രണ്ടാം ദിനം ഡ്രോണുകളിൽ കണ്ണീർവാതക പ്രയോഗം; കൂറ്റൻ പട്ടങ്ങൾ പറത്തി തകർക്കാൻ കർഷകർ
Mail This Article
ന്യൂഡൽഹി∙ ‘ദില്ലി ചലോ’ മാർച്ചിനായി എത്തുന്ന കർഷകരെ തുരത്താൻ ഹരിയാന പൊലീസ് ഡ്രോണുകൾ ഉപയോഗിച്ച് വൻതോതിൽ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുന്നതിനിടെ, പൊലീസ് നടപടിയെ നേരിടാൻ ‘പട്ടം’ ആയുധമാക്കി കർഷകർ. കണ്ണീർ വാതക ഷെല്ലുകളുമായി ഉയർത്തിയ ഡ്രോണുകൾ വലിച്ചു താഴെയിടാൻ കർഷകർ കൂറ്റൻ പട്ടങ്ങൾ ആകാശത്തേക്ക് ഉയർത്തി. അതിൽ ഒരു പട്ടത്തിൽ കാനഡയുടെ പതാകയുമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ഇന്നു പുലർച്ചെയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതായി കർഷകർ വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമേ ജലപീരങ്കിയും പ്രയോഗിക്കുന്നുണ്ട്.
ഇതിനു പുറമേ പ്രധാന റോഡുകളിൽ ഉൾപ്പെടെ വ്യാപക തടസങ്ങൾ തീർത്താണ് കർഷക മുന്നേറ്റം തടയാൻ പൊലീസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ബാരിക്കേഡുകൾ നിരത്തിയും കണ്ടെയ്നറുകൾ റോഡുകളിൽ നിരത്തി അതിൽ മണൽ നിറച്ചും റോഡുകളിൽ വ്യാപകമായി കുഴികളുണ്ടാക്കിയും മാർഗതടസം സൃഷ്ടിക്കാനാണ് ശ്രമം.
അതേസമയം, ആറു മാസം കഴിഞ്ഞൂ കൂടാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റും സംവിധാനങ്ങളും കരുതിയാണ് ‘ദില്ലി ചലോ’ മാർച്ചിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്നുള്ള കർഷകർ ട്രാക്ടറുകളിൽ പുറപ്പെട്ടത്. സംസ്ഥാന അതിർത്തിയിൽ പഞ്ചാബ് സർക്കാർ കൂടുതൽ ആശുപത്രി സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഒട്ടേറെ ആംബുലൻസുകളും തയാറാക്കി നിർത്തിയിട്ടുണ്ട്.
∙ സൈനിക ശക്തി പ്രയോഗിക്കുന്നു
കർഷകർക്ക് നേരെ സർക്കാർ സൈനിക ശക്തി പ്രയോഗിക്കുകയാണെന്നാണ് സമര നേതാവ് സർവാൻ സിങ് പാന്ധേർ ഇന്നു പറഞ്ഞത്. അവർ കണ്ണീർവാതക ഷെല്ലുകളും റബർ ബുള്ളറ്റുകളും കൊണ്ടാണ് ഞങ്ങളെ നേരിടുന്നത്. ഒന്നുകിൽ മിനിമം താങ്ങുവിലയ്ക്ക് നിയമം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം. അല്ലെങ്കിൽ പ്രതിഷേധിക്കാൻ അനുവദിക്കണം. സമാധാനപരമായാണ് ഞങ്ങൾ സമരം ചെയ്യുന്നത്, അത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
∙ ജനജീവിതം തടസപ്പെടുത്തരുത്
എന്നാൽ, കർഷകർ ജനങ്ങളുടെ സാധാരണ ജീവിതം തടസപ്പെടുത്തി സമരം ചെയ്യരുതെന്നാണ് കേന്ദ്ര കൃഷി സഹമന്ത്രി അർജുൻ മുണ്ട പറഞ്ഞത്. ജനജീവിതം തടസപ്പെടുത്തിയുള്ള സമരം ഫലം കാണില്ലെന്നും മന്ത്രി പറഞ്ഞു. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ക്രിയാത്മകമായ ചർച്ചകൾക്കു തയാറാണെന്നും മന്ത്രി പറഞ്ഞു.
∙ ഡൽഹിയിലും കനത്ത സുരക്ഷ
ഡൽഹിയിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. സെൻട്രൽ ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലെല്ലാം സിഐഎസ്എഫിനു പുറമെ പൊലീസുകാരെയും കൂടുതൽ നിയോഗിച്ചിട്ടുണ്ട്. ഡൽഹിയുടെ അതിർത്തികളിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കോൺക്രീറ്റ് ബാരിക്കേഡുകൾ, മണ്ണു നിറച്ച ചാക്കുകൾ, ട്രഞ്ചുകൾ എന്നിവ നിരത്തിയാണ് പൊലീസ് അതിർത്തികളടച്ചിരിക്കുന്നത്.
∙ പിന്തുണയറിയിച്ച് രാഹുൽ
പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ ഗുർമേഷ് സിങ് എന്ന കർഷകനുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. തങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചു വിവരിച്ച ഗുർമേഷ് സിങ്ങിനോട് ഭയപ്പെടേണ്ട, തങ്ങൾ ഒപ്പമുണ്ടെന്ന ഉറപ്പാണു രാഹുൽ നൽകിയത്. രാജ്യത്തിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിനു വേണ്ടിയാണ് നിങ്ങൾ സമരം ചെയ്യുന്നത്. മുൻപും നിങ്ങൾ രാജ്യത്തിനു വേണ്ടി പ്രവർത്തിച്ചു. ഇപ്പോഴും അതു തന്നെ ചെയ്യുന്നു. നല്ലതേ വരൂ– രാഹുൽ പറഞ്ഞു. രാഹുൽ കർഷക സമരത്തിൽ പങ്കെടുക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.
∙ ആകാശത്ത് നിന്നരുത്
ഹരിയാന അതിർത്തിയിൽ നിന്നു പഞ്ചാബിലേക്ക് കണ്ണീർവാതക ഷെല്ലുകളുമായി ഡ്രോണുകൾ വിടരുതെന്ന് അംബാല ഡപ്യൂട്ടി പൊലീസ് കമ്മിഷണറോട് പട്യാല ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ഷൗക്കത് അഹമ്മദ് പാറെ ആവശ്യപ്പെട്ടു. ഹരിയാനയിലെ ഏഴു ജില്ലകളിൽ 15 വരെ ഇന്റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്.
∙ കർഷകർക്ക് വേണ്ടി സ്വാമിനാഥന്റെ മകൾ
കർഷകരോട് ക്രിമിനലുകളോടെന്ന പോലെ പെരുമാറരുത് എന്നാവശ്യപ്പെട്ട് എം.എസ്. സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥൻ രംഗത്തെത്തി. കർഷകരെ ഒപ്പം നിർത്തി വേണം സ്വാമി നാഥനെ ആദരിക്കാനെന്നാണ് അവർ പറഞ്ഞത്. അന്നദാതാക്കളെ ക്രിമിനലുകളായി കണക്കാക്കരുത്. കർഷകരെ തടയുന്നതിനായി സംസ്ഥാന അതിർത്തിയിൽ ബാരിക്കേഡുകളും ഹരിയാനയിൽ ജയിലുകളും ഒരുക്കിയിരിക്കുന്നു. രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞർ ഉൾപ്പെടെ കർഷകരുമായി സംസാരിക്കാൻ തയാറാകണം. അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തണമെന്നും മഥുര സ്വാമിനാഥൻ പറഞ്ഞു.