശീന്ദ്രൻ

തണ്ണീർക്കൊമ്പനു പിന്നാലെ കൊലയാളി കൊമ്പൻ

കഴി‍ഞ്ഞ വെള്ളിയാഴ്ചയാണ് കർണാടക വനംവകുപ്പ് ഹാസനിൽനിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ബന്ദിപ്പൂർ വനത്തിൽ വിട്ട ആന മാനന്തവാടി നഗരത്തിലെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ എത്തിയ ആന മാനന്തവാടി ടൗണിനടുത്തായി നിലയുറപ്പിച്ചു. ടൗണിലൂടെ ചുറ്റിത്തിരിഞ്ഞിട്ടും ആന ആരെയും ഉപദ്രവിക്കാനോ നാശനഷ്ടമുണ്ടാക്കാനോ തയാറായില്ല. എന്നാൽ ടൗണിൽനിന്ന് പത്തു കിലോമീറ്ററോളം ദൂരെയുള്ള കാട്ടിലേക്ക് ആനയെ തുരത്താൻ സാധിക്കാത്തതിനാൽ മയക്കുവെടി വച്ച് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് പിടികൂടിയ ആനയെ രാത്രിയിൽ ബന്ദിപ്പൂരിൽ തുറന്നു വിടാനായിരുന്നു പദ്ധതി. എന്നാൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ആനയെ ധൃതിപിടിച്ച് മയക്കുവെടിവച്ചു കൊണ്ടുപോയെന്നും തിരികെ കാട്ടിലേക്ക് അയക്കാമായിരുന്നുവെന്നും പ്രകൃതി സംരക്ഷണ പ്രവർത്തകരിൽനിന്ന് ആരോപണം ഉയർന്നു. എന്നാൽ മാനന്തവാടിയിലെ ഉൾപ്പെടെ വയനാട്ടിലെ ആളുകൾ വനംകുപ്പിന്റെ നടപടിയെ അഭിനന്ദിച്ചു. ഒരു ദിവസം മുഴുവൻ നഗരത്തെ മുൾമുനയിൽ നിർത്തിയ ആനയെ മയക്കുവെടി വച്ച് പിടികൂടുകയല്ലാതെ മറ്റു മാർഗം വനംവകുപ്പിന്റെ മുന്നിലില്ലായിരുന്നു. വനംവകുപ്പിനെതിരെ പ്രകൃതി സംരക്ഷണ പ്രവർത്തകർ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയതോടെ വനംവകുപ്പിന് വാർത്താ സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു. റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരാന വയനാടൻ കാടുകകളിൽ കറങ്ങി നടക്കുന്നുണ്ടെന്നും വനംവകുപ്പ് അന്ന് വ്യക്തമാക്കിയിരുന്നു.

തണ്ണീർക്കൊമ്പനെ പിടികൂടി കൊണ്ടുപോയി ഒൻപത് ദിവസം കഴിഞ്ഞപ്പോൾ മറ്റൊരാന പ്രത്യക്ഷപ്പെട്ടു. കർഷകനായ അജീഷിനെ വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നുകൊണ്ടാണ് ആനയുടെ രംഗപ്രവേശം. ഈ ആനയ്ക്ക് റേഡിയോ കോളർ ഉണ്ട്. ഇതോടെ മാനന്തവാടിക്കാരുടെ ക്ഷമകെട്ടു. അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിയപ്പോൾ ചുരുക്കം ആളുകളെ ഉണ്ടായിരുന്നുള്ളു. എന്നാൽ മൃതദേഹം ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥനും സ്ഥലത്തെത്തിയില്ല. ഇതോടെ ആളുകൾ പ്രതിഷേധിക്കാൻ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു വയ്ക്കാതെ ജാഥയായി തെരുവിലേക്കെടുത്തു.

