ബേലൂര്‍ മഖ്നയ്ക്കു ‘സുരക്ഷ’യൊരുക്കി മോഴയാന, ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു– വിഡിയോ
Mail This Article
മാനന്തവാടി∙ കൊലയാളി കാട്ടാനയായ ബേലൂർ മഖ്നയ്ക്ക് സുരക്ഷയൊരുക്കി മറ്റൊരു മോഴയാന. ഈ ആന മയക്കുവെടി സംഘത്തെ ആക്രമിക്കാൻ തിരിയുന്ന വിഡിയോ പുറത്തുവന്നു. ബുധനാഴ്ചയാണ് ബേലൂർ മഖ്നയ്‌ക്കൊപ്പമുള്ള മോഴയാന മയക്കുവെടി സംഘത്തിനു നേരെ തിരിഞ്ഞത്. ആർആർടി സംഘം വെടിയുതിർത്ത് ശബ്ദമുണ്ടാക്കി ആനയെ തുരത്തുകയായിരുന്നു.
Read Also: വന്യമൃഗആക്രമണം: വയനാട്ടിൽ കഴിഞ്ഞ 5 മാസത്തിനിടെ കൊല്ലപ്പെട്ടത് 5 പേർ; കടുത്ത ആശങ്ക
മറ്റൊരാന കൂടെയുള്ളതാണു ബേലൂർ ആനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഏറെ ദുഷ്കരമാക്കുന്നതെന്ന് വനംവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പ് മോഴയെ വെടിയുതിർത്ത് ഓടിക്കുന്നതിന്റെ ദൃശ്യം പുറത്തുവിട്ടത്. 200 പേരടങ്ങുന്ന ദൗത്യസംഘമാണ് ആനയെ പിടിക്കാൻ നാലു ദിവസമായി ബാവലി, കാട്ടിക്കുളം എന്നിവിടങ്ങളിലെ കാടുകളിലൂടെ ശ്രമം നടത്തുന്നത്. അടിക്കാട് നിറഞ്ഞ പ്രദേശത്താണ് ബേലൂർ മഖ്ന നിലയുറപ്പിച്ചത്. ഇതിനിടെയാണ് രണ്ട് ദിവസമായി മറ്റൊരു മോഴയാനയും കൂടെ കൂടിയത്. ഇതോടെ മയക്കുവെടി വയ്ക്കൽ ദൗത്യം ഏറെ ശ്രമകരമായി നീണ്ടുപോകുകയാണ്.
ശനിയാഴ്ചയാണ് പടമല പനച്ചിയിൽ അജീഷനെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. ഞായാറാഴ്ച രാവിലെ മയക്കുവെടി വയ്ക്കാൻ ആരംഭിച്ച ശ്രമം ബുധനാഴ്ചയും വിജയിച്ചില്ല. കർണാടക വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ട ആനയാണ് ബേലൂർ മഖ്ന.