ADVERTISEMENT

ആലപ്പുഴ∙ എൻ.കെ.പ്രേമചന്ദ്രനെ മോശക്കാരനാക്കാൻ ആരൊക്കെയോ ചേർന്ന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻ.കെ.പ്രേമചന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചതിൽ എന്നാണ് തെറ്റ്?. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈകൊടുത്തിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Read more at: ‘വിരുന്നിൽ പ്രേമചന്ദ്രൻ പങ്കെടുത്തതിൽ തെറ്റില്ല’

‘‘മോദിയുമായി ഉച്ചഭക്ഷണം കഴിച്ചതിൽ ഒരു തെറ്റുമില്ല. പിണറായി മോദിക്ക് കൈകൊടുത്തിട്ടുണ്ടല്ലോ. കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിക്കാണ് കൈ കൊടുത്തത്. അതൊരു സംസ്കാരമാണ്, മര്യാദയാണ്. പ്രധാനമന്ത്രിക്കൊപ്പം ഒരു എംപി ഭക്ഷണം കഴിച്ചുവെന്നതിൽ അയിത്തം ഉള്ളതായി എനിക്കു തോന്നിയിട്ടില്ല. ഭക്ഷണം കഴിക്കുന്നതിനകത്ത് വിപ്ലവം എന്തെങ്കിലും ഉണ്ടോ? പ്രേമചന്ദ്രനെ നശിപ്പിക്കാൻ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊന്നും ശരിയല്ല. ഭക്ഷണം കഴിച്ചെന്നത് പ്രേമചന്ദ്രൻ ചെയ്ത കുറ്റമായിട്ടു കരുതുന്നില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം എൻ.കെ.പ്രേമചന്ദ്രൻ എംപിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വിളിച്ചാൽ പ്രതിപക്ഷ നേതാക്കൾ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. അതുപോലെയാണു പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ.കെ.പ്രേമചന്ദ്രൻ പങ്കെടുത്തത്. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണു സിപിഎം ഇതു വിവാദമാക്കുന്നതെന്നാണ് ഇരുവരും പറഞ്ഞത്.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും നടത്തുന്ന ‘സമരാഗ്നി’യെന്ന മാർച്ചിനെക്കുറിച്ചും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ‘‘എന്തിനാണ് രണ്ടുപേരുംകൂടി മാർച്ച് നടത്തുന്നത്. ഒരാൾക്ക് നടത്തിയാൽപ്പോരെ. ബിജെപിയൊക്കെ മാർച്ച് നടത്തിയപ്പോൾ ഒരാളാണ് നടത്തിയത്. കോൺഗ്രസ് വന്നപ്പോഴെന്താണ് രണ്ടുപേര് നടത്തുന്നത്. അവിടെ നേതൃത്വം ഒരാളല്ല, രണ്ടുപേരാണ്. അവിടെ തമ്മിൽത്തല്ലല്ലേ? രമേശ് ചെന്നിത്തല ഇപ്പോഴെവിടെയാണ്? അദ്ദേഹം സൗമ്യനും മാന്യനുമായിരുന്നില്ലേ?’’ – അദ്ദേഹം പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തോട് അറിയില്ലെന്നും പത്രത്തിൽ കണ്ടെന്നുമായിരുന്നു മറുപടി. ‘‘തുഷാറിനോട് ഇക്കാര്യം ചോദിക്കാൻ വിളിച്ചിട്ട് കിട്ടിയില്ല. കൂടെയുള്ളവരോടു ചോദിച്ചപ്പോൾ അവർക്കും അറിയില്ല. അപ്രിയ സത്യങ്ങൾ കഴിയുന്നത്ര പറയാതിരിക്കുന്നതല്ലേ ഇപ്പോൾ നല്ലത്?’’ – വെള്ളാപ്പള്ളി ചോദിച്ചു.

English Summary:

Vellapally Natesan Supports N.K.Premachandran M.P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com