ADVERTISEMENT

മാനന്തവാടി∙ പടമലയിൽ കർഷകനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത് വനംവകുപ്പിന്റെ അനാസ്ഥ മൂലമെന്ന് ആരോപണം. നാട്ടുകാരും ബന്ധുക്കളുമാണ് വനംവകുപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഈ മാസം രണ്ടിനാണ് കർണാടകയിൽ നിന്നും റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആന തണ്ണീർക്കൊമ്പൻ മാനന്തവാടിയിൽ എത്തിയത്. കർണാടകയിൽ നിന്നു വന്ന ആനയാണെന്നും അതിനാൽ ആനയുടെ സ്വഭാവത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു വനംവകുപ്പ് പറഞ്ഞത്.

പിന്നീട് ആനയെ മയക്കുവെടി വച്ച് പിടികൂടിയെങ്കിലും ചരിഞ്ഞു. ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് സിസിഎഫ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിൽ കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട മറ്റൊരു മോഴയാന കൂടി വയനാട് വന്യജീവി സങ്കേതത്തിനു സമീപത്തായി ചുറ്റിത്തിരിയുന്നുണ്ടെന്ന് വ്യക്താക്കിയിരുന്നു.

wnd-elephant4
വയനാട്ടിൽ ബേലൂർ മഖ്ന ദൗത്യത്തിനു തുടക്കം കുറിച്ചപ്പോൾ

എന്നാൽ ഈ ആനയെക്കുറിച്ച് പഠിക്കാനും റോഡിയോ കോളറിൽനിന്നും സിഗ്നൽ കേരള വനംവകുപ്പിനും കൂടി ലഭ്യമാക്കുന്നതിനും ആവശ്യമായ ക്രമീകരണം നടത്തിയിരുന്നില്ല എന്നാണ് ഉയരുന്ന ആരോപണം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നൽ കേരള വനംവകുപ്പിനും ലഭിച്ചിരുന്നെങ്കിൽ ആന ജനവാസ മേഖലയിൽ ഇറങ്ങുന്നതിനെ പ്രതിരോധിക്കാമായിരുന്നു. ആനയെ പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിൽ ജനങ്ങൾക്കു മുന്നറിയിപ്പെങ്കിലും നൽകാമായിരുന്നു. കർണാടക വനംവകുപ്പിന്റെയും കേരള വനംവകുപ്പിന്റെയും കടുത്ത അനാസ്ഥയാണ് പടമല പനച്ചിയിൽ അജീഷിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് ആരോപണം. 

wnd-elephant6

വനംവകുപ്പിൽ വിശ്വാസമില്ലാത്ത ജനം

ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിൽ എത്തിക്കാമെന്ന് കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആയെങ്കിലും ആളുകൾക്ക് അതിൽ വിശ്വാസം പോര. രാത്രിയിൽ ആനയെ ഓടിച്ച് ബന്ദിപ്പൂർ കാട്ടിലേക്കു കയറ്റുമെന്നാണ് ആളുകൾ പറയുന്നത്. ആന ബന്ദിപ്പൂർ വനത്തിൽ എത്തിയാൽ, തങ്ങളുടെ പരിധിയിൽ അല്ലാത്തതിനാൽ ആനയെ വെടിവയ്ക്കാൻ സാധിക്കില്ലെന്ന നിലപാട് കേരള വനംവകുപ്പിനു സ്വീകരിക്കാം. അതിനാൽ ജനം ഇത്തവണ വളരെ കരുതലോടെയാണ് നീങ്ങുന്നത്. ആനയെ പിടികൂടുന്നതിന്റെ ഭാഗമായി നാല് കുങ്കിയാനകളെയാണ് ഒരുക്കിനിർത്തിയിരിക്കുന്നത്.

വിക്രം, സൂര്യ എന്നീ ആനകൾ പടമല പ്രദേശത്ത് എത്തി. ഭരത്, സുരേന്ദ്രൻ എന്നീ ആനകളെയും എത്തിക്കും. ആനയെ വെടിവച്ചുകൊല്ലണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചായിരുന്നു ഒരു മണിക്കൂറോളം കലക്ടറെ നടുറോഡിൽ നിർത്തിയത്. പതിവുരീതിയിൽ മയക്കുവെടി വച്ച് പിടികൂടി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി തള്ളുന്ന പരിപാടി വേണ്ട എന്നാണ് നാട്ടുകാർ പറഞ്ഞത്. ഇതോടെയാണ് കാട്ടിൽ തുറന്നുവിടുന്നതിനു പകരം മുത്തങ്ങ ആനപ്പന്തിയിലേക്ക് മാറ്റാം എന്ന് തീരുമാനമായത്. എന്നാൽ വനംവകുപ്പ് വാക്ക് പാലിക്കുമെന്ന് ജനത്തിനു വിശ്വാസമില്ല.

