തമിഴ്നാട് ഗവർണർ നയപ്രഖ്യാപനം വായിക്കാതെ സഭയിൽനിന്ന് ഇറങ്ങിപ്പോയി
Mail This Article
ചെന്നൈ ∙ തമിഴ്നാട് ഗവർണർ ആർ.എൻ.രവി ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഡിഎംകെ സർക്കാർ തയാറാക്കിയ നയപ്രഖ്യാപനത്തോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്ന് അറിയിച്ചാണ് ഗവർണർ മടങ്ങിയത്. പിന്നാലെ സ്പീക്കറാണ് നയപ്രഖ്യാപന പ്രസംഗം വായിച്ചത്.
തമിഴിൽ പ്രസംഗം ആരംഭിച്ച ഗവർണർ സമ്മേളനം തുടങ്ങിയപ്പോൾ ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധം അറിയിച്ചു. പ്രസംഗത്തിലെ ഭാഗങ്ങളോട് വസ്തുതാപരമായും ധാർമികമായും എതിർപ്പുണ്ടെന്നും, സമ്മേളനം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ദേശീയ ഗാനം ആലപിക്കണമെന്നും ഗവർണർ നിയമസഭയെ അറിയിച്ചു. പിന്നാലെ സ്പീക്കർ എം.അപ്പാവു നയപ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ വായിക്കുകയായിരുന്നു.
ഒരു മിനിറ്റും 19 സെക്കൻഡും മാത്രമാണ് ഗവർണർ സഭയിൽ സംസാരിച്ചത്. കഴിഞ്ഞ വർഷവും സമാന രീതിയിൽ ഗവർണർ സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. അന്ന് ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം വായിച്ചത്. അതേസമയം തമിഴ്നാട് നിയമസഭയിൽ സമ്മേളനം ആരംഭിക്കുമ്പോൾ 'തമിഴ് തായ് വാഴ്ത്തും' അവസാനിപ്പിക്കുമ്പോൾ ദേശീയഗാനം ആലപിക്കുന്നതുമാണ് കീഴ്‌വഴക്കം.