കമൽ കാന്ത് ബത്ര അന്തരിച്ചു; ‘കാർഗിൽ ഹീറോ’ ക്യാപ്റ്റൻ വിക്രം ബത്രയുടെ മാതാവ്
Mail This Article
ന്യൂഡൽഹി∙ കാർഗിൽ യുദ്ധത്തിലെ വീരജവാൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ മാതാവും ആംആദ്മി പാർട്ടി മുന്‍നേതാവുമായ കമല്‍ കാന്ത് ബത്ര (77) അന്തരിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് കമൽ കാന്ത് ബത്രയുടെ മരണവിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
‘‘വളരെ ദുഃഖകരമായ വാർത്തയാണിത്. ക്യാപ്റ്റൻ വിക്രം ബത്രയുടെ മാതാവ് കമൽ കാന്ത് മിത്ര വിടപറഞ്ഞിരിക്കുന്നു. അവരുടെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നു. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് സർവശക്തനായ ദൈവം ആ കുടുംബത്തിനു നൽകട്ടെ.’’– സുഖ്‌വിന്ദർ സിങ് സുഖു കുറിച്ചു.
2014ലെ പൊതുതിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ ഹാമിർപുരിൽനിന്ന് ആംആദ്മി പാർട്ടി സ്ഥാനാർഥിയായി കമൽ കാന്ത് മിത്ര മത്സരിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഏതാനും മാസങ്ങൾക്കകം തന്നെ അവർ പാർട്ടി വിട്ടു. പാർട്ടി രൂപികരണ സമയത്തെ നയങ്ങളിൽനിന്ന് വ്യതിചലിച്ചതായും പാർട്ടിയുടെ ദേശീയതലത്തിലെ പ്രവർത്തനങ്ങളിൽ അപ്രിയം പ്രകടിപ്പിച്ചുമാണ് കമൽ കാന്ത് ബത്ര പാർട്ടി വിട്ടത്. മോദിയാണ് ശരിയെന്നും ദേശീയതയിലും രാജ്യസ്നേഹത്തിലും ഊന്നിയ പ്രവർത്തനമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടാകുന്നെന്നും അവർ പറഞ്ഞു. വീരജവാന്മാരുടെ കുടുംബത്തെ സംരക്ഷിച്ചത് മോദിയുടെ നയങ്ങളായിരുന്നു എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
24–ാം വയസ്സിൽ കാർഗിൽ യുദ്ധത്തിലാണ് അവരുടെ മകൻ ക്യാപ്റ്റൻ വിക്രം ബത്ര കൊല്ലപ്പെട്ടത്. മരണാനന്തര ബഹുമതിയായ പരമവീർചക്രം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കാർഗില്‍ സിംഹം, കാർഗില്‍ ഹീറോ എന്നെല്ലാമാണ് ക്യാപ്റ്റൻ വിക്രം ബത്ര അറിയപ്പെടുന്നത്. കൂടെയുണ്ടായിരുന്ന സൈനികന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിക്രം ബത്ര കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ജീവിത കഥ ആസ്പദമാക്കി 2021ൽ പുറത്തിറങ്ങിയ സിനിമയാണ് ഷേർഷാ.