മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ 'കൂറുമാറി'; ബിഹാറിൽ വിശ്വാസ വോട്ട് നേടി നിതീഷ്: സ്പീക്കർ തെറിച്ചു
Mail This Article
പട്ന∙ ബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന ജെഡിയു – ബിജെപി സഖ്യ സർക്കാർ വിശ്വാസ വോട്ട് നേടി. 243 അംഗ സഭയിൽ 130 അംഗങ്ങളുടെ പിന്തുണ നേടിയാണ് സർക്കാർ വിശ്വാസം നേടിയത്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 122 പേരുടെ പിന്തുണയായിരുന്നെങ്കിലും, നിതീഷ് സർക്കാരിനു 130 പേരുടെ പിന്തുണ ലഭിച്ചു. പ്രതിപക്ഷ അംഗങ്ങൾ വിശ്വാസവോട്ടെടുപ്പു ബഹിഷ്കരിച്ചതിനാൽ 130–0 എന്ന നിലയിലാണ് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്.
അതേസമയം, ആർജെഡി എംഎൽഎമാരിൽ ചിലർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി. മൂന്ന് ആർജെഡി എംഎൽഎമാർ സർക്കാരിന് അനുകൂലമായി വോട്ടു ചെയ്തെന്നാണ് വിവരം. കോൺഗ്രസ്, ആർജെഡി, ഇടത് എംഎൽഎമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
ബിജെപിക്ക് 78, ജെഡിയു–45, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് നാല് സീറ്റുമാണ് ബിഹാർ നിയമസഭയിലുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയും സർക്കാരിനുണ്ട്. ആർജെഡി – കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റുകളാണുള്ളത്.
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽനിന്ന് പിൻവാങ്ങിയ നിതീഷ് കുമാർ ജനുവരി 28നാണ് ഒൻപതാം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അതിനിടെ, ബിഹാറിൽ നിയമസഭാ സ്പീക്കർ അവധ് ബിഹാരി ചൗധരിയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായി. പ്രമേയത്തെ അനുകൂലിച്ചു 125 പേരും എതിര്‍ത്തു 112 പേരും വോട്ടു ചെയ്തു. സർക്കാർ മാറിയിട്ടും തൽസ്ഥാനത്തു തുടർന്നതിനെ തുടർന്നാണു സ്പീക്കർ അവധ് ബിഹാരി ചൗധരി വിശ്വാസ വോട്ടെടുപ്പു നേരിടേണ്ടി വന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.