മരണത്തിലും കൈകോർത്തു മുൻ നെതർലന്‍ഡ്സ് പ്രധാനമന്ത്രിയും ഭാര്യയും; 93–ാം വയസ്സിൽ ദയാവധം
Mail This Article
ആംസ്റ്റർഡാം∙ നെതർലൻഡ്സ് പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ ആഗ്റ്റ്, ഭാര്യ യുജെനി വാൻ ആഗ്റ്റിനൊപ്പം 93–ാം വയസ്സിൽ ദയാവധത്തിനു വിധേയനായി. 1977 മുതൽ 1982 വരെ അഞ്ചു വർഷം നെതർലൻഡ്സിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാനമന്ത്രിയായിരുന്നു ഡ്രൈസ് വാൻ.
ഇരുവരും കൈകോർത്തു പിടിച്ചാണു മരണം വരിച്ചതെന്നു ദയാവധം നടപ്പാക്കിയ മനുഷ്യാവകാശ സംഘടന ദ റൈറ്റ്സ് ഫോറം അറിയിച്ചു. ഫെബ്രുവരി അഞ്ചിനാണു ദയാവധം നടപ്പാക്കിയതെന്നാണു റിപ്പോർട്ട്. നിജ്മെഗൻ എന്ന നെതർലാൻഡ്സിലെ കിഴക്കൻ നഗരത്തില്‍ സംസ്കാര ചടങ്ങുകൾ നടന്നതായാണു വിവരം.
പലസ്തീൻ അനുകൂല നിലപാടുകളാണ് ഡ്രൈസ് വാനിനെ ഡച്ചു രാഷ്ട്രീയത്തിൽ നിന്നും തുടച്ചുനീക്കിയത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായിരുന്നെങ്കിലും പിന്നീട് അദ്ദേഹം പുരോഗമനവാദിയായി. 2019ൽ പ്രസംഗത്തിനിടെ മസ്തിഷ്ക രക്തസ്രാവമുണ്ടായി. ഇതിൽ നിന്നും മുക്തനാകാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.
അവസാനസമയത്തു ഡ്രൈസ് വാനും ഭാര്യയും അവശതയിലായിരുന്നു. 2002 മുതൽ നെതർലന്‍ഡ്സിൽ ദയാവധം നിയമാനുസൃതമാണ്. ഒരു വർഷം ആയിരം പേരെങ്കിലും ദയാവധത്തിനു വിധേയരാകുന്നുണ്ട്. ദമ്പതികൾ ഒരുമിച്ചു ദയാവധം തിരഞ്ഞെടുക്കുന്ന പ്രവണതയും രാജ്യത്തു കൂടുന്നുണ്ട്. കഴിഞ്ഞവർഷം അമ്പതോളം ദമ്പതികളാണ് ദയാവധത്തിനു വിധേയരായത്.