ഈ മാസം 19ന് ചോദ്യംചെയ്യലിനായി ഇ.ഡിക്കു മുന്നിൽ ഹാജരാകാം: ‘ഹൈ റിച്ച് ദമ്പതികൾ’ കോടതിയിൽ
Mail This Article
കൊച്ചി∙ അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ സമ്മതം അറിയിച്ച്, മണി ചെയിൻ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഹൈ റിച്ച് കമ്പനി ഉടമകളായ കെ.ഡി.പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ കോടതിയിൽ. അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തൃശൂരിലെ വസതിയിൽ റെയ്ഡിന് എത്തുന്ന വിവരം അറിഞ്ഞാണ് ഇരുവരും ഒളിവിൽ പോയത്.
ഇരുവരും സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് ഇ.ഡി വിചാരണക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ, സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് എന്നിവർ സമാനസ്വഭാവമുള്ള 19 കേസുകളിൽ കൂടി ഇവർ പ്രതികളാണെന്ന വിവരം കോടതിയെ അറിയിച്ചത്. ഇതിൽ 3 കേസുകളിൽ വിചാരണ പൂർത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇതോടെ കേസിൽ വാദം പറയാൻ പ്രതിഭാഗം കൂടുതൽ സാവകാശം തേടിയിരുന്നു.
മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് അന്വേഷണത്തിൽ പുറത്തുവരുന്നതെന്നു പ്രോസിക്യൂട്ടർ എം.ജെ.സന്തോഷ് ബോധിപ്പിച്ചു. ഈ സാഹചര്യത്തിൽ പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കുന്നത് അന്വേഷണം അട്ടിമറിക്കാൻ വഴിയൊരുക്കും. തെളിവുകൾ നശിപ്പിക്കാനും തട്ടിയെടുത്ത പണം ഒളിപ്പിക്കാനും പ്രതികൾക്കു സഹായകരമാകും.അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടി രൂപ മാത്രമാണ് ഇ.ഡി.ക്കു മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തി കണ്ടുകെട്ടാനുള്ള നടപടി ആരംഭിക്കണം. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു തെളിവെടുക്കേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
തട്ടിയെടുത്ത കോടിക്കണക്കിനു രൂപ ഹവാല വഴി വിദേശത്തേക്കു പ്രതികൾ കടത്തിയിട്ടുണ്ട്. ഇതിൽ 100 കോടി രൂപയുടെ പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളത്.