പാക്കിസ്ഥാനിൽ ആർക്കും ഭൂരിപക്ഷമില്ല; ഇമ്രാന്റെ 101 ‘സ്വതന്ത്രർ’ക്ക് ലീഡ്, സർക്കാരുണ്ടാക്കാൻ ശ്രമം
Mail This Article
ഇസ്‍ലാമാബാദ്∙ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പാക്കിസ്ഥാൻ ജനറൽ അസംബ്ലിയിലെ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന്റെ (പിടിഐ) പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരിൽ 101 പേർ വിജയിച്ചതായി റിപ്പോർട്ട്. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പിടിഐ പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ഫലം പുറത്തുവന്നത്.
പാക്ക് ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിൽ 265ൽ ആണ് വോട്ടെടുപ്പു നടന്നത്. കേവല ഭൂരിപക്ഷമായ 133 സീറ്റു വേണം സർക്കാരുണ്ടാക്കാൻ. 265 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 264 സീറ്റുകളിലെ ഫലം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. സ്ഥാനാർഥി മരിച്ചതിനാൽ ഒരു സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നില്ല. പഞ്ചാബ് പ്രവിശ്യയിലെ ഖുഷാബിലെ എൻഎ 88ലെ ഫലമാണ് ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിടാത്തത്.
മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) പാർട്ടി 75 സീറ്റുകളിൽ വിജയിച്ചതായാണ് റിപ്പോർട്ട്. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 54 സീറ്റുകളിലും കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംക്യുഎം– പി (വിഭജന സമയത്ത് ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത ഉറുദു സംസാരിക്കുന്നവരുടെ വിഭാഗം ചേർന്ന പാർട്ടി) 17 സീറ്റുകളും നേടി. ബാക്കി 12 സീറ്റുകളിൽ പ്രാദേശിക കക്ഷികളും വിജയിച്ചു.
ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ സഖ്യസർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ മൂന്നു പ്രധാന പാർട്ടികളും ശക്തമാക്കിയതായാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ നിലവിലെ പ്രതിസന്ധികളിൽനിന്ന് കരകയറ്റുന്നതിനായി സഖ്യ സർക്കാർ രൂപീകരിക്കാൻ നവാസ് ഷെരീഫിന്റെ മുസ്‌ലിം ലീഗ്–നവാസിന് പാക്ക് സേനാമേധാവി അസിം മുനീർ പിന്തുണ അറിയിച്ചു.
പ്രവിശ്യാ നിയമസഭകളിൽ, പഞ്ചാബിൽ പിഎംഎൽ–എൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിൽ സിന്ധിൽ പിപിപിയും ഖൈബർ പഖ്തൂൺഖ്വയിൽ ഇമ്രാന്റെ പിന്തുണയുള്ള സ്വതന്ത്രരും ഭൂരിപക്ഷം നേടി. ബലൂചിസ്ഥാനിൽ ആർക്കും ഭൂരിപക്ഷമില്ല. വ്യാഴാഴ്ചയാണ് പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നത്. സർക്കാരുണ്ടാക്കാൻ താൻ ശ്രമിക്കുകയാണെന്നും എത്രയും വേഗം തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കണമെന്നും ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പുതിയ മുന്നണി ഉടൻ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവർ അതിൽ ചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.