ജമ്മുകശ്മീരിൽ ശക്തമായ പോരാട്ടത്തിനു സാധ്യത; ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ എന്ന് പ്രവചനം
Mail This Article
ശ്രീനഗർ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ജമ്മുകശ്മീരിൽ ശക്തമായ പോരാട്ടത്തിനു സാധ്യത എന്ന് റിപ്പോർട്ട്. ജമ്മു–കശ്മിരിൽ ആകെയുള്ള അഞ്ചു സീറ്റുകളിൽ മൂന്നു സീറ്റ് ഇന്ത്യമുന്നണിയും രണ്ടു സീറ്റ് എൻഡിഎയും നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജമ്മു കശ്മീര്‍ നാഷനൽ കോൺഫറൻസ് ഇത്തവണ ഇന്ത്യ മുന്നണിയുടെ ഭാഗമായത് പ്രതിപക്ഷത്തിനു പ്രതീക്ഷ നൽകുന്നതാണെന്നാണ് വിലയിരുത്തൽ.
2019– ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം ലഡാക്ക് ഉൾപ്പെടെയുള്ള ആറ് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ എന്‍ഡിഎയും മൂന്നെണ്ണത്തിൽ ജമ്മു–കശ്മീർ നാഷനൽ കോൺഫറൻസുമാണ് വിജയിച്ചത്. കോൺഗ്രസിനു കശ്മീരിൽ ഒരുസീറ്റു പോലും നേടാനായില്ല. ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തിൽ മൂന്നു ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 46 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. ഇത്തവണ അത് 49 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
2019ൽ അഞ്ചുഘട്ടങ്ങളിലായിരുന്നു കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 11,18,23,29, മെയ്6 എന്നീ തീയതികളിലായിരുന്നു വോട്ടെടുപ്പ്. അതേവർഷം ഓഗസ്റ്റിലായിരുന്നു ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു–കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയത്. പ്രത്യേകപദവിയുള്ള ഇന്ത്യൻ സംസ്ഥാനമെന്ന നിലയിൽ കശ്മീരിലെ അവസാന തിരഞ്ഞെടുപ്പായിരുന്നു ഇത്.
കേന്ദ്രം സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതികളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനും പ്രതികരണം അറിയുന്നതിനുമായി ‘‘ഗാവ് ചലോ അഭിയാൻ’’ എന്ന പേരിൽ ബിജെപി സർവേ നടത്തിയിരുന്നു. പതിനായിരത്തോളം പാർട്ടി പ്രവർത്തകർ ഇതിൽ പങ്കാളികളായി. ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ ബിജെപി ജമ്മു–കശ്മീർ ജനറൽ സെക്രട്ടറി അശോക് കൗൾ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.