ADVERTISEMENT

ബെംഗളൂരു∙ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി, കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ കോടതി തടഞ്ഞു.

അതേസമയം, എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്. എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണയാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിധി പറയുന്നതു വരെ എക്സാലോജിക്കിനെതിരെ കടുത്ത നടപടി പാടില്ലെന്ന് കോടതി എസ്എഫ്ഐഒയ്‌ക്ക് നിർദ്ദേശം നൽകി. അതേസമയം, അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വിലക്കിയെങ്കിലും, അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റിന് ഉദ്ദേശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. തല്‍ക്കാലം നോട്ടിസ് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് എസ്എഫ്‌ഐഒ അറിയിച്ചു.

ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ്, വിധി പറയാനായി മാറ്റിയത്. അതേസമയം, എന്നത്തേക്കു വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനു തടസമില്ലെങ്കിലും, അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ വിധി പറയുന്നതുവരെ പാടില്ലെന്ന് എസ്എഫ്ഐഒയ്‌ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറലിനോടു കോടതി വാക്കാൽ നിർദ്ദേശിച്ചു. അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇത് വീണാ വിജയനെ സംബന്ധിച്ച് നേട്ടമാണ്. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന നിർദ്ദേശം തിരിച്ചടിയുമാണ്.

എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്ന് എക്‌സാലോജിക്ക് കോടതിയില്‍ അവകാശപ്പെട്ടു. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാമെന്നും സിഎംആര്‍എല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നല്‍കിയിട്ടുണ്ടെന്നും എക്‌സാലോജിക് അറിയിച്ചു. അതോടെ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോള്‍ അന്വേഷണപുരോഗതി അറിയില്ലെന്ന് എക്‌സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.

സിഎംആര്‍എലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നല്‍കിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നല്‍കിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് നല്‍കേണ്ടത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ വീണ നല്‍കിയ റിട്ട് ഹര്‍ജിക്കൊപ്പം ഈ സമന്‍സ് രേഖയും ഹാജരാക്കിയിട്ടുണ്ട്. ജനുവരി 31ലെ അന്വേഷണ ഉത്തരവു തന്നെ റദ്ദാക്കണമെന്നും വീണയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കാന്‍ ആധാരമായ എല്ലാ രേഖകളും കോടതി വിളിച്ചുവരുത്തി തങ്ങള്‍ക്കു കൈമാറണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

English Summary:

Exalogic Solutions: Petition of Veena Vijayan at Karnataka HighCourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com