ADVERTISEMENT

മാനന്തവാടി∙ വയനാട്ടിലെ മണ്ണുണ്ടി കോളനിയിൽ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. രാത്രി എട്ടു മണിയോടെ അഞ്ചു യൂണിറ്റ് പട്രോളിങ്ങിന് ഇറങ്ങുമെന്ന വനംവകുപ്പിന്റെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പട്രോളിങ് സംഘത്തിന്റെ കൈവശം തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ ഉണ്ടാകുമെന്ന് പേരിയ റേഞ്ചർ അറിയിച്ചു. പട്രോളിങ് സംഘത്തിന്റെ ഫോൺ നമ്പറുകൾ വനംവകുപ്പ് നാട്ടുകാർക്ക് നൽകി.

Read also: ‘ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വനംമന്ത്രി പരാജയം, പുറത്താക്കണം’: ശശീന്ദ്രനെതിരെ എൻസിപി

തിങ്കളാഴ്ച പുലർച്ചെ ആനയെ പിടികൂടാനുള്ള ദൗത്യം പുനരാരംഭിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട് . ഇതോടെയാണ് ദൗത്യസംഘത്തെ നാട്ടുകാർ പോകാനനുവദിച്ചത്. കൊലയാളി ആനയെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ പ്രതിഷേധവുമായി നാട്ടുകാർ ദൗത്യസംഘത്തെ തടയുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷമാണ് ഇവരെ വിട്ടത്.

ഞായറാഴ്ച പകൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും ആനയെ വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന നിരന്തരം സഞ്ചരിക്കുന്നതാണു പ്രതിസന്ധിയായത്. ഏറെ നേരം ബാവലിയിൽ ഉണ്ടായിരുന്ന ആന പിന്നീട് മണ്ണുണ്ടി ഭാഗത്തെ ഉൾവനത്തിലേക്കു പോയി. 

തിരച്ചിൽ നടത്തുകയായിരുന്ന വനപാലകർ വൈകിട്ട് അഞ്ചരയോടെ വനത്തിൽനിന്നും പുറത്തുവന്നതോടെ നാട്ടുകാർ തടഞ്ഞു. ഇരുട്ടായതോടെ ദൗത്യം  അവസാനിപ്പിക്കാനായിരുന്നു വനംവകുപ്പിന്റെ നീക്കം. കർണാടക അതിർത്തിയായ ബാവലിയോടു ചേർന്നുള്ള സ്ഥലത്താണ് ആനയ്ക്കായി രാവിലെ മുതൽ തിരച്ചിൽ നടത്തിയത്. ഇതിനിടെ റേഡിയോ കോളറിലെ സിഗ്നൽ ഉപയോഗിച്ചും ആന എവിടെയാണെന്നു തിരിച്ചറിയാൻ സാധിച്ചു. എന്നാൽ ഉൾവനത്തിലായതിനാൽ വെടിവയ്ക്കാൻ സാധിച്ചില്ല.

ഉച്ചയോടെ ആനയെ വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്തിയെങ്കിലും കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആന അവിടെനിന്നു പോകുകയായിരുന്നു. ആനയെ വെടിവയ്ക്കുന്നതിനു മുന്നോടിയായി മൈസൂർ റോഡിൽ അൽപ്പനേരം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ദൗത്യം നീണ്ടതോടെ വനംവകുപ്പിനെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. വയനാട് ഡിഎഫ്ഒ ഉൾപ്പെടെയുള്ളവരെയാണ് ബാവലി ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ഉപരോധിച്ചത്.

ഇരുട്ടായതോടെ ആനയെ വെടിവയ്ക്കാനുള്ള ശ്രമം അവസാനിപ്പിക്കാനായിരുന്നു വനംവകുപ്പിന്റെ നീക്കം. വനത്തിൽനിന്നു പുറത്തുവന്ന് ദൗത്യം അവസാനിപ്പിച്ച് മടങ്ങാൻ തുടങ്ങിയ വനപാലകരെയാണ് തടഞ്ഞത്. സംഭവസ്ഥലത്തുള്ള പൊലീസ് ആളുകളെ നിയന്ത്രിച്ചു. രാത്രിയിൽ ആനയിറങ്ങി ആളുകളെ ഉപദ്രവിക്കില്ലെന്നു ഉറപ്പു നൽകാൻ സാധിക്കുമോ എന്നാണ് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്. കർണാടക വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ ബേലൂർ മഖ്ന എന്ന മോഴയാനയെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിടുകയായിരുന്നു. ഈ ആനയാണ് മാനന്തവാടിക്ക് സമീപം ഒരാളെ കൊന്നത്.

ശനിയാഴ്ച രാവിലെ ഏഴരയ്ക്കാണ് പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത്. തുടർന്ന് മൃതദേഹവുമായി നാട്ടുകാർ മാനന്തവാടി നഗരം ഉപരോധിച്ചു. ആയിരക്കണക്കിന് ആളുകളാണ് നഗരത്തിൽ തടിച്ചുകൂടിയത്. കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും എംഎൽഎയും ഉൾപ്പെടെ ജനം റോഡിൽ തട‍ഞ്ഞു. മാരത്തൺ ചർച്ചകൾക്ക് ശേഷം ശനിയാഴ്‌ച വൈകിട്ടോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ ക്യാംപിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

‍ഞായറാഴ്ച രാവിലെ തന്നെ ദൗത്യം ആരംഭിച്ചെങ്കിലും വൈകുന്നേരമായിട്ടും ആനയെ വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്താനായില്ല. ഇതിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറം (എഫ്ആർഎഫ്) ചൊവ്വാഴ്ച വയനാട് ജില്ലയിൽ മനസ്സാക്ഷി ഹർത്താലിന് ആഹ്വാനം ചെയ്തു. 

English Summary:

Attempt to capture the killer elephant in mananthavady failed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com