ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിന് അർഹതയുണ്ടെന്ന് ആർജെഡി; സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഇ.പി
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിന് ആര്‍ജെഡിക്ക് അര്‍ഹതയുണ്ടെന്ന് സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്. മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് നല്ല അടിത്തറയുണ്ട്. 2019 ലെ സിപിഎം നേതൃത്വമാണ് സീറ്റ് വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇതിന്‍റെ പേരില്‍ മുന്നണി വിടില്ലെന്നും ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡ് – കോര്‍പറേഷന്‍ പദവികള്‍ ഒഴിയുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും വര്‍ഗീസ് ജോര്‍ജ് മനോരമ ന്യൂസിനോടു പറഞ്ഞു. വാഗ്ദാനം ചെയ്ത ലോക്സഭാ സീറ്റ് തരാത്തതിലും ഉഭയകക്ഷി ചര്‍ച്ചവേണം എന്ന ആവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് ആര്‍ജെഡി ബോര്‍ഡ്–കോര്‍പറേഷന്‍ പദവികള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്.
Read Also: ‘ഇതാണോ മോദി ഗാരന്റി, കന്റീനിൽ സംഭവിച്ചതെന്ത്?: പിണറായി ആസ്വദിക്കുകയാണ്; കുന്തമുന രാഹുൽ’
അതേസമയം, സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആര്‍ജെഡിയുടെ അവകാശവാദം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തള്ളി. താന്‍ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സീറ്റ് തരാമെന്ന് ഇടതുമുന്നണി മുന്‍കൂട്ടി പറയാറില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
‘‘ഇപ്പോഴത്തെ കണ്‍വീനറാകില്ല അങ്ങനെയൊരു കാര്യം പറഞ്ഞത്. അഭിപ്രായങ്ങൾ പറയുന്നത് ഒരു തെറ്റായ പ്രവണതയല്ല. അവർ അവരുടെ അഭിപ്രായം പറഞ്ഞു. അത് എൽഡിഎഫിന് എതിരല്ല. ആർജെഡിക്ക് എന്തെങ്കിലും കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെങ്കിൽ അത് ചർച്ച ചെയ്യും.’’– ഇ.പി. ജയരാജൻ വ്യക്തമാക്കി.