ന്യൂഡൽഹി∙ കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകാൻ കർഷകരോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സന്ധി സംഭാഷണത്തിലൂടെ ഖത്തറിൽ നിന്ന് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവന്ന കാര്യം പരാമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ നിർദേശം. കർഷകർ പുതിയ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നതുകൊണ്ടാണ് ചർച്ച നീണ്ടുപോകുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി സമരക്കാർ അക്രമങ്ങളിലേക്ക് തിരിയരുതെന്നും ആവശ്യപ്പെട്ടു.
വധശിക്ഷ കാത്ത് ഖത്തർ ജയിലിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരാമെങ്കിൽ, റഷ്യ–യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്നിൽ കുടുങ്ങിയ 27,000 ഇന്ത്യക്കാരെ ഓപ്പറേഷൻ ഗംഗയിലൂടെ രക്ഷപ്പെടുത്തി കൊണ്ടുവരാൻ കഴിയുമെങ്കിൽ, കോവിഡ് കാലത്ത് കോടിക്കണക്കിന് ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കുമെങ്കിൽ. ഇതെല്ലാം ചർച്ചകളിലൂടെ സാധിച്ചതാണ്. അതുകൊണ്ട് എന്റെ കർഷക സഹോദരന്മാരോട് കേന്ദ്രവുമായി ചർച്ച തുടരാൻ ഞാൻ അഭ്യർഥിക്കുകയാണ്.’’ അനുരാഗ് ഠാക്കൂർ പറഞ്ഞു.
കേന്ദ്രമന്ത്രിമാർ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനായി രാത്രി വരെ ഇരുന്നെങ്കിലും കർഷകരുടെ പ്രതിനിധികൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് അദ്ദേഹം ആരോപിച്ചു. തുടർച്ചയായ ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമസമാധാന പാലനത്തിന് വേണ്ടിയാണ് പൊലീസ് ഇരുമ്പുവേലികളും ബാരിക്കേഡുകളും സ്ഥാപിക്കുന്നത്. രാജ്യത്തിന് നഷ്ടം വരുത്തിവയ്ക്കുമെന്നതിനാൽ അക്രമങ്ങളിലേക്ക് കർഷകർ തിരിയരുത്. സമരം കാരണം നിരവധി സാധാരണക്കാരാണ് ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത്, ഇക്കാര്യങ്ങൾ കർഷകർ ശ്രദ്ധിക്കണം. അനുരാഗ് പറഞ്ഞു.
പഞ്ചാബ്: കഴിഞ്ഞ തവണ 13 ൽ 2 സീറ്റു നേടിയ ബിജെപി ഇത്തവണ മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരിന്ദർ സിങ്, പിസിസി അധ്യക്ഷനായിരുന്ന സുനിൽ ഝാക്കർ എന്നിവരെ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദളിനെ തിരിച്ചു കൊണ്ടുവരാനുള്ള പിന്നാമ്പുറ ചർച്ചകൾ തകൃതിയായി നടക്കുന്നു. അതിനിടയിൽ വന്ന കർഷക സമരം പഞ്ചാബിൽ നേട്ടം കൊയ്യാനുള്ള നീക്കത്തിനു തടസ്സമാകും.
ഹരിയാന: ഇടഞ്ഞു നിൽക്കുന്ന സഖ്യകക്ഷി ജെജെപിക്കു കർഷകർക്കൊപ്പമല്ലാതെ നിലപാടെടുക്കാൻ കഴിയില്ല. കഴിഞ്ഞ തവണ പത്തിൽ പത്തും നേടിയ ഹരിയാനയിൽ സമരം മത്സരം കടുപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും അധികം ദൂരമില്ല.
രാജസ്ഥാൻ: ജാട്ട് കർഷകർ സമരത്തിനു പിന്തുണ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ അവിടെ 25ൽ ഒരു സീറ്റൊഴികെ നേടിയത് ബിജെപിയാണ്.
പശ്ചിമ യുപി:എസ്പി ശക്തികേന്ദ്രങ്ങളായ രണ്ടോ മൂന്നോ സീറ്റുകളല്ലാതെ മറ്റെല്ലാം ബിജെപിയാണു ജയിച്ചത്. ഉപതിരഞ്ഞെടുപ്പുകളിൽ എസ്പിയുടെ സീറ്റുകളിലും ബിജെപി ജയിച്ചു. എന്നിട്ടും ഒന്നാം കർഷക സമരത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ യുപിയിൽ എസ്പി നേട്ടമുണ്ടാക്കി. ലോക്സഭയിൽ അതാവർത്തിക്കാതിരിക്കാൻ ആർഎൽഡിയെ ഇന്ത്യ മുന്നണിയിൽനിന്ന് അടർത്തിയെടുത്ത ആശ്വാസത്തിനിടയ്ക്കാണു സമരം.
അധികാരത്തിലെത്തുകയാണെങ്കിൽ കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. യുപിഎ സർക്കാർ അധികാരത്തിലിരുന്ന കാലത്ത് സ്വാമിനാഥൻ കമ്മിഷന്റെ നിർദേശങ്ങൾ പോലും നടപ്പാക്കിയില്ല. അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ അധികാരത്തിൽ വരാനും പോകുന്നില്ല, കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാനും പോകുന്നില്ല. അനുരാഗ് പറഞ്ഞു.
കർഷകരുടെ ആദ്യ പ്രക്ഷോഭത്തിന്റെ ഭാഗമായി മനോരമ ഓൺലൈൻ നൽകിയ എക്സ്‌പ്ലെയിനർ വിഡിയോ കാണാം
കർഷകസമരം 2.0
വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന സമരത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘ദില്ലി ചലോ’ മാർച്ച്. അന്നു നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇപ്പോഴത്തെ സമരം.
150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. പഞ്ചാബിലാണു സമരത്തിന്റെ ഏകോപനം. 2020–21 കാലത്തെ സമരത്തിനു നേതൃത്വം നൽകിയിരുന്ന സംയുക്ത കിസാൻ മോർച്ച 2022 ജൂലൈയിൽ പിളർന്നിരുന്നു.
എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വീണ്ടും പ്രാബല്യം, വൈദ്യുതി സ്വകാര്യവൽക്കരണ ഭേദഗതി ബിൽ പിൻവലിക്കൽ എന്നിവയാണ് 12 ആവശ്യങ്ങളിൽ പ്രധാനം.
English Summary:
Union Minister Anurag Thakur urges farmers to hold talks with the Centre
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.