കാസർകോട്ടേക്ക് സ്ഥലംമാറ്റി; കെഎസ്ആർടിസി ബസ് കണ്ടക്ടർ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചു
Mail This Article
കോഴിക്കോട്∙ കെഎസ്ആർടിസി ബസ് കണ്ടക്ടറെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. കൂരാച്ചുണ്ട് സ്വദേശി അനീഷ് കുമാറാണ് മരിച്ചത്. നഗരത്തിലെ ലോഡ്ജിലാണ് അനീഷ് കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട്ടേയ്ക്ക് സ്ഥലം മാറ്റിയതാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
അനീഷിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനീഷ് കോഴിക്കോടു തന്നെയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തൊട്ടിൽപ്പാലം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അനീഷിനെ അടുത്തിടെ കാസർകോടിനു സ്ഥലം മാറ്റിയിരുന്നു. അവിടെ രണ്ടു ദിവസം ജോലി ചെയ്ത ശേഷം കോഴിക്കോട്ടേയ്ക്കു തിരികെ വരികയായിരുന്നു. അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)