ഒഴിവായത് വലിയ പൊട്ടിത്തെറി

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പ്രതിഷേധത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ റോഡ് ഉപരോധം തുടങ്ങിയിരുന്നു. മൃതദേഹം ആശുപത്രിയിൽനിന്നു പുറത്തേക്കു കൊണ്ടുവന്നതോടെ അതുവരെയുണ്ടായിരുന്ന സ്ഥിതി മാറി. വൻ ജനക്കൂട്ടം പ്രതിഷേധവുമായി നഗരത്തിലെത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണു പ്രതിഷേധത്തിനെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം ജില്ലാ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, ബിജെപി ജില്ലാ പ്രസിഡന്റ് എന്നിവരുൾപ്പെടെ സ്ഥലത്തെത്തിയിട്ടും ഒന്നും ചെയ്യാനാകാതെ മാറിനിൽക്കാനേ സാധിച്ചുള്ളു. ഇതിനിടെ ജില്ലാ പൊലീസ് മേധാവിയെ റോഡിൽ തടഞ്ഞു. അദ്ദേഹത്തെ സംസാരിക്കാൻ പോലും അനുവദിച്ചില്ല. ജനം പൊലീസിനെ കയ്യേറ്റം ചെയ്യുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങി. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ പ്രകോപനവും ഉണ്ടാകാതിരുന്നത് വലിയൊരു പൊട്ടിത്തെറി ഒഴിവാക്കി. പൊലീസ് മേധാവിയെ തൊട്ടുമുന്നിൽനിന്ന് പച്ചത്തെറി വിളിച്ചിട്ടുപോലും പൊലീസ് അനങ്ങിയില്ല. ഇതിനിടെയാണ് കലക്ടർ എത്തിയത്. കലക്ടറെയും ഒരു മണിക്കൂർ വെയിലത്തു നിർത്തി. വനംകവപ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥലത്തെത്തിയില്ല. എത്തിയിരുന്നെങ്കിൽ ഒരുപക്ഷേ ജനം കയ്യേറ്റം ചെയ്യുന്ന അവസ്ഥയായിരുന്നു. ഇതിനിടെ വ്യാപാരികളും ഹർത്താൽ പ്രഖ്യാപിച്ചതോടെ നഗരം സ്തംഭിച്ചു.  

ആനയെ വെടിവച്ച് കൊല്ലണം

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ അരങ്ങേറിയത് സമാനതകളില്ലാത്ത സമരം. ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉടലെടുത്തു. സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് ജില്ലാ കലക്ടർ അറിയിച്ചപ്പോൾ ജനം കൂവിവിളിച്ചു. ആനയെ വെടിവച്ചു കൊല്ലണമെന്നായിരുന്നു ആവശ്യം.

ഏകദേശം മുപ്പതു വർഷം മുമ്പ് മാനന്തവാടി നഗരത്തിലിറങ്ങി യുവാവിനെ കുത്തിക്കൊന്ന കാട്ടാനയെ വെടിവച്ചു കൊല്ലാൻ അന്നത്തെ സബ് കലക്ടർ ഉത്തരവിട്ടിരുന്നു. കലക്ടർക്കെതിരെ വനംവകുപ്പ് രംഗത്തെത്തിയെങ്കിലും കലക്ടർ നിലപാടിൽ ഉറച്ചു നിന്നു. കലക്ടറുടെ ഉത്തരവനുസരിച്ച് ആനയെ വെടിവച്ചുകൊന്നു. പ്രതിഷേധത്തിനിടെ ആളുകൾ ഇക്കാര്യം വിളിച്ചുപറയുന്നുണ്ടായിരുന്നു. അതുപോലെ കലക്ടറോട് ആനയെ വെടിവച്ചു കൊല്ലാൻ ഉത്തരവിറക്കാനായിരുന്നു ആവശ്യം. 

മടുത്ത ജനം തെരുവിൽ

പന്നിയും മാനും കുരുങ്ങും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് മൂലം മാനന്തവാടിയിലും പരിസരത്തും കൃഷി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. പല കൃഷിയിടങ്ങളും തരിശിട്ടിരിക്കുകയാണ്. കാട്ടിക്കുളം, പയ്യമ്പള്ളി, തലപ്പുഴ തുടങ്ങി പല ഗ്രാമപ്രദേശങ്ങളിലും ജനം ഇരുട്ടുവീണാൽ പുറത്തിറങ്ങാറില്ല. ആനയുടെയും കടുവയുടെ മുന്നിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും നിരവധിയാണ്. ഇതിനിടെയാണ് കർണാടകയിൽനിന്നുള്ള ആനകളെ കൂടി സഹിക്കേണ്ട ഗതികേടിലായത്. വയനാടൻ കാടുകളിലെ വന്യമൃഗങ്ങളെക്കൊണ്ട് തന്നെ ജീവിക്കാൻ സാധിക്കാതായ ജനം കർണാടകയിൽനിന്നു വന്ന ആനയുടെ ആക്രമണം കൂടി നേരിടേണ്ട അവസ്ഥയായി. ഇന്ന് മാനന്തവാടിയിൽ ഉണ്ടായത് പെട്ടെന്നുണ്ടായ പ്രതിഷേധമല്ല. ഏറെനാളുകളായി സഹിച്ചുമടുത്തിട്ടാണ് ജനം വൈകാരികമായ പ്രക്ഷോഭത്തിലേക്കെത്തിയത്. 

English Summary:

Wayanad Wild Elephant Attack Death: Reasons behind people's protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com