ചോദ്യചിഹ്നമായി റേഡിയോ കോളർ

ഒരു തവണ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കളർ ഘടിപ്പിച്ചു വിട്ട ആനയാണ് മാനന്തവാടിയിൽ ഒരാളെ കൊന്നത്. ഇതോടെ മയക്കുവെടിവച്ച് ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിടുന്ന ശ്രമകരമായ പ്രവൃത്തി എന്തിനാണെന്ന ചോദ്യം ഉയരുന്നു. ആനയെ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനോ നാട്ടിലിറങ്ങുന്നത് തടയുന്നതിനോ സാധിക്കുന്നില്ല. മാത്രമല്ല, ഇതേ ആന തന്നെ ആളുകളെ കൊല്ലുന്ന സ്ഥിതിവിശേഷവും ഉണ്ടാകുന്നു. റേഡിയോ കോളർ ഘടിപ്പിച്ചതുകൊണ്ട് വലിയ പ്രയോജനമുണ്ടായില്ലെന്നാണ് മുൻസംഭവങ്ങളും തെളിയിക്കുന്നത്. 

wnd-elephant5

വയനാട്ടിലെ കുങ്കിയാനകളായ വിക്രം, ഭരത് എന്നിവരെ പണ്ട് റേഡിയോ കോളർ ഘടിപ്പിച്ചു വിട്ടതാണ്. കല്ലൂർ കൊമ്പനാണ് താപ്പാനയായ ഭരത് ആയത്. സ്ഥിരമായി നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചതോടെയാണ് കല്ലൂർ കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ചു വിട്ടത്. ഈ ആന നാട്ടിലിറങ്ങി 2016–ൽ ഒരാളെ കൊന്നു. ഇതോടെ വീണ്ടും പിടികൂടി താപ്പാനയാക്കുകയായിരുന്നു. വടക്കനാട് കൊമ്പനെയും ഇതേ രീതിയിൽ റേഡിയോ കോളർ ഘടിപ്പിച്ചു വിട്ടതാണ്. 2018 അവസാനം ആദിവാസിക്കുട്ടിയെ കൊന്നതോടെയാണ് വടക്കനാട് കൊമ്പനെ പിടികൂടി താപ്പാനയായ വിക്രം ആക്കി മാറ്റിയത്. 2019 മാർച്ചിലാണ് വടക്കനാട് കൊമ്പനെ പിടികൂടിയത്.   

രണ്ട് പേരെ കൊല്ലുകയും നിരവധി വീടുകൾ തകർക്കുകയും ചെയ്ത തമിഴ്നാട്ടിലെ പന്തല്ലൂരിലെ അരിശിരാജയേയും റേഡിയോ കോളർ ഘടിപ്പിച്ചു വിട്ടതാണ്. ഈ ആന 2023 ജനുവരിയിൽ ബത്തേരി നഗരത്തിലെത്തി വഴിയാത്രക്കാരനെ ആക്രമിച്ചു. ഇതോടെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാംപിലേക്ക് മാറ്റി. പിഎം 2 എന്നാണ് ഈ ആന അറിയപ്പെടുന്നത്. ഒടുവിൽ തണ്ണീർക്കൊമ്പനും ബേലൂർ മഖ്ന റേഡിയോ കോളറുമായാണ് നാട്ടിലിറങ്ങിയത്.  

wnd-elephant3

പെരുകുന്ന വന്യമൃഗങ്ങൾ

1993ൽ 3500 ആനയാണ് കേരളത്തിലുണ്ടായിരുന്നത്. 2017 ലെ സെൻസസിൽ 7490 കാട്ടാനകൾ എന്നാണ് കണക്കാക്കിയത് എന്നാൽ 2023 ജൂലൈയിൽ പുറത്തുവന്ന കണക്കനുസരിച്ച് 2500 ൽ താഴെ കാട്ടാനകളെ മാത്രമാണ് എണ്ണാൻ കഴിഞ്ഞത്. അപ്പോൾ ഈ ആനകളെല്ലാം എവിടെപ്പോയി എന്ന ചോദ്യമുയരുന്നുണ്ട്. വയനാടൻ കാട്ടിൽ ആനകളുടെ എണ്ണം കുറഞ്ഞാലും നാട്ടിലിറങ്ങുന്ന ആനകളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചിട്ടുണ്ട്. ആനകൾക്കൊപ്പം പന്നിയും മാനും കുരങ്ങും ഗ്രാമങ്ങളിലേക്ക് സ്ഥിരമായി എത്തുന്നുണ്ട്.

English Summary:

Local Community in Uproar as Negligence Allegedly Leads to Tragic Death by Wild Elephant in Padamala